ദുബായ് ∙ ഇന്ത്യയും യുഎഇയും തമ്മിൽ പ്രതിരോധരംഗത്ത് സഹകരണം വർധിപ്പിക്കാൻ ഇരു രാജ്യങ്ങളുടെയും സംയുക്ത പ്രതിരോധ സഹകരണ കമ്മിറ്റി യോഗം തീരുമാനിച്ചു. വ്യാപാരം, നിക്ഷേപം, മാനവ വിഭവശേഷി കൈമാറ്റം എന്നിവയിലെ യോജിച്ച മുന്നേറ്റം പ്രതിരോധ മേഖലയിലും തുടരാൻ യോഗം തീരുമാനിച്ചു.സൈനിക പരിശീലന രംഗത്തെ സഹകരണം കൂടുതൽ മെച്ചപ്പെടുത്തും. സൈനിക പരിശീലനത്തിൽ നിലവിലെ ആവശ്യങ്ങൾ ഇരു രാജ്യങ്ങളും ചർച്ച ചെയ്തു. യുഎഇയുടെ ആവശ്യത്തിന് അനുസരിച്ചു പ്രത്യേക പഠന പദ്ധതി രൂപീകരിച്ചു സൈനിക പരിശീലനം ഇന്ത്യ വാഗ്ദാനം ചെയ്തു. സമുദ്ര സുരക്ഷയുമായി ബന്ധപ്പെട്ടുള്ള സഹകരണവും വർധിപ്പിക്കും. പരസ്പരം വിവരങ്ങൾ കൈമാറി നാവിക സഹകരണം മെച്ചപ്പെടുത്താമെന്ന് യുഎഇ ഉറപ്പു നൽകി. പ്രതിരോധ രംഗവുമായി ബന്ധപ്പെട്ട വ്യവസായങ്ങളിലും സേവനങ്ങളിലും പരസ്പര സഹകരണം ഉറപ്പുവരുത്തും. പ്രതിരോധ സഹകരണ കമ്മിറ്റിയുടെ ഭാഗമായി ഡൽഹിയിൽ നടന്ന ആദ്യ സെക്രട്ടറി തല യോഗത്തിലാണ് നിർണായക തീരുമാനം. ഇന്ത്യൻ പ്രതിരോധ സെക്രട്ടറി രാജേഷ്കുമാർ സിങ്ങും യുഎഇ പ്രതിരോധ അണ്ടർ സെക്രട്ടറി ലഫ് ജനറൽ ഇബ്രാഹിം നാസർ അൽ അലവിയും യോഗത്തിൽ പങ്കെടുത്തു. ചെറിയ ആയുധങ്ങളുടെ നിർമാണത്തിൽ ഇന്ത്യയിലെ ഇൻഫ്രാസ്ട്രചർ ആൻഡ് കൺസ്ട്രക്‌ഷൻ ഓഫ് മിസൈൽ ആൻഡ് മിസൈൽ സിസ്റ്റംസും (ഐകോം) അബുദാബിയിലെ കാരാകൾ കമ്പനിയുമായി സഹകരിച്ച് ഉൽപാദനം ആരംഭിക്കും. നിർമിത ബുദ്ധി സാങ്കേതിക വിദ്യ ഉപയോഗിച്ച പുത്തൻ തലമുറ പ്രതിരോധ ഉപകരണങ്ങൾ വികസിപ്പിക്കുന്നതിന്റെ സാധ്യതകളും ചർച്ച ചെയ്തു. യോഗത്തിൽ ഇന്ത്യൻ കോസ്റ്റ് ഗാർഡും യുഎഇ നാഷനൽ ഗാർഡും പരസ്പര സഹകരണത്തിന് ധാരണാപത്രം ഒപ്പുവച്ചു. കടലിലെ അപകടങ്ങളിൽ രക്ഷാപ്രവർത്തനം, സമുദ്രാതിർത്തി സുരക്ഷിതമാക്കുന്നതിന്റെ ഭാഗമായുള്ള തിരച്ചിൽ, കടലിലെ മാലിന്യം കൈകാര്യം ചെയ്യുക എന്നിവയിലും ഇരുസേനകളും സഹകരിക്കുന്നതുമായി ബന്ധപ്പെട്ടാണ് ധാരണാപത്രം. പ്രതിരോധ കമ്മിറ്റിയുടെ സംയുക്ത യോഗത്തിന്റെ ഭാഗമായി കര,നാവിക സേനാ ഉദ്യോഗസ്ഥരും ചർച്ച നടത്തി. ആദ്യമായി ഇരു രാജ്യങ്ങളിലെയും വ്യോമ സേനാ ഉദ്യോഗസ്ഥരും കൂടിക്കാഴ്ച നടത്തി. സംയുക്ത സേനാഭ്യാസം, പരിശീലനം, വിദഗ്ധരുടെ സേവനങ്ങൾ കൈമാറുക എന്നീ വിഷയങ്ങളാണ് സേനാ വിഭാഗങ്ങൾ ചർച്ച ചെയ്തത്.