ദുബായ് :യുഎഇ ആസ്ഥനമാക്കിയുള്ള സാഹസിക സഞ്ചാരികളുടെ കൂട്ടായ്മയായ A4 Adventure ഈ വർഷവും സ്വതന്ത്ര ദിനാഘോഷം വിപുലമായി ഖോർഫുക്കാനിലെ റഫിസ ഡാം മലമുകയിൽ ആഘോഷിച്ചു. ഇന്ത്യൻ സ്വാതന്ത്ര്യദിനം എത്രമാത്രം വ്യത്യസ്തമായി ആഘോഷിക്കാം എന്നും എത്ര ഉയരത്തിൽ നമുക്ക് നമ്മുടെ ത്രിവർണ്ണ പതാക പാറിക്കാം എന്ന ആശയം ഉൾക്കൊണ്ടാണ് കൂട്ടായ്മയുടെ പ്രവർത്തകർ പുലർച്ചെ ഹൈക് ചെയ്ത് മലമുകളിൽ സ്വതന്ത്ര ദിനം ആഘോഷിച്ചത്. കുട്ടികളും മുതിർന്നവരും അടക്കം ഏകദേശം നൂറിലധികം പേർ പങ്കെടുത്തു. A4 Adventure ലെ അംഗങ്ങൾക്ക് ഇതു ആദ്യാനുഭവം അല്ല. ഓണവും പെരുന്നാളും കൃസ്തുമസും തുടങ്ങി എല്ലാ വിശേഷദിവസങ്ങളും ആഘോഷിക്കുവാൻ മല കയറുന്ന ഈ കൂട്ടായ്മ മുൻ വർഷങ്ങളിലും നിരവധി വ്യത്യസ്തമാർന്ന ആഘോഷ പരിപാടികൾ മലമുകയിൽ ആഘോഷിച്ച് വേറിട്ട് നിന്നിരുന്നു. ഉള്ളിൽ ദേശ സ്നേഹവും ചുണ്ടിൽ ദേശഭക്തി ഗാനങ്ങളുമായി മലകയറിയവർ, സ്വാതന്ത്ര്യ ദിന സന്ദേശം പകർന്നും, മധുരം പങ്കുവച്ചും വിവിധ കലാപരിപാടികളോടെയും ആണ് ഈ ദിനം മനോഹരമാക്കിയത്.

സമുദ്രനിരപ്പിൽ നിന്നും ആയിരത്തിലധികം ഉയരത്തിൽ നമ്മുടെ നൂറോളം ത്രിവർണ്ണ പതാക പാറിക്കളിക്കുന്നത് തന്നെയായിരുന്നു ഇത്തവണയും സ്വാതന്ത്ര്യദിനാഘോഷ പരിപാടികളിൽ ഏറ്റവും വേറിട്ട കാഴ്ച. A4 Adventure സ്ഥാപകൻ ഹരി കോട്ടച്ചേരി ആശംസകൾ അറിയിച്ച് സംസാരിച്ചു. അദ്‌നാൻ കാലടി , വിഷ്ണു മോഹൻ , അക്ഷര , അലീന എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി