അബുദാബി:നിയന്ത്രിത മരുന്നുകളുടെ നിർദ്ദേശവുമായി ബന്ധപ്പെട്ട നിയമങ്ങൾ ലംഘിച്ചതിന് അബുദാബിയിലെ ആറ് ഡോക്ടർമാരെ മെഡിക്കൽ പ്രഫഷനിൽ നിന്നു സസ്‌പെൻഡ് ചെയ്തതായി അബുദാബി ആരോഗ്യ വകുപ്പ് അറിയിച്ചു.
ഈ ഡോക്ടർമാർ രാജ്യത്തെ നിരോധിച്ച മരുന്നുകളുടെ ഉപയോഗത്തിന് പ്രോത്സാഹനം നൽകിയതിനാണ് നടപടി. ‘ശൂന്യ സഹിഷ്ണുത’ നയം ലംഘിച്ചതിനാലാണ് നടപടിയെന്ന് അധികൃതർ അറിയിച്ചു. സസ്‌പെൻഷനിൽപ്പെട്ട ഡോക്ടർമാരുടെ വിശദ വിവരങ്ങൾ ഇതുവരെ പുറത്തുവിട്ടിട്ടില്ല.
യുഎഇയിൽ നിയന്ത്രിത മരുന്നുകൾ എന്നത് സർക്കാർ കർശനമായി നിയന്ത്രിക്കുന്ന, ദുരുപയോഗ സാധ്യതയും ആശ്രിതത്വ സാധ്യതയും ഉള്ള മരുന്നുകളെയാണ് സൂചിപ്പിക്കുന്നത്. ഇവയുടെ ഇറക്കുമതി, കയറ്റുമതി, വിതരണം, ഉപയോഗം എന്നിവ കര്‍ശനനിയന്ത്രണത്തിലാണ്.
നിലവിൽ താഴെപ്പറയുന്ന വിഭാഗങ്ങളിലുള്ളതാണ് നിയന്ത്രിത മരുന്നുകൾ
1. നാർക്കോട്ടിക് മരുന്നുകൾ – morphine, codeine, fentanyl പോലുള്ള ശക്തമായ പെയിൻകിലറുകൾ
2. മാനസികാവസ്ഥയെ ബാധിക്കുന്ന മരുന്നുകൾ – diazepam, lorazepam പോലുള്ള benzodiazepines, കുറച്ച് antidepressants, antipsychotics
3. ഉത്തേജക മരുന്നുകൾ – ADHD, narcolepsyയ്ക്ക് ഉപയോഗിക്കുന്ന methylphenidate, amphetamines
4. സെഡേറ്റീവുകൾ, ട്രാങ്ക്വിലൈസറുകൾ – anxiety, ഉറക്കക്കുറവ് തുടങ്ങിയ അവസ്ഥകൾക്ക് ഉപയോഗിക്കുന്ന barbiturates, hypnotics
നിയന്ത്രിത, അർദ്ധനിയന്ത്രിത മരുന്നുകൾ ഉപയോഗിക്കുന്നതിന് മുമ്പ് യുഎഇ വാസികൾക്കും സന്ദർശകർക്കും ആരോഗ്യ മന്ത്രാലയം (MOHAP) വെബ്‌സൈറ്റിൽ നിന്നുള്ള മുൻകൂർ അനുമതി നിർബന്ധമാണ്. എന്നാൽ നോൺ-കൺട്രോൾഡ് മരുന്നുകൾക്കും ഓവർ ദി കൗണ്ടർ മരുന്നുകൾക്കും ഈ അനുമതി ആവശ്യമില്ല.
അനുമതിക്കായി ഡോക്ടറുടെ കുറിപ്പും അസുഖത്തിന്റെ തീവ്രത, ഹിസ്റ്ററി എന്നിവ ഉൾപ്പെടെയുള്ള വിശദമായ രേഖകളും സമർപ്പിക്കേണ്ടതുണ്ട്.
ആരോഗ്യ രംഗത്തെ വിശ്വാസ്യതയും സമൂഹത്തിന്റെ സുരക്ഷയും നിലനിർത്തുന്നതിന്റെ ഭാഗമായാണ് ഈ കടുത്ത നടപടികളെന്ന് ആരോഗ്യ വകുപ്പ് വ്യക്തമാക്കി.