റാസൽഖൈമ: ഓൺലൈൻ തട്ടിപ്പുകൾ തടയാൻ റാസൽഖൈമ പൊലിസ് ജനറൽ കമാൻഡ് സ്ട്രാറ്റജിക് പങ്കാളിയായ റാസൽഖൈമ ബ്രോഡ്കാസ്റ്റിംഗ് അതോറിറ്റിയുമായി സഹകരിച്ച് ‘സൈബർ കുറ്റകൃത്യങ്ങൾ സൂക്ഷിക്കുക’ എന്ന പേരിൽ പൊതു അവബോധ കാംപയിൻ ആരംഭിച്ചു.പൊലിസ് മീഡിയ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പും ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വകുപ്പും സംയുക്തമായി ആരംഭിച്ച കാംപയിൻ, തട്ടിപ്പുകാരെയും സാധ്യതയുള്ള തട്ടിപ്പുകളും തിരിച്ചറിയാൻ സഹായിക്കും. ഇതിനായി, റാസൽഖൈമയിലെ പൊലിസ് ഉദ്യോഗസ്ഥരും പൊതുജനങ്ങളും തമ്മിലുള്ള സഹകരണം വളർത്തിയെടുക്കുന്നതിലൂടെ സൈബർ കുറ്റകൃത്യങ്ങൾ തടയാനാണ് ലക്ഷ്യമിടുന്നത്. സ്മാർട്ട്, പ്രോ ആക്ടിവ്, നൂതന സേവനങ്ങൾ വഴി എല്ലാവരുടെയും ജീവിത നിലവാരം ഉയർത്തുക എന്ന യു.എ.ഇ ആഭ്യന്തര മന്ത്രാലയ ദൗത്യവുമായി ഈ ശ്രമം യോജിക്കുന്നു.