ദുബായ് : ദുബായ് മാരിടൈം അതോറിറ്റി(ഡി.എം.എ)യുമായി സഹകരിച്ച് ദുബൈ പൊലിസ് ജെറ്റ് സ്കീ ഉപയോക്താക്കളെ ലക്ഷ്യമിട്ട് കർശന പരിശോധനാ കാംപയിൻ ആരംഭിച്ചു. സുരക്ഷാ ചട്ടങ്ങൾ പാലിക്കാത്തതിന് 431 പിഴകൾ പുറപ്പെടുവിക്കുകയും 41 ജെറ്റ് സ്കീകൾ പിടിച്ചെടുക്കുകയും ചെയ്തു.
സമുദ്ര സുരക്ഷയ്ക്കുള്ള ആഗോള മാനദണ്ഡമായി മാറാനുള്ള ദുബൈയുടെ പ്രതിബദ്ധത ഈ സംയുക്ത ശ്രമങ്ങൾ എടുത്തു കാട്ടുന്നുവെന്നും, എല്ലാ സമുദ്ര ഉപയോക്താക്കൾക്കും സുരക്ഷിത അന്തരീക്ഷം ഉറപ്പാക്കുന്നത് സാമ്പത്തിക വളർച്ചയെ പിന്തുണയ്ക്കുകയും പ്രമുഖ സമുദ്ര കേന്ദ്രമെന്ന നിലയിൽ ദുബൈയുടെ സ്ഥാനം ശക്തിപ്പെടുത്തുകയും ചെയ്യുന്നുവെന്നും ഈ സംരംഭത്തിന്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞ് ഡി.എം.എ സി.ഇ.ഒ ശൈഖ് ഡോ. സഈദ് ബിൻ അഹമ്മദ് ബിൻ ഖലീഫ അൽ മക്തൂം അഭിപ്രായപ്പെട്ടു.നിയന്ത്രണ വ്യവസ്ഥകളിൽ തുടർച്ചയായ മെച്ചപ്പെടുത്തലുകളും നൂതന സാങ്കേതിക വിദ്യകൾ സ്വീകരിക്കലും വഴി സമുദ്ര ഉപയോക്താക്കളുടെ സുരക്ഷ പരമ പ്രധാനമാണെന്ന് അദ്ദേഹം നിരീക്ഷിച്ചു. ഉത്തരവാദിത്തം വളർത്താനും സുരക്ഷിത സമുദ്ര പരിസ്ഥിതി നിലനിർത്താനും നിയന്ത്രണ, ബോധവൽക്കരണ സ്ഥാപനങ്ങൾ തമ്മിലുള്ള സഹകരണം അത്യന്താപേക്ഷിതമാണ്.
സമുദ്ര സുരക്ഷ വർധിപ്പിക്കുക, അശ്രദ്ധ പെരുമാറ്റം മൂലമുണ്ടാകുന്ന അപകടങ്ങളിലെ പരുക്കുകൾ കുറയ്ക്കുക, അപകടകരമായ രീതികൾ തടയാൻ ലംഘനങ്ങൾ ഒഴിവാക്കുക എന്നിവയാണ് കാംപയിൻ മുഖേന ലക്ഷ്യമിടുന്നതെന്ന് തുറമുഖ പൊലിസ് സ്റ്റേഷൻ ഡയരക്ടർ ബ്രിഗേഡിയർ ഡോ. ഹസ്സൻ സുഹൈൽ പറഞ്ഞു. സമുദ്ര മേഖലയിലുടനീളം പൊലിസ് പട്രോളിംഗിന്റെ സാന്നിധ്യം പൊതുജന വിശ്വാസവും സുരക്ഷയും കൂട്ടാൻ സഹായിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
കാലാവധി കഴിഞ്ഞ ജെറ്റ് സ്കീ ലൈസൻസുകൾ, നിയന്ത്രണമുള്ള നീന്തൽ മേഖലകളിലേക്കും ഹോട്ടൽ ബീച്ചുകളിലേക്കും പ്രവേശിക്കൽ, അനുവദിച്ച ഉപയോഗ സമയം പാലിക്കാതിരിക്കുക, ലൈഫ് ജാക്കറ്റുകൾ ധരിക്കാതിരിക്കൽ, പ്രായപൂർത്തിയാകാത്തവരുടെ പ്രവർത്തനം, അമിത ഭാരം എന്നിവ ഉൾപ്പെടെയുള്ള ലംഘനങ്ങൾ കാംപയിൻ കാലയളവിൽ കണ്ടെത്തി.
ലംഘനങ്ങൾക്കുള്ള പിഴകൾ ഇപ്രകാരം:
കാലാവധി കഴിഞ്ഞ ലൈസൻസ് ഉപയോഗിച്ച് പ്രവർത്തിക്കൽ -1,000 ദിർഹം.
ലൈഫ് ജാക്കറ്റുകളോ ഹെൽമെറ്റുകളോ ധരിക്കാതിരിക്കൽ -1,000 ദിർഹം.
മറ്റുള്ളവരെ ശല്യപ്പെടുത്തുകയോ ഉപദ്രവിക്കുകയോ ചെയ്യൽ -2,000 ദിർഹം.
നിർദിഷ്ട പ്രദേശങ്ങൾക്ക് പുറത്ത് ജെറ്റ് സ്കീകൾ ഉപയോഗിക്കൽ -1,000 ദിർഹം.
എമിറേറ്റിലെ നിരവധി തീരദേശ സ്ഥലങ്ങളിൽ ലംഘനങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു.
നാവിഗേഷൻ സുരക്ഷിതമാക്കാനും, അടിയന്തര സാഹചര്യങ്ങളോട് വേഗത്തിൽ പ്രതികരിക്കാനും ദുബൈ പൊലിസിന്റെ സമുദ്ര പട്രോളിംഗിന്റെ സന്നദ്ധത ബ്രിഗേഡിയർ സുഹൈൽ ആവർത്തിച്ചു വ്യക്തമാക്കി. മറൈൻ റെസ്ക്യൂ യൂണിറ്റുകൾ 24 മണിക്കൂറും ലഭ്യമാണ്.
ജെറ്റ് സ്കീ ഉപയോക്താക്കൾ സമുദ്ര നിയമങ്ങൾ പൂർണമായും പാലിക്കണമെന്നും, സുരക്ഷാ ഉപകരണങ്ങൾ ധരിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും, പതിവ് അറ്റകുറ്റപ്പണികൾ നടത്തണമെന്നും, 5 മുതൽ 7 നോട്ടിക്കൽ മൈൽ വരെ വേഗ പരിധി പാലിക്കണമെന്നും, സ്വകാര്യ/ടൂറിസ്റ്റ് കപ്പലുകളെ സമീപിക്കുന്നത് ഒഴിവാക്കണമെന്നും അധികൃതർ നിർദേശിച്ചു.
പുറപ്പെടുന്നതിന് മുൻപ് കാലാവസ്ഥാ സാഹചര്യങ്ങൾ നിരീക്ഷിക്കാനും, അടിയന്തര സഹായത്തിനായി ദുബൈ പൊലിസ് സ്മാർട്ട് ആപ്പിലെ ‘സെയ്ൽ സെയ്ഫ്‌ലി’ സേവനം ഉപയോഗിക്കാനും അധികൃതർ ഉപയോക്താക്കളോടഭ്യർത്ഥിച്ചു. അടിയന്തര സാഹചര്യങ്ങളിൽ പൊതുജനങ്ങൾ 999 നമ്പറിൽ ബന്ധപ്പെടേണ്ടതാണ്.