ദുബായ് : അടുത്ത രണ്ട് വർഷത്തേക്ക് രാജ്യത്തിന് ശക്തമായ സാമ്പത്തിക കാഴ്ചപ്പാട് സെൻട്രൽ ബാങ്ക് ഓഫ് ദി യുണൈറ്റഡ് അറബ് എമിറേറ്റ്സ് (സി.ബി.യു.എ.ഇ) പ്രവചിച്ചു.എണ്ണ ഇതര മേഖലയിലെ തുടർച്ചയായ ചലനാത്മകതയും സ്ഥിരതയുള്ള സാമ്പത്തിക സംവിധാനത്തിന്റെ പ്രകടനവും മൂലമാണിത് .പുതുതായി പുറത്തിറക്കിയ 2024 സാമ്പത്തിക സ്ഥിരതാ റിപ്പോർട്ടിൽ യു.എ.ഇയുടെ യഥാർത്ഥ മൊത്ത ആഭ്യന്തര ഉത്പാദനം (ജി.ഡി.പി) 2025ൽ 4.4% വർധിക്കുമെന്നും, 2024ലെ 4% വളർച്ചയ്ക്ക് ശേഷം 2026ൽ 5.4% ആയി ഉയരുമെന്നും സി.ബി.യു.എ.ഇ പ്രസ്താവിച്ചു.മുകളിലേക്കുള്ള ഈ പ്രവണത സുസ്ഥിര സാമ്പത്തിക വൈവിധ്യവൽക്കരണ ശ്രമങ്ങളെയും രാജ്യത്തിന്റെ സാമ്പത്തിക-ബാങ്കിംഗ് സംവിധാനങ്ങളുടെ ശക്തമായ അവസ്ഥയെയും പ്രതിഫലിപ്പിക്കുന്നുവെന്ന് ഇതുസംബന്ധിച്ച ദേശീയ മാധ്യമ റിപ്പോർട്ടിൽ പറഞ്ഞു.
യു.എ.ഇയിലെ ബാങ്കിംഗ് മേഖല മികച്ച മൂലധനവും ലിക്വിഡിറ്റിയും ഉള്ളതായി തുടരുകയാണ്. മെച്ചപ്പെട്ട ആസ്തി ഗുണനിലവാരം തുടർച്ചയായ വികാസത്തെ പിന്തുണയ്ക്കുന്നു.മികച്ച സാമ്പത്തിക അടിസ്ഥാന തത്വങ്ങളുടെയും ഫലപ്രദമായ റിസ്ക് മാനേജ്മെന്റിന്റെയും പിന്തുണയോടെ സാമ്പത്തിക സ്ഥിരത അപകട സാധ്യതകൾ വലിയ തോതിൽ മാറ്റമില്ലാതെ തുടരാൻ സഹായിക്കുന്നു.പ്രതികൂല സാഹചര്യങ്ങളിൽപ്പോലും ആഘാതങ്ങളെ സ്വീകരിക്കാനുള്ള ശേഷി സാമ്പത്തിക സംവിധാനം നിലനിർത്തി. 2024ൽ നിലവിലുള്ള സ്ഥിരതയെ സെൻട്രൽ ബാങ്കിന്റെ മാക്രോ എകണോമിക് പ്രവണതകളെയും സാമ്പത്തിക വിപണി സാഹചര്യങ്ങളെയും കുറിച്ചുള്ള വിശകലനം എടുത്തു കാണിക്കുന്നു. മൂലധനവും ലിക്വിഡിറ്റിയും നിയന്ത്രണ പരിധിക്ക് മുകളിൽ നിലനിർത്തി ബാങ്കുകൾക്ക് വായ്പ നൽകുന്നത് തുടരാനാകുമെന്ന് ഇതുസംബന്ധമായ സ്ട്രെസ് ടെസ്റ്റുകൾ സ്ഥിരീകരിച്ചു.ശൈഖ് മൻസൂർ ബിൻ സായിദ് അൽ നഹ്‌യാന്റെ അധ്യക്ഷതയിലുള്ള യു.എ.ഇ ഫിനാൻഷ്യൽ സ്റ്റെബിലിറ്റി കൗൺസിലിന്റെ പ്രവർത്തന ക്ഷമത, സാമ്പത്തിക അധികാരികൾക്കിടയിൽ ഏകോപനം ശക്തിപ്പെടുത്തുന്നതിൽ സുപ്രധാന നാഴികക്കല്ലായി റിപ്പോർട്ട് വിലയിരുത്തുന്നു. ഉയർന്നു വരുന്ന മാക്രോ-ഫിനാൻഷ്യൽ ഭീഷണികൾക്കെതിരെ കൗൺസിൽ വ്യവസ്ഥാപിതമായ റിസ്ക് മേൽനോട്ടവും മെച്ചപ്പെട്ട പ്രതികരണ സംവിധാനങ്ങളും വികസിപ്പിച്ചെടുത്തിട്ടുണ്ട്.
