ദുബായ് : യു.എ.ഇയിൽ ബാങ്കുമായുള്ള ഡിജിറ്റൽ പണമിടപാടിന് ഒറ്റത്തവണ ഉപയോഗിക്കാവുന്ന പാസ്‌വേഡ്, അഥവാ ഒ.ടി.പി അയക്കുന്ന സമ്പ്രദായം അവസാനിക്കുന്നു. ഒ.ടി.പി എസ്.എം.എസായോ ഇ മെയിൽ വഴിയോ അയക്കുന്ന രീതി ഘട്ടം ഘട്ടമായി അവസാനിപ്പിക്കാനാണ് യു.എ.ഇ സെൻട്രൽ ബാങ്ക് നൽകിയിരിക്കുന്ന നിർദേശമെന്ന് ‘ഇമാറാത് അൽ യൗമ്’ റിപ്പോർട്ടിൽ പറഞ്ഞു.വെരിഫികേഷൻ ഇനി മുതൽ ആപ്പ് വഴിയായിരിക്കും നടത്തുക. ഇന്ന് മുതൽ പുതിയ രീതി നടപ്പാക്കിത്തുടങ്ങും. എല്ലാ പ്രാദേശിക-അന്തർദേശീയ ഓൺലൈൻ സാമ്പത്തിക ഇടപാടുകൾക്കും ഈ മാറ്റം ബാധകമാകും.പണമിടപാടിന് ബാങ്ക് അംഗീകാരം നൽകുന്നതിന് ഉപയോക്താക്കൾ ആപ്പ് അധിഷ്ഠിത സ്ഥിരീകരണ സംവിധാനം പ്രവർത്തന ക്ഷമമാക്കണം. ഡിജിറ്റൽ ധന വിനിമയം നടത്തണമെങ്കിൽ ഇനി മുതൽ ബാങ്കിന്റെ മൊബൈൽ ആപ്പ് കൂടിയേ തീരൂ.