ഉമ്മുൽഖുവൈൻ: പുതിയ സംരംഭകരെ ലക്ഷ്യമാക്കി കുറഞ്ഞ നിരക്കിൽ നിരവധി ഫ്രീ സോൺ ബിസിനസ് ലൈസൻസുകൾ അവതരിപ്പിച്ച് ഉമ്മുൽഖുവൈൻ സർക്കാരിന്റെ ഫ്രീ ട്രേഡ് സോൺ. സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭകരെ ലക്ഷ്യമാക്കി 5,500 ദിർഹമിന് പുറത്തിറക്കിയ ബിസിനസ് ലൈസൻസിൽ കോ-വർക്കിംഗ് ഏരിയ, ബാങ്ക് അക്കൗണ്ട് തുറക്കാൻ സഹായം,100 ശതമാനം വിദേശ ഉടമസ്ഥാവകാശം, വിദൂര കമ്പനി രൂപീകരണം എന്നിവ ഉറപ്പ് നൽകുന്നുവെന്ന് ജനറൽ മാനേജർ ജോൺസൺ.എം ജോർജ് അറിയിച്ചു.
ബിസിനസ് രംഗത്തേക്ക് പ്രവേശിക്കാൻ ആഗ്രഹിക്കുന്ന പുതിയ സംരംഭകർക്ക് ഏറെ സഹായകമാകുന്ന ലൈസൻസ് പുതുക്കാനും ഇതേ തുക നൽകിയാൽ മതിയാകും. ഒരു ദിവസത്തിനുള്ളിൽ ലഭിക്കുന്ന ലൈസൻസിൽ വിസ ലഭിക്കില്ല. പൂർണമായും നിയമപരവും ചെലവ് കുറഞ്ഞതുമായ കൊമേഴ്‌സ്യൽ ലൈസൻസാണ് തങ്ങൾ വാഗ്ദാനം ചെയ്യുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

7,000 ദിർഹമിന് ലഭിക്കുന്ന രണ്ടാമത്തെ പാക്കേജ് ചെറു വ്യാപാരികൾക്കും ഇന്റർനാഷണൽ ട്രേഡർമാർക്കും ഇ-കൊമേഴ്‌സ് സെല്ലേഴ്‌സിനും സപ്ലൈ ചെയിൻ/പ്രൊക്യൂർമെന്റ് രംഗത്തുള്ളവർക്കും ഉതകുന്ന തരത്തിൽ രൂപകൽപന ചെയ്ത ട്രേഡ് ലൈസൻസാണ്. സ്ഥാപനം തുടങ്ങുന്നതിനായി യു.എ.ഇയിൽ ശാരീരികമായി ഉണ്ടായിരിക്കണമെന്ന നിർബന്ധമില്ല. ഈ ലൈസൻസിൽ ഒന്നിലധികം പ്രവൃത്തികൾ അനുവദനീയമാണ്. കമ്പനി രജിസ്ട്രേഷനും ലീസ് കരാർ പ്രകാരമുള്ള പ്രവർത്തന സ്ഥലവും ലഭിക്കും. കൂടാതെ, ബാങ്ക് അക്കൗണ്ട് തുറക്കുന്നതിനുള്ള സഹായവും ലഭിക്കും. ഫ്ലെക്സിബിൾ ഷെയർ ഹോൾഡർ ഘടന (50 ഷെയർ), കൂടാതെ, എപ്പോൾ വേണമെങ്കിലും ലൈസൻസ് അപ്‌ഗ്രേഡ് ചെയ്യാനുള്ള സാധ്യത എന്നിവയുമുണ്ട്. ആദ്യം മുതൽ ആരംഭിക്കാതെ തന്നെ വിസ ഇൻക്ലൂസിവ് ലൈസൻസിലേക്ക് മാറാനും കഴിയും. യു.എ.