വിവേകപൂർണ്ണമായ സാമ്പത്തിക മാനേജ്‌മെന്റ്, നിയന്ത്രണ പ്രതിരോധ ശേഷി, മുൻകൂട്ടിയുള്ള അപകട സാധ്യതാ നിരീക്ഷണം എന്നിവയാൽ പിന്തുണയ്‌ക്കപ്പെടുന്ന വളർച്ചാ സാധ്യതകളോടെ യു.എ.ഇയുടെ സാമ്പത്തിക സംവിധാനം സ്ഥിരതയുള്ള അടിത്തറയിൽ തുടരുമെന്ന് സെൻട്രൽ ബാങ്ക് പ്രതീക്ഷിക്കുന്നു.
യു.എ.ഇയുടെ വികസന അജണ്ട മുന്നോട്ട് കൊണ്ടുപോകുന്നതിനുള്ള സ്ഥാപനത്തിന്റെ പ്രതിബദ്ധത യു.എ.ഇ സെൻട്രൽ ബാങ്ക് ഗവർണർ ഖാലിദ് മുഹമ്മദ് ബൽഅമ ആവർത്തിച്ചു വ്യക്തമാക്കി.ആഗോള അപകട സാധ്യതകൾ വർധിച്ചു വരുന്നുണ്ടെങ്കിലും 2024ൽ യു.എ.ഇ ശക്തമായ സാമ്പത്തിക സാഹചര്യങ്ങൾ നിലനിർത്തി. സെൻട്രൽ ബാങ്കിൽ സുസ്ഥിര വളർച്ചയെ പിന്തുണയ്ക്കുകയും സാമ്പത്തിക സ്ഥിരത വർധിപ്പിക്കുകയും ചെയ്യുന്ന ശക്തമായ നിയന്ത്രണ ചട്ടക്കൂട് വികസിപ്പിക്കുന്നത് തങ്ങൾ തുടരുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.സാമ്പത്തിക വീക്ഷണത്തിന് അനുബന്ധമായി, ഇൻഷുറൻസ്, ഫിനാൻസ് കമ്പനികൾ, എക്സ്ചേഞ്ച് ഹൗസുകൾ എന്നിവയുൾപ്പെടെയുള്ള ബാങ്ക് ഇതര ധനകാര്യ സ്ഥാപനങ്ങൾ (എൻ.ബി.എഫ്.ഐ) മികച്ച പ്രകടനം രേഖപ്പെടുത്തി. ആകെ പ്രീമിയങ്ങളിൽ ഇൻഷുറൻസ് മേഖല 21.4% വളർച്ച രേഖപ്പെടുത്തി 64.8 ബില്യൺ ദിർഹമിലെത്തി.
2024ൽ ധനകാര്യ സേവനങ്ങളിലെ ഡിജിറ്റൽ മാറ്റവും ത്വരിത ഗതിയിലായി. ഫിൻടെക് സ്വീകരിക്കൽ, ഡിജിറ്റൽ പേയ്‌മെന്റുകൾ, എ.ഐ സംയോജനം, ഡാറ്റാ അനലിറ്റിക്‌സ് എന്നിവ മേഖലയിലുടനീളം പുരോഗമിച്ചു. ആഭ്യന്തര കാർഡ് പദ്ധതിയായ ‘ ജയ്‌വാൻ’ ആരംഭിച്ചതും, ‘ആനി’ തൽക്ഷണ പേയ്‌മെന്റ് പ്ലാറ്റ്‌ഫോമിന്റെ വിപുലമായ സ്വീകാര്യതയും, ഡിജിറ്റൽ ദിർഹം സംരംഭത്തിലെ പുരോഗതിയും പേയ്‌മെന്റ് അടിസ്ഥാന വികസന കാര്യക്ഷമതയും ശേഷിയും കൂടുതൽ വർധിപ്പിച്ചു.