ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് (ഐ.യു.എം.എൽ) നാഷണൽ കമ്മിറ്റി വൈസ് പ്രസിഡന്റും, സഫാരി ഗ്രൂപ് ഡെപ്യൂട്ടി ചെയർമാനും മാനേജിംഗ് ഡയരക്ടറുമായ സൈനുൽ ആബിദീൻ തന്റെ പുതിയ ദൗത്യം, പാർട്ടിയുടെ ചരിത്രപരമായ പാരമ്പര്യം, ഇന്നത്തെ സാമൂഹിക-രാഷ്ട്രീയ കാലാവസ്ഥയിൽ ശക്തമായ പ്രാതിനിധ്യത്തിന്റെ പ്രാധാന്യം എന്നിവയെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാടുകൾ അഭിമുഖത്തിൽ പങ്കുവെക്കുന്നു.

? ഐ.യു.എം.എൽ നാഷണൽ കമ്മിറ്റി വൈസ് പ്രസിഡന്റായി നിയമിതനായതിൽ അഭിനന്ദനങ്ങൾ. ഈ അംഗീകാരത്തെ താങ്കൾ എങ്ങനെ കാണുന്നു, വ്യക്തിപരമായ അഭിപ്രായം?
- ഐ.യു.എം.എലിന്റെ ആദരണീയനായ പൊളിറ്റിക്കൽ അഡ്വൈസറി കൗൺസിൽ ചെയർമാൻ പാണക്കാട് സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങൾ എന്നിലർപ്പിച്ച വിശ്വാസത്തിനും ആത്മവിശ്വാസത്തിനും ഞാൻ അങ്ങേയറ്റം നന്ദിയുള്ളവനാണ്. ഐ.യു.എം.എൽ ദേശീയ പ്രസിഡന്റ് പ്രൊഫ. കെ.എം ഖാദർ മൊയ്തീൻ സാഹിബ്, മുൻ എം.പിയും ആദരണീയ ജന.സെക്രട്ടറിയുമായ പി.കെ കുഞ്ഞാലിക്കുട്ടി സാഹിബ് എന്നിവരോടും ഞാനേറെ കടപ്പെട്ടിരിക്കുന്നു.
ഈ നിയമനം വ്യക്തിപരമായൊരു ബഹുമതി മാത്രമല്ല, മുസ്ലിം ലീഗുമായുള്ള എന്റെ ആജീവനാന്ത ബന്ധത്തെ ഊട്ടിയുറപ്പിക്കുന്നത് കൂടിയാണീ ദൗത്യം. എന്റെ സ്കൂൾ കാലഘട്ടത്തിൽ എം.എസ്.എഫുമായും, പ്രവാസി കാലഘട്ടത്തിൽ കെ.എം.സി.സിയുമായുമുള്ള സജീവ ഇടപെടലിലൂടെ ഞാനീ യാത്ര തുടരുന്നു. ഒരു പദവി എന്നതിലുപരി, ഐ.യു.എം.എലിന്റെ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കാനും സമൂഹത്തെ സേവിക്കാനുമുള്ള ശാശ്വത പ്രതിബദ്ധതയാണിത്. പ്രത്യേകിച്ചും, വെല്ലുവിളി നിറഞ്ഞ ഈ സമയങ്ങളിൽ.
ഇന്ത്യൻ മുസ്ലിംകളുടെ അഭിലാഷങ്ങളോടും ആശങ്കകളോടും ഐ.യു.എം.എൽ എപ്പോഴും അടുത്തു നിൽക്കുന്നു. അവരുടെ താൽപര്യങ്ങൾ സമഗ്രതയോടും സമർപ്പണത്തോടും കൂടി സംരക്ഷിക്കാനുള്ള ഒരവസരമായി ഞാൻ ഈ ദൗത്യത്തെ കണക്കാക്കുന്നു.

? മുസ്ലിം ലീഗിന്, വിശേഷിച്ചും ഇന്ത്യാ വിഭജനത്തിനു ശേഷം സമ്പന്നവും സംഭവ ബഹുലവുമായ ഒരു ചരിത്രമുണ്ട്. അതിന്റെ ഇന്നത്തെ പരിണാമത്തെയും പ്രസക്തിയെയും താങ്കൾ എങ്ങനെ വിലയിരുത്തുന്നു?
- വിഭജന ശേഷം യഥാർത്ഥ ഓൾ ഇന്ത്യാ മുസ്ലിം ലീഗ് പാകിസ്ഥാനിലേക്ക് പോയതിനെത്തുടർന്ന് 1948ൽ ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് സ്ഥാപിതമായി. ഐ.യു.എം.എൽ സ്ഥാപകൻ ഖാഇദേ മില്ലത്ത് മുഹമ്മദ് ഇസ്മാഈൽ സാഹിബ്, കെ.എം സീതി സാഹിബ് തുടങ്ങിയ മഹാൻമാരായ ദാർശനികർ ഇന്ത്യയിൽ ലീഗിനെ പുനർനിർമിച്ചു.
