അബുദാബി : യുഎഇയിലെ ഇന്ത്യൻ സ്ഥാനപതി സഞ്ജയ് സുധീർ അടുത്ത മാസം 30ന് കാലാവധി പൂർത്തിയാക്കും. ഇന്നലെ നടത്തിയ സ്വതന്ത്ര്യ ദിന പ്രസംഗത്തിൽ അദ്ദേഹം തന്റെ വിടവാങ്ങലും പ്രഖ്യാപിച്ചു. 2021 നവംബറിലാണ് സഞ്ജയ് സുധീർ അബുദാബിയിൽ ഇന്ത്യൻ സ്ഥാനപതിയുടെ ചുമതലയേറ്റത്. 3 വർഷവും 10 മാസവും ചുമതലയിൽ ഇരുന്ന അദ്ദേഹം സെപ്റ്റംബർ 30ന് ഇന്ത്യൻ വിദേശകാര്യ സർവീസിൽ നിന്നു വിരമിക്കും. ഇന്ത്യ – യുഎഇ ബന്ധത്തിനു കരുത്തു നൽകുന്ന ഓരോ ഇന്ത്യക്കാരോടും അനുഭാവപൂർവം പെരുമാറുന്ന യുഎഇ ഭരണകൂടത്തോടും സ്ഥാനപതി നന്ദി പറഞ്ഞു. ഇന്ത്യൻ എംബസിയുടെയും ദുബായ് കോൺസുലേറ്റിന്റെയും വാതിലുകൾ ഇന്ത്യക്കാർക്കായി എപ്പോഴും തുറന്നു തന്നെയുണ്ടാകുമെന്നും ഉറപ്