ദുബായ്: വിമാനത്തിനുള്ളിൽ പവർബാങ്ക് ഉപയോഗിച്ച് ചാർജ് ചെയ്യുന്നത് പൂർണമായും നിരോധിച്ച് എമിറേറ്റ്സ്. വിമാനത്തിനുള്ളിലെ ചാർജിങ് സോക്കറ്റിൽ കുത്തി പവർ ബാങ്ക് ചാർജ് ചെയ്യാനും അനുമതിയില്ല. ഒക്ടോബർ ഒന്നിനു നിരോധനം പ്രാബല്യത്തിൽ വരും. അതേസമയം, നിയന്ത്രണങ്ങൾക്കു വിധേയമായി ഹാൻഡ് ബാഗേജിൽ പവർബാങ്ക് കൊണ്ടു പോകുന്നതിനു തടസ്സമില്ല.

ഹാൻഡ് ബാഗേജിൽ പവർബാങ്ക് കൊണ്ടു പോകുന്നതിനുള്ള നിബന്ധനകൾ:
∙ 100 വാട്ടിൽ താഴെയുള്ള പവർ ബാങ്കുകൾ വിമാനത്തിൽ കൊണ്ടു പോകാം. (ലാപ്ടോപ് അടക്കം ചാർജ് ചെയ്യാൻ കഴിയുന്ന ഉയർന്ന ഊർജ ശേഷിയുള്ളതാണ് 100 വാട്ടിനു മുകളിലുള്ള പവർ ബാങ്കുകൾ)
∙ ഹാൻഡ് ബാഗേജിൽ കൊണ്ടു പോകുന്ന പവർ ബാങ്കിന്റെ ശേഷി വ്യക്തമാക്കുന്ന വിവരങ്ങൾ അതിന്റെ പുറത്ത് രേഖപ്പെടുത്തിയിട്ടുണ്ടാകണം.
∙ പവർ ബാങ്ക് സീറ്റിനു മുകളിലെ ഓവർഹെഡ് സ്റ്റോറേജിൽ വയ്ക്കാൻ പാടില്ല. സീറ്റിന്റെ പോക്കറ്റിലോ, മുൻ സീറ്റിന്റെ അടിയിലോ വേണം പവർ ബാങ്ക് സൂക്ഷിക്കാൻ.
∙ ചെക്കൻ ഇൻ ബാഗേജുകളിൽ പവർ ബാങ്ക് വയ്ക്കരുത്.
∙ വിമാനത്തിനുള്ളിൽ പവർ ബാങ്ക് ഉപയോഗിച്ചു ചാർജ് ചെയ്യരുത്.
∙ പവർ ബാങ്കും ചാർജ് ചെയ്യരുത്.
വിമാന യാത്രയിൽ പവർ ബാങ്കുകളുടെ ഉപയോഗം കൂടിയത് കണക്കിലെടുത്താണ് എമിറേറ്റ്സിന്റെ തീരുമാനം. വിമാനത്തിനുള്ളിൽ ലിതിയം ബാറ്ററിയുമായി ബന്ധപ്പെട്ട അപകടങ്ങൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. യാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്താണ് തീരുമാനം വേഗത്തിൽ നടപ്പാക്കുന്നതെന്ന് എമിറേറ്റ്സ് അറിയിച്ചു.പവർ ബാങ്കിലെ ലിതിയം ബാറ്ററി അധികം ചാർജ് ആവുകയോ കേടാവുകയോ ചെയ്താൽ ചൂടാകാനും പൊട്ടിത്തെറിക്കാനുമുള്ള സാധ്യത വളരെ കൂടുതലാണ്. തീപിടിക്കാനും വിഷ വാതകം പുറത്തു വരാനും ഇതു കാരണമാകും. വിദഗ്ധ സമിതിയുടെ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് പവർ ബാങ്കുകൾക്ക് നിരോധനം ഏർപ്പെടുത്തിയത്.