ദുബായ് : ഒരു ദിവസം അപകടമില്ലാതെ വണ്ടിയോടിക്കാമോ? ഓടിച്ചാൽ, ഡ്രൈവിങ് ലൈസൻസിലെ 4 ബ്ലാക്ക് പോയിന്റ് കുറച്ചു തരും. സ്കൂൾ തുറക്കുന്നതിനു മുന്നോടിയായി രാജ്യത്തെ റോഡുകൾ അപകടരഹിതമാക്കുന്നതിന് ഈ മാസം 25ന് വാഹന അപകടരഹിത ദിവസമായി ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ചു. അന്ന്, അപകടമുണ്ടാക്കാതെ വാഹനം ഓടിക്കുന്നവർക്ക്, ലൈസൻസിൽ നിലവിലുള്ള ബ്ലാക്ക് പോയിന്റുകളിൽ നാലെണ്ണം കുറഞ്ഞു കിട്ടും.രാജ്യത്തെ എല്ലാ പൊലീസ് സ്റ്റേഷനുകളുടെയും സഹകരണത്തോടെയാണ് അപകടരഹിത ദിനാചരണം നടക്കുന്നത്. രണ്ടു മാസത്തെ അവധിക്കു ശേഷം ഈ മാസം 25ന് കുട്ടികൾ സ്കൂളുകളിലേക്ക് തിരികെ എത്തുകയാണ്. രാജ്യത്തെ റോഡുകളിൽ നിലവിൽ തിരക്ക് കുറവാണ്. കുട്ടികൾ എത്തുന്നതോടെ തിരക്ക് ഇരട്ടിയാകും. അപകട സാധ്യതയും വർധിക്കും. സ്കൂൾ തുറന്നെന്ന ബോധ്യം ഡ്രൈവർമാരിൽ വരുത്താനും കൂടുതൽ ജാഗ്രത പാലിക്കണമെന്ന സന്ദേശം നൽകാനും ലക്ഷ്യമിട്ടാണ് അപകടരഹിത ദിനം ആചരിക്കുന്നത്.ട്രാഫിക് നിയമം ലംഘിക്കാതെ വാഹനം ഓടിക്കുന്ന ഡ്രൈവർമാർക്ക് പ്രോൽസാഹനം നൽകുന്നതിന്റെ ഭാഗമായാണ് ലൈസൻസിൽ ബ്ലാക്ക് പോയിന്റ് ഉണ്ടെങ്കിൽ 4 എണ്ണം കുറയ്ക്കുമെന്ന പ്രഖ്യാപനം. ബ്ലാക്ക് പോയിന്റ് കുറച്ചു കിട്ടേണ്ടവർ ആഭ്യന്തര മന്ത്രാലയത്തിന്റെ (എംഒഐ) വെബ്സൈറ്റിൽ റജിസ്റ്റർ ചെയ്യണം. 25ന് റോഡിൽ സുരക്ഷിതമായി വാഹനം ഓടിക്കാമെന്നും അപകടം ഉണ്ടാക്കില്ലെന്നും ട്രാഫിക് നിയമം കൃത്യമായി പാലിക്കുമെന്ന പ്രതിജ്ഞയാണ് വെബ്സൈറ്റിൽ നൽകേണ്ടത്. അന്ന് അപകടം ഉണ്ടാക്കാതിരുന്നാൽ, സെപ്റ്റംബർ 15ന് ബ്ലാക്ക് പോയിന്റ് കുറയും.

ഇതിനായി ഓഫിസുകളിൽ പോകേണ്ടതില്ല. കുട്ടികൾ സ്കൂളുകളിൽ എത്തുന്ന ദിവസം റോഡുകൾ കൂടുതൽ സുരക്ഷിതമാക്കുക മാത്രമല്ല, ഗതാഗത നിയമ ലംഘനത്തെക്കുറിച്ച് കൂടുതൽ ജാഗ്രതയുണ്ടാക്കാൻ കൂടി ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പാക്കുന്നതെന്നു ഫെഡറൽ ട്രാഫിക് കൗൺസിൽ ചെയർമാൻ ബ്രിഗേഡിയർ ഹുസൈൻ അഹമ്മദ് അൽ ഹറിതി പറഞ്ഞു. വാഹനങ്ങളിൽ സീറ്റ് ബെൽറ്റ് നിർബന്ധമാണ്.റോഡുകളിലെ സ്പീഡ് ലിമിറ്റും പാലിക്കണം. മുന്നിലെ വാഹനങ്ങളുമായി സുരക്ഷിത അകലം ഉറപ്പാക്കണം. മൊബൈൽ ഫോൺ ഉൾപ്പടെ വാഹനം ഓടിക്കുമ്പോൾ മറ്റൊരു സ്ഥലത്തേക്കും ശ്രദ്ധ മാറാൻ പാടില്ല. എമർജൻസി വാഹനങ്ങൾക്കും, ഔദ്യോഗിക വാഹന വ്യുഹത്തിനും വഴിയൊരുക്കുകയും വേണം.