ഇയുടെ ഇറക്കുമതി-കയറ്റുമതി ചാനലുകൾ ഉപയോഗിക്കാനോ, വിദൂര വ്യാപാര പ്രവർത്തനം സ്ഥാപിക്കാനോ ആഗ്രഹിക്കുന്നവർക്ക് ഏറെ സഹായകമാകുന്ന ലൈസൻസാണിത്. ലൈസൻസ് ഫീസ് തവണ വ്യവസ്ഥയിൽ അടക്കാനുള്ള സൗകര്യവും ഉമ്മുൽഖുവൈൻ ഫ്രീ ട്രേഡ് സോണിൽ ഒരുക്കിയിട്ടുണ്ട്. മൂന്നാമത്തേത്ത്, ഫ്രീലാൻസ് പെർമിറ്റ് ആണ്. ഒരു വ്യക്തിയെ ഒരു ഫ്രീലാൻസ് പ്രൊഫഷണലായി ജോലി ചെയ്യാനും, സ്വന്തം ജന്മനാമത്തിൽ ബിസിനസ് നടത്താനും അനുവദിക്കുന്നു. സാങ്കേതിക വിദ്യ, മാധ്യമം, ടിവി, ചലച്ചിത്ര മേഖല എന്നിവിടങ്ങളിൽ നിന്നുള്ള വ്യക്തികളെ ലക്ഷ്യമാക്കിയാണ് ഫ്രീലാൻസ് സംരംഭത്തിന്റെ ലക്ഷ്യം. പ്രോഗ്രാമർമാർ, വെബ് ഡെവലപർമാർ, ഡിസൈനർമാർ, എഴുത്തുകാർ, ഡാറ്റാ എൻട്രി സ്റ്റാഫ് തുടങ്ങി വിവിധ മേഖലകളിൽ ലൈസൻസുള്ള ഫ്രീലാൻസ് തൊഴിലാളികളെ നിയമിക്കാൻ പല കമ്പനികളും കൂടുതൽ ശ്രമിക്കുന്നതിനിടയിലാണ് ഉമ്മുൽ ഖുവൈൻ ഫ്രീ ട്രേഡ് സോൺ ഫ്രീ ലാൻസ് പെർമിറ്റ് പരിചയപ്പെടുത്തുന്നതെന്നും അദ്ദേഹം വിശദീകരിച്ചു. ഫ്രീലാൻസ് പെർമിറ്റിന് പെർമിറ്റ് ഉടമയ്ക്ക് 1 വിസ (2 വർഷത്തെ വിസ) ലഭിക്കും. പെർമിറ്റ് ഉടമയ്ക്ക് അവരുടെ ആശ്രിതരായ പങ്കാളി, കുട്ടികൾ, മാതാപിതാക്കൾ, വീട്ടുജോലിക്കാർ എന്നിവരെ സ്പോൺസർ ചെയ്യാൻ കഴിയും. ഉടമക്ക് യു.എ.ഇയിലോ, അല്ലെങ്കിൽ ലോകത്തെവിടെയും താമസിക്കാനും ജോലി ചെയ്യാനും കഴിയും. അപേക്ഷിക്കുന്നതിനും പെർമിറ്റ് നേടുന്നതിനും ക്ലയന്റിന്റെ ശാരീരിക സാന്നിധ്യം ആവശ്യമില്ല. ഫ്രീലാൻസ് പെർമിറ്റിന് കീഴിൽ 2 അനുബന്ധ പ്രവർത്തനങ്ങൾ തെരഞ്ഞെടുക്കാൻ ഉടമയ്ക്ക് കഴിയും. നടൻ, കലാകാരൻ, നൃത്ത സംവിധായകൻ, കംപോസർ, ഇവൻ്റ് പ്ലാനർ, മേക്കപ് ആർട്ടിസ്റ്റ്, സംഗീതജ്ഞൻ, ഫോട്ടോഗ്രാഫർ, വിവർത്തകൻ, വെബ് ഡിസൈനർ, ട്യൂട്ടർ എന്നിവർക്ക് ഈ പെർമിറ്റ് ലഭിക്കും.