ഇന്ത്യ ,ദുബായ് : ഇന്ത്യയുടെ 79ാം സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി എയർ ഇന്ത്യ എക്സ്പ്രസ് ‘ഫ്രീഡം സെയിൽ’ പ്രഖ്യാപിച്ചു. ആഭ്യന്തര, അന്താരാഷ്ട്ര സർവീസുകളിലായി 50 ലക്ഷം സീറ്റുകളാണ് ഓഫറിന്റെ ഭാഗമായി ലഭ്യമാക്കുന്നത്. ആഭ്യന്തര യാത്രകൾക്ക് 1279 രൂപ മുതലും , അന്താരാഷ്ട്ര സർവീസുകൾക്ക് 4279 രൂപ മുതലും നിരക്ക് ആരംഭിക്കുന്നു.ഓഗസ്റ്റ് 10 മുതൽ എയർ ഇന്ത്യ എക്സ്പ്രസിന്റെ ഔദ്യോഗിക വെബ്സൈറ്റിലും മൊബൈൽ ആപ്പിലും ബുക്കിംഗ് ആരംഭിച്ചു . ഓഗസ്റ്റ് 11 മുതൽ 15 വരെ പ്രധാന ടിക്കറ്റിംഗ് ചാനലുകളിലും ഓഫർ ലഭ്യമായിരിക്കും. 2025 ഓഗസ്റ്റ് 19 മുതൽ 2026 മാർച്ച് 31 വരെ യാത്രകൾക്ക് ഈ ഓഫർ പ്രാബല്യത്തിൽ വരും. ഓണം, ദുർഗാപൂജ, ദീപാവലി, ക്രിസ്മസ് തുടങ്ങി ഇന്ത്യയിലെ പ്രധാന ഉത്സവകാലയളവുകളെല്ലാം ഇതിൽ ഉൾപ്പെടും.എക്സ്പ്രസ് ലൈറ്റ് (ചെക്ക്-ഇൻ ബാഗേജ് ഇല്ലാത്ത നിരക്ക്), എക്സ്പ്രസ് വാല്യു (സാധാരണ ബാഗേജ് അലവൻസ് ഉൾപ്പെടുന്നു), എക്സ്പ്രസ് ബിസ് (58 ഇഞ്ച് വരെ സീറ്റ് പിച്ച് ഉള്ള പ്രീമിയം അനുഭവം) തുടങ്ങിയ ഓപ്ഷനുകൾ യാത്രക്കാരുടെ ആവശ്യത്തിനനുസരിച്ച് ഒരുക്കിയിട്ടുണ്ട്. ലോയൽറ്റി അംഗങ്ങൾക്ക് പ്രത്യേക ആനുകൂല്യങ്ങളും ലഭിക്കും.

116 വിമാനങ്ങൾ, ദിവസേന 500-ത്തിലധികം സർവീസുകൾ, 38 ആഭ്യന്തരവും 17 അന്താരാഷ്ട്രവും ഉൾപ്പെടുന്ന വിപുലമായ നെറ്റ്വർക്കിലൂടെ എയർ ഇന്ത്യ എക്സ്പ്രസ് ഇന്ത്യയിലെ നഗരങ്ങളും വിദേശ ഗതാഗതവും ബന്ധിപ്പിക്കുന്നു. ടെയിൽസ് ഓഫ് ഇന്ത്യ പദ്ധതിയുടെ ഭാഗമായി വിമാനങ്ങളുടെ വാലിൽ ബന്ദനി, അജ്രഖ്, പട്ടോള, വാർലി, ഐപൻ, കളംകാരി തുടങ്ങിയ ഇന്ത്യൻ പൈതൃക വസ്ത്രകലയുടെ പാറ്റേണുകൾ ഉൾപ്പെടുത്തിയിട്ടുണ്ട്