ലോക്സഭയിൽ രണ്ട് എം.പിമാർ മാത്രം പ്രതിനിധീകരിച്ചിരുന്ന ആദ്യ കാലം മുതൽ, ഐ.യു.എം.എൽ ഗണ്യമായ പുരോഗതി കൈവരിച്ചു. ഇബ്രാഹിം സുലൈമാൻ സേട്ട്, ജി.എം ബനാത് വാല തുടങ്ങിയ നേതാക്കൾ ഇന്ത്യൻ മുസ്ലിംകളുടെ അവകാശങ്ങൾക്കായി നിരന്തരം വാദിച്ചു കൊണ്ട് പാർലമെന്റിൽ നിർണായക പങ്കു വഹിച്ചു. രാജ്യത്തെ ഏറ്റവും വെല്ലുവിളി നിറഞ്ഞ ഘട്ടങ്ങളിൽ അവരുടെ വിശിഷ്ട നേതൃത്വം മുസ്ലിം ലീഗിനെ വിശ്വാസ്യതയും അന്തസ്സും നിലനിർത്താൻ സഹായിച്ചു.
ഐ.യു.എം.എലിന്റെ ബഹുജന അടിത്തറ കേരളത്തിൽ ശക്തമായി തുടരുമ്പോൾ, ഇന്ത്യയിലുടനീളം അതിന്റെ സാന്നിധ്യം ക്രമാനുഗതമായി വളർന്നു. ഇ.അഹമ്മദ് സാഹിബിനെ പോലുള്ള നേതാക്കളുടെ സംഭാവനകൾ, പ്രത്യേകിച്ചും മന്ത്രി എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ സേവനവും യു.എന്നിൽ 27 തവണ ഇന്ത്യയെ പ്രതിനിധീകരിച്ചതും സമാനതകളില്ലാത്തതാണ്. പ്രൊഫ. ഖാദർ മൊയ്തീൻ സാഹിബ്, പി.കെ കുഞ്ഞാലിക്കുട്ടി സാഹിബ്, പി.വി അബ്ദുൽ വഹാബ് സാഹിബ് എന്നിവരുടെ തുടർച്ചയായ ശ്രമങ്ങൾ പ്രചോദനം പകരുന്നതാണ്.
ഇന്ന്, ഇന്ത്യയിലെ മുസ്ലിംകൾക്ക് ഏറ്റവും പ്രസക്തവും ആദരണീയവുമായ രാഷ്ട്രീയ ശബ്ദങ്ങളിലൊന്നായി ഐ.യു.എം.എൽ നിലകൊള്ളുന്നു.
മതേതര മൂല്യങ്ങൾ ഭീഷണി നേരിടുന്ന വർത്തമാന പരിത:സ്ഥിതിയിൽ, സുസ്ഥിര പ്രതിരോധത്തിൽ ഉറച്ചു നിന്നുകൊണ്ട് ഇന്ത്യയിലെ മുസ്ലിംകൾക്ക് ഏറ്റവും പ്രസക്തവും ആദരണീയവുമായ രാഷ്ട്രീയ ശബ്ദങ്ങളിലൊന്നായി ഐ.യു.എം.എൽ വർത്തിക്കുന്നു.
? ഇന്ത്യയിലെ നിലവിലെ സാമൂഹിക-രാഷ്ട്രീയ സാഹചര്യത്തെ, പ്രത്യേകിച്ചും ന്യൂനപക്ഷങ്ങൾക്കിടയിൽ വർധിച്ചു വരുന്ന ആശങ്കകളെ എങ്ങനെ കാണുന്നു?
- ന്യൂനപക്ഷങ്ങൾ, പ്രത്യേകിച്ചും മുസ്ലിംകൾ നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ വെല്ലുവിളി നിറഞ്ഞ ഘട്ടങ്ങളെ അഭിമുഖീകരിക്കുന്നു. 2014 മുതൽ ഹിന്ദുത്വ പ്രത്യയശാസ്ത്രത്തിന്റെ ഉയർച്ച നമ്മുടെ രാജ്യത്തിന്റെ ജനാധിപത്യപരവും മതേതരവുമായ ഭൂപ്രകൃതിയെ ഗണ്യമായി മാറ്റിമറിച്ചു. വഖഫ് ഭേദഗതി ബിൽ, എൻ.ആർ.സി, ഡൽഹി പ്രതിഷേധങ്ങൾക്കിടയാക്കിയ നയങ്ങൾ തുടങ്ങിയ ന്യൂനപക്ഷ വിരുദ്ധ നടപടികളെ നിയമപരവും രാഷ്ട്രീയവുമായ നീക്കങ്ങളിലൂടെ ഐ.യു.എം.എൽ സജീവമായി എതിർത്തിട്ടുണ്ട്.
