ഷാർജ: ഷാർജ ബ്ലഡ് ബാങ്കുമായി സഹകരിച്ച് മാസ് ഗുബൈബ മേഖല വെൽഫെയർ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഗുബൈബ യുണിറ്റ് രക്തദാന ക്യാമ്പ് നടത്തി. ബ്ലഡ് ബാങ്കിനു കീഴിലുള്ള, രക്തദാനത്തിനായി പ്രത്യേകം സജ്ജീകരിച്ച വാഹനത്തിൽ, ഷാർജ മെഗാ മാളിനു സമീപമുള്ള തുറസ്സായ സ്ഥലത്താണ് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചത്. രക്തദാനത്തിലും പ്ലേറ്റ് ലൈറ്റുകൾ ദാനം ചെയ്യുന്നതിലും ഷാർജ ഗവൺമെന്റിന്റെ അംഗീകാരം നേടിയ യു എ ഇ യിലെ പ്രമുഖ സാംസ്‌കാരിക സംഘടനയായ മാസ് സംഘടിപ്പിച്ച ബ്ലഡ് ഡോണേഷൻ ക്യാമ്പിൽ വിവിധ തുറകളിൽ നിന്നായി നൂറോളം പേരാണ് രക്തദാനം നടത്തിയത്. മാസ് സെൻട്രൽ വെൽഫയർ കോർഡിനേറ്റർ ടി.സി സമീന്ദ്രൻ രക്തദാന ക്യാമ്പ് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് രതീഷ് ദിവാകർ അധ്യക്ഷനായ ചടങ്ങിൽ മാസ് സെൻട്രൽ വൈസ് പ്രസിഡന്റ് പ്രമോദ് മടിക്കൈ ,മേഖല പ്രസിഡന്റ് ഷൈജു, വെൽഫെയർ കൺവീനർ ഷാജിമോൻ എന്നിവർ ആശംസ അറിയിച്ചു. യൂണിറ്റ് സെക്രട്ടറി അനീഷ് അബ്ദുൽ റഹിം സ്വാഗതവും, ജോയിന്റ് സെക്രട്ടറി സുപിൻ നന്ദിയും പറഞ്ഞു.