ദുബായ് : ഇന്ത്യയുടെ 79-ാം സ്വാതന്ത്ര്യദിനത്തിൽ ഇന്ത്യക്കാരോടൊപ്പം ചേർന്ന് ത്രിദിനവർണത്തിൽ ചമഞ്ഞൊരുങ്ങി ദുബായിലെ ബുർജ് ഖലീഫയും താരമായി. ലോകത്തിലെ ഏറ്റവും ഉയരംകൂടിയ ഈ കെട്ടിടം ദുബായ് നഗരഹൃദയമായ ഷെയ്ഖ് സായിദ് റോഡിനരികിൽ ത്രിവർണങ്ങളിൽ പ്രകാശിച്ചു.ഇന്ത്യയോടും ഇവിടുത്തെ പ്രവാസികളോടുമുള്ള യുഎഇയുടെ ആദരവും സൗഹൃദവും വ്യക്തമാക്കുന്നതായിരുന്നു ഈ ദീപക്കാഴ്ച. വെള്ളിയാഴ്ച രാത്രിയാണ് ബുർജ് ഖലീഫ കേസരി, വെള്ള, പച്ച നിറങ്ങളിൽ തിളങ്ങിയത്. ഇത് കാണാൻ ദുബായിലെയും സമീപപ്രദേശങ്ങളിലെയും ആയിരക്കണക്കിന് ഇന്ത്യൻ പ്രവാസികൾ തടിച്ചുകൂടി.സ്വന്തം രാജ്യത്തോടുള്ള സ്നേഹം വിളിച്ചറിയിച്ച് അവർ മുദ്രാവാക്യങ്ങൾ വിളിക്കുകയും ദേശീയ ഗാനം ആലപിക്കുകയും ചെയ്തു. മൊബൈലിൽ ഈ ദൃശ്യങ്ങൾ പകർത്തി പലരും സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചു. ഇന്ത്യൻ ദേശീയഗാനത്തിന്റെ പശ്ചാത്തലത്തിൽ ബുർജ് ഖലീഫ പ്രകാശിക്കുന്ന ഒരു വിഡിയോ ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ് സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചുകൊണ്ട് ഇങ്ങനെ കുറിച്ചു: “ഇന്ത്യയുടെ 79-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന വേളയിൽ ലോകത്തിലെ ഏറ്റവും പ്രശസ്തമായ ഈ കെട്ടിടത്തിൽ ത്രിവർണ പതാക തിളങ്ങിയത് യുഎഇയിലെ മുഴുവൻ ഇന്ത്യൻ സമൂഹത്തിനും അഭിമാനിക്കാവുന്ന നിമിഷമാണ്.
ബുർജ് ഖലീഫയിലെ ഈ ആഘോഷത്തിന് പിന്നാലെ യുഎഇയിലെ വിവിധ ഇന്ത്യൻ മിഷനുകളും സംഘടനകളും കമ്പനികളും പലതരം പരിപാടികൾ സംഘടിപ്പിച്ചു. അബുദാബിയിലെ ഇന്ത്യൻ എംബസിയിലും ദുബായിലെ ഇന്ത്യൻ കോൺസുലേറ്റിലും നടന്ന പതാക ഉയർത്തൽ ചടങ്ങിന് സ്ഥാനപതിയും കോൺസൽ ജനറലും യഥാക്രമം നേതൃത്വം നൽകി വിവിധ പ്രായക്കാരായ ഇന്ത്യക്കാർ പങ്കെടുത്തു. ഇന്ത്യയുടെ സമ്പന്നമായ സാംസ്കാരിക പൈതൃകം വിളിച്ചോതുന്ന പരിപാടികളും അരങ്ങേറി. ഇങ്ങനെയൊരു കാഴ്ച ഒരുക്കിയതിലൂടെ ഇന്ത്യയും യുഎഇയും തമ്മിലുള്ള സൗഹൃദബന്ധം കൂടുതൽ ശക്തമാണെന്ന് ഒരിക്കൽക്കൂടി തെളിയിച്ചിരിക്കുകയാണ്.