ദുബായ് : ദുബായിലെ അൽ ബർഷ സൗത്ത് പ്രദേശത്തേക്കും പുറത്തേക്കുമുള്ള ഉമ്മു സുഖീം സ്ട്രീറ്റിലേക്കുള്ള പ്രവേശന കവാടങ്ങൾ അടച്ചതായി റോഡ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ) അറിയിച്ചു. റോഡ് വികസന പ്രവർത്തനങ്ങൾ പൂർത്തിയാകുന്നതുവരെയാണ് ഈ മാറ്റം. വാഹനയാത്രികർ റോഡിലെ ദിശാസൂചനകൾ ശ്രദ്ധിക്കുകയും പകരം നിർദേശിച്ചിട്ടുള്ള വഴികൾ ഉപയോഗിക്കുകയും ചെയ്യണമെന്ന് ആർടിഎ അറിയിച്ചു.
ബദൽ വഴികൾ ഇവയാണ്:
∙ എനോക് പെട്രോൾ സ്റ്റേഷന് സമീപമുള്ള സ്ട്രീറ്റ് 31
∙ ദുബായ് സയൻസ് കോംപ്ലക്സ് എക്സിറ്റ്
∙ അൽ ഹദായിഖ് സ്ട്രീറ്റ്
∙ ഹെസ്സ സ്ട്രീറ്റ്
യാത്രക്കാർ നേരത്തെ പുറപ്പെടുകയും യാത്രാവിവരങ്ങൾ മുൻകൂട്ടി ആസൂത്രണം ചെയ്യണമെന്നും ആർടിഎ നിർദ്ദേശിച്ചു. 2025 മേയിൽ പ്രഖ്യാപിച്ച ഉമ്മു സുഖീം സ്ട്രീറ്റ് വികസന പദ്ധതിയുടെ ഭാഗമായാണ് റോഡ് അടച്ചിരിക്കുന്നത്. 332 ദശലക്ഷം ദിർഹം ചെലവിൽ നിർമിക്കുന്ന ഈ പദ്ധതിയുടെ 70 ശതമാനവും പൂർത്തിയായിക്കഴിഞ്ഞു. എട്ട് വരികളുള്ള (ഓരോ ദിശയിലും നാല് വരികൾ) 800 മീറ്റർ നീളമുള്ള ഒരു തുരങ്കം ഇതിന്റെ ഭാഗമായി നിർമിക്കുന്നുണ്ട്.ജുമൈറ സ്ട്രീറ്റ് മുതൽ എമിറേറ്റ്സ് റോഡ് വരെയുള്ള 16 കിലോമീറ്റർ ദൂരത്തിലാണ് ഈ വികസന പദ്ധതി. ജുമൈറ സ്ട്രീറ്റ്, അൽ വാസൽ സ്ട്രീറ്റ്, ഷെയ്ഖ് സായിദ് റോഡ്, ഫസ്റ്റ് അൽ ഖൈൽ സ്ട്രീറ്റ്, അൽ അസൈൽ സ്ട്രീറ്റ്, അൽ ഖൈൽ റോഡ് എന്നീ ആറ് പ്രധാന കവലകളുടെ നവീകരണവും പദ്ധതിയിൽ ഉൾപ്പെടുന്നു. കൂടാതെ, 4,100 മീറ്റർ നീളമുള്ള നാല് പാലങ്ങളും മൂന്ന് തുരങ്കങ്ങളും നിർമിക്കുമെന്നും ആർടിഎ വ്യക്തമാക്കി.