ദുബായ് ∙ മധ്യവേനൽ അവധിക്ക് ശേഷം കുട്ടികളും കുടുംബങ്ങളും ഉൾപ്പെടെയുള്ള താമസക്കാർ മടങ്ങിയെത്തുന്നതിനാൽ വരും ദിനങ്ങളിൽ ദുബായ് രാജ്യാന്തര വിമാനത്താവളത്തിൽ തിരക്കേറും. ഈ മാസം 13നും 25നും ഇടയിൽ 36 ലക്ഷത്തിലധികം യാത്രക്കാരെയാണ് പ്രതീക്ഷിക്കുന്നതെന്ന് അധികൃതർ.ഓഗസ്റ്റ് അവസാനത്തോടെ സ്കൂളുകൾക്ക് പുതിയ അധ്യയന വർഷം തുടങ്ങുമെന്നതിനാൽ മധ്യവേനൽ അവധി ആഘോഷത്തിനായി രാജ്യത്തിന് പുറത്ത് പോയ സ്വദേശി, പ്രവാസി കുടുംബങ്ങളെല്ലാം യുഎഇയിലേക്ക് മടങ്ങി വരുന്നതിന്റെ തിരക്കിലാണ്. ദുബായ് വിമാനത്താവളത്തിലെ യാത്രക്കാരുടെ എണ്ണത്തിൽ പ്രതിദിന ശരാശരി 2,80,000 ആണ്. എന്നാൽ വെള്ളിയാഴ്ച (15) തിരക്ക് കൂടിയ ദിനമായതിനാൽ നാളെ 2,90,000 യാത്രക്കാരെയാണ് പ്രതീക്ഷിക്കുന്നത്. ഈ വർഷം ആദ്യ പകുതിയിൽ 9.88 ദശലക്ഷം രാജ്യാന്തര സന്ദർശകരാണ് ദുബായ് രാജ്യാന്തര വിമാനത്താവളത്തിലൂടെ കടന്നു പോയത്. വർഷാവർഷം 6 ശതമാനമാണ് വർധന. ആഭ്യന്തരം, രാജ്യാന്തരം ഉൾപ്പെടെ ആദ്യ പകുതിയിൽ മൊത്തം 46 മില്യൻ യാത്രക്കാരെയാണ് വിമാനത്താവളം സ്വാഗതം ചെയ്തത്. ലോകത്തിലെ ഏറ്റവും വലിയ രാജ്യാന്തര വിമാനത്താവളങ്ങളുടെ പട്ടികയിലെ സ്ഥാനം ഊട്ടിയുറപ്പിക്കുന്നതാണ് യാത്രക്കാരുടെ കണക്ക്. വരും ദിനങ്ങളിൽ യാത്രക്കാരുടെ തിരക്കേറുമെന്നതിനാൽ വിമാനത്താവളത്തിലെ സുരക്ഷാ പരിശോധന ഉൾപ്പെടെയുള്ള യാത്രാ നടപടികൾ സുഗമമാക്കാനുള്ള തയാറെടുപ്പുകളും അധികൃതർ പൂർത്തിയാക്കിയിട്ടുണ്ട്. ദുബായ് രാജ്യാന്തര വിമാനത്താവളത്തിലേക്ക് വരുന്ന യാത്രക്കാർക്ക് തിരക്കൊഴിവാക്കാനുള്ള മാർഗങ്ങളും അധികൃതർ നിർദേശിച്ചിട്ടുണ്ട്.

അറൈവൽ സുഗമമാക്കാൻ ശ്രദ്ധിക്കാം
∙ കുടുംബമായെത്തുന്നവർ, 12 വയസ്സിന് മുകളിൽ പ്രായമുള്ള കുട്ടികളാണുള്ളതെങ്കിൽ അറൈവൽ ടെർമിനിലെ സ്മാർട് ഗേറ്റുകൾ ഉപയോഗിച്ചാൽ ഇമിഗ്രേഷൻ നടപടികൾ വേഗത്തിൽ പൂർത്തിയാക്കാം.
∙ കൗണ്ടറിലേക്ക് എത്തുമ്പോൾ തന്നെ പാസ്പോർട്ട്, ബോർഡിങ് പാസുകൾ, റസിഡൻസ് പെർമിറ്റ്, വീസ എന്നിവ കൈവശമെടുത്തു വച്ചാൽ ക്ലിയറൻസ് നടപടികളും വേഗത്തിൽ കഴിയും.
∙ അറൈവൽ ടെർമിനലിലെ ലോഞ്ചുകൾ, ഡൈനിങ്, ഷോപ്പിങ്, ഡ്യൂട്ടി ഫ്രീ സൗകര്യങ്ങൾ പ്രയോജനപ്പെടുത്താം.
വിമാനത്താവളത്തിന് പുറത്തേക്ക് പോകാൻ ടെർമിനൽ 1, 3 എന്നിവയിൽ ചെന്നാൽ ദുബായ് മെട്രോയുടെ സേവനം ലഭിക്കും. ഊബർ, കരീം, ആർടിഎ ടാക്സികൾ, കാർ റെന്റൽ സേവനങ്ങളും ലഭ്യമാണ്.
∙ നിശ്ചയദാർഢ്യമുള്ള ആളുകൾക്ക് പ്രത്യേക അക്സസിബിലിറ്റി സൗകര്യങ്ങളും ഉണ്ട്. ടെർമിനൽ രണ്ടിലെ പ്രത്യേക അസിസ്റ്റഡ് ട്രാവൽ ലോഞ്ചും പ്രയോജനപ്പെടുത്താം