പാർലമെന്റിലെ ലോവർ ഹൗസിൽ മൂന്ന് എം.പിമാരും ഉപരിസഭയിൽ രണ്ട് എം.പിമാരും മാത്രമേ നിലവിൽ ഉള്ളൂവെങ്കിലും, മറ്റുള്ളവർ അഭിസംബോധന ചെയ്യാൻ മടിക്കുന്ന നിർണായക വിഷയങ്ങൾ ധൈര്യവും ബോധ്യവും പ്രകടിപ്പിച്ചു കൊണ്ട് ഐ.യു.എം.എൽ നിരന്തരം ഉന്നയിച്ചിട്ടുണ്ട്. ഓഗസ്റ്റ് 24ന് ന്യൂഡൽഹിയിൽ നടക്കാനിരിക്കുന്ന ഐ.യു.എം.എൽ പുതിയ കേന്ദ്ര ഓഫിസിന്റെ ഉദ്ഘാടനം സുപ്രധാന നാഴികക്കല്ലാണ്. ദേശീയ വിഷയങ്ങളിൽ ഇടപഴകുന്നതിനുള്ള ചലനാത്മകമായൊരു കേന്ദ്രമായി അത് മാറും. ഇന്ത്യൻ മുസ്ലിംകൾക്ക് അവരുടെ ആശങ്കകളും അഭിലാഷങ്ങളും പ്രകടിപ്പിക്കാനുള്ള ശക്തമായൊരു വേദി നൽകുകയും ചെയ്യും.
? ദേശീയ വികസനവും മറ്റ് സംസ്ഥാനങ്ങളിലെ ജനകീയ പിന്തുണയും സംബന്ധിച്ച് പ്രത്യേകമായി ഐ.യു.എം.എലിന്റെ ഭാവി പദ്ധതികൾ എന്തൊക്കെയാണ്?
- പരമ്പരാഗത ശക്തികേന്ദ്രങ്ങൾക്കപ്പുറത്തേക്ക് വികസിക്കാൻ ഐ.യു.എം.എൽ സജീവമായി പ്രവർത്തിക്കുന്നു. വിശേഷിച്ചും, വർധിച്ചു വരുന്ന വർഗീയ ധ്രുവീകരണ കാലഘട്ടത്തിൽ, പ്രാദേശികമായി മുസ്ലിംകൾ നേരിടുന്ന കടുത്ത വെല്ലുവിളികൾ നേരിടാനായി പശ്ചിമ ബംഗാൾ, ബിഹാർ, ഉത്തർ പ്രദേശ്, മറ്റ് പ്രദേശങ്ങൾ എന്നിവിടങ്ങളിൽ ഞങ്ങൾ സംസ്ഥാന തല കമ്മിറ്റികൾ രൂപീകരിക്കുന്നു.
വിമർശിക്കുക മാത്രമല്ല, നയിക്കുക എന്നതും സൃഷ്ടിപരവും പരിഹാരങ്ങളിലേക്ക് എത്തിക്കുന്നതുമായ ഒരു രാഷ്ട്രീയ ശക്തിയാകുക എന്നതാണ് ഞങ്ങളുടെ ദർശനം. വിദ്യാഭ്യാസം, നിയമ പിന്തുണ, സാമൂഹിക വികസനം, രാഷ്ട്രീയ ശാക്തീകരണം എന്നിവയിലൂടെ സമൂഹങ്ങളെ ഉയർത്തുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. പ്രൊഫ. ഖാദർ മൊയ്തീൻ സാഹിബിനെപ്പോലുള്ള നേതാക്കൾ ക്ഷമ, പ്രതിരോധ ശേഷി, സൂഫി മൂല്യങ്ങളിൽ ആഴത്തിൽ വേരൂന്നിയ ദർശനം എന്നിവയിലൂടെ ഞങ്ങളെ നയിക്കുന്നു.
ഈ നിർണായക റോളിലേക്ക് ഞാൻ കാലെടുത്തു വയ്ക്കുമ്പോൾ, എന്റെ ശ്രദ്ധ വ്യക്തമാണ്: ശബ്ദമില്ലാത്തവരുടെ ശബ്ദമാവുക, സത്യസന്ധതയോടും പ്രതിബദ്ധതയോടും കൂടി സേവനം ചെയ്യുക. ഇന്ത്യൻ മുസ്ലിംകൾ നേരിടുന്ന ചരിത്രപരവും സമകാലികവുമായ വെല്ലുവിളികളെക്കുറിച്ചുള്ള സൂക്ഷ്മമായ ധാരണയും, അടിസ്ഥാന തല ബന്ധങ്ങളുള്ള നേതാക്കളെ വളർത്തിയെടുക്കുന്നതിനുള്ള ഐ.യു.എം.എലിന്റെ സ്ഥിര സമർപ്പണവുമാണ് എന്നിലർപ്പിതമായ ചുമതലയിലൂടെ പ്രതിഫലിക്കുന്നത്.