അബുദാബി: ഇന്ത്യന്‍ സോഷ്യല്‍ സെന്ററുമായി സഹകരിച്ച് അസോസിയേഷന്‍ ഓഫ് കേരള മെഡിക്കല്‍ ആന്‍ഡ് ഡെന്റല്‍ ഗ്രാജുവേറ്റ്‌സ് (എകെഎംജി) സംഘടിപ്പിച്ചുവരുന്ന ‘ബീറ്റ് ദ ഹീറ്റ്’ ആരോഗ്യ ബോധവല്‍ക്കരണ കാംപെയ്ന്‍ തുടരുന്നു. അല്‍ഐന്‍ ഇന്ത്യന്‍ സോഷ്യല്‍ സെന്ററില്‍ നടന്ന കാംപെയ്ന്‍ ഐഎസ്.സി പ്രസിഡന്റ് റസല്‍ മുഹമ്മദ് സാലി ഉദ്ഘാടനം ചെയ്തു. എകെഎംജി പ്രസിഡന്റ് ഡോ. സുഗു മലയില്‍ കോശി, സോഷ്യല്‍ സെന്റര്‍ ഭാരവാഹികളായ സന്തോഷ് കുമാര്‍, അഹമ്മദ് മുനാവര്‍, മുന്‍ പ്രസിഡന്റ് ഡോ.സുധാകരന്‍, മുന്‍ സെക്രട്ടറി മധു ഓമനക്കുട്ടന്‍, എകെഎംജി ഭാരവാഹികളായ ഡോ. സുലേഖ കരീം, ഡോ.പോള്‍ പീറ്റര്‍, ഡോ.ഫിറോസ് ഗഫൂര്‍, ഡോ. ജമാലുദീന്‍ അബൂബക്കര്‍ , ഡോ. പ്രേമ ഏബ്രഹാം, ഡോ.സാജിത അഷ്‌റഫ് തുടങ്ങിയവര്‍ സംസാരിച്ചു.
ഡോ.ബിജു വിശ്വംഭരന്‍, ഡോ. ഷാഹുല്‍ ഹമീദ് തുടങ്ങിയവര്‍ ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കി. കടുത്ത വേനലില്‍ തുറന്ന ഇടങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്കിടയില്‍ ഹീറ്റ്‌സ്‌ട്രോക്ക് പോലുള്ള താപസംബന്ധമായ അസുഖങ്ങളെക്കുറിച്ച് അവബോധം വര്‍ധിപ്പിക്കുകയും, പ്രതിരോധ മാര്‍ഗങ്ങളും സുരക്ഷിതമായ ജോലി സാഹചര്യങ്ങളും പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്നതാണ് ഈ കാംപെയ്‌ന്റെ പ്രധാന ലക്ഷ്യം. ഓഗസ്റ്റിലും യുഎഇയുടെ വിവിധ കേന്ദ്രങ്ങളില്‍ എകെഎംജി വിവിധ സാമൂഹിക സംഘടനകളുമായി സഹകരിച്ചുള്ള കാംപെയ്ന്‍ തുടരും. യുഎഇയുടെ സാമൂഹിക വര്‍ഷത്തോടുള്ള ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്നതോടൊപ്പം ആരോഗ്യ അവബോധമുണ്ടാക്കുകയാണ് ലക്ഷ്യമെന്ന് അല്‍ഐന്‍ കാംപെയ്‌ന്റെ ചീഫ് ഓര്‍ഗനൈസര്‍മാരായ ഡോ. സുലേഖ കരീം, ഡോ.പോള്‍ പീറ്റര്‍, ഡോ.ഷാഹുല്‍ ഹമീദ് എന്നിവര്‍ അറിയിച്ചു.