അബുദാബി : റോഡിൽ ടോൾ കൊടുക്കേണ്ട സമയത്തിലും പരമാവധി നൽകേണ്ട തുകയിലും മാറ്റം വരുത്തി അബുദാബി. അബുദാബിയിലെ ടോൾ സംവിധാനമായ ദർബിൽ രാവിലെ 7 മുതൽ 9 വരെയും വൈകിട്ട് 3 മുതൽ 7 വരെയും പണം ഈടാക്കും. വൈകുന്നേരത്തെ സമയത്തിലാണ് മാറ്റം വരുത്തിയത്. നേരത്തെ വൈകിട്ട് 5 മുതൽ 7 വരെയാണ് ടോൾ ഈടാക്കിയിരുന്നത്. ബാക്കി സമയം യാത്ര സൗജന്യമായിരിക്കും. ഞായറാഴ്ചകളിലും പൊതു അവധി ദിനങ്ങളിലും മുഴുവൻ സമയവും ടോൾ നൽകാതെ യാത്ര ചെയ്യാം.ഒരു ദിവസം പരമാവധി 16 ദിർഹവും മാസം 200 ദിർഹവും ടോൾ നൽകിയാൽ മതിയെന്ന നിബന്ധനയും എടുത്തു കളഞ്ഞു. ഇനി മുതൽ വാഹനം ഓരോ തവണ കടന്നു പോകുമ്പോഴും 4 ദിർഹം വീതം ടോൾ നൽകേണ്ടി വരും.

പരിഷ്കാരം സെപ്റ്റംബർ ഒന്നിന് നിലവിൽ വരും. നിലവിൽ സ്വകാര്യ വ്യക്തികളുടെ ഒന്നാമത്തെ വണ്ടിക്ക് മാസം പരമാവധി 200 ദിർഹവും, രണ്ടാം വണ്ടിക്ക് 150 ദിർഹവും മൂന്നാം വണ്ടിക്ക് 100 ദിർഹവും ടോൾ നൽകിയാൽ മതിയായിരുന്നു. അതേസമയം, ശാരീരിക വെല്ലുവിളി നേരിടുന്നവർ, വരുമാനം കുറഞ്ഞ കുടുംബങ്ങൾ, മുതിർന്ന പൗരന്മാർ, വിരമിച്ച ജീവനക്കാർ എന്നിവർക്കു ടോളില്ല. റോഡിലെ തിരക്ക് കുറയ്ക്കുന്നതിന്റെ ഭാഗമായാണ് ടോൾ സമയത്തിൽ മാറ്റം വരുത്തിയതെന്ന് ട്രാഫിക് അധികൃതർ അറിയിച്ചു. 2021ൽ ആണ് അബുദാബിയിൽ ദർബ് ടോൾ ഗേറ്റുകൾ സ്ഥാപിച്ചത്. മൊത്തം 8 ടോൾ ഗേറ്റുകളുണ്ട്. നഗരത്തിലേക്കു പ്രവേശിക്കുകയും പുറത്തേക്കു കടക്കുകയും ചെയ്യുന്ന പ്രധാന പാലത്തിലാണ് ദർബ് ഗേറ്റുകളുള്ളത്.