അബൂദബി: അബൂദബിയിലെ ലിവ മേഖലയിൽ പൊതു റോഡിൽ അപകടകരമായ അഭ്യാസങ്ങൾ നടത്തിയതിനും, അശ്രദ്ധമായി വാഹനം ഓടിച്ചതിനും ഒരു സംഘം ഡ്രൈവർമാരെ അബൂദബി പൊലിസ് അറസ്റ്റ് ചെയ്തു. ഇപ്രകാരം വാഹനമോടിക്കുന്നവർ തങ്ങളുടെ മാത്രമല്ല, മറ്റ് റോഡ് ഉപയോക്താക്കളുടെയും ജീവന് ഭീഷണി ഉയർത്തുന്നു. പിടിയിലായ നിയമ ലംഘകർ ട്രാഫിക് ഓഫിസറുടെ മുന്നിൽ നിന്ന് ഓടി രക്ഷപ്പെടുകയും ലൈസൻസ് പ്ലേറ്റ് ഇല്ലാതെ വാഹനമോടിക്കുകയും ചെയ്തതായി പൊലിസ് കുറ്റപ്പെടുത്തി.
റോഡ് ഉപയോക്താക്കളോട്, പ്രത്യേകിച്ചും യുവാക്കളോട് ഗതാഗത നിയമങ്ങൾ പാലിക്കാനും അശ്രദ്ധ ഡ്രൈവിങ്ങ് ഒഴിവാക്കാനും പൊലിസിലെ സെൻട്രൽ ഓപറേഷൻസ് സെക്ടർ ഡയരക്ടർ ബ്രിഗേഡിയർ ജനറൽ മുഹമ്മദ് ദാഹി അൽ ഹുമൈറി ആവശ്യപ്പെട്ടു. അശ്രദ്ധമായി വാഹനമോടിക്കുന്നതിനും അപകടകരമായ അഭ്യാസങ്ങൾ നടത്തുന്നതിനും 2,000 ദിർഹം പിഴയും 23 ബ്ലാക്ക് പോയിന്റുകളും ലഭിക്കുമെന്ന് പൊലിസ് മുന്നറിയിപ്പ് നൽകി. നിയമ വിരുദ്ധ പ്രവർത്തനങ്ങൾ ശ്രദ്ധയിൽ പെട്ടാൽ 800 2626 എന്ന നമ്പറിൽ ‘അമാൻ’ സേവനം വഴിയോ, 2828 എന്ന നമ്പറിലേക്ക് എസ്.എം.എസ് വഴിയോ റിപ്പോർട്ട് ചെയ്യാൻ പൊലിസ് പൊതുജനങ്ങളോട് ആവശ്യപ്പെട്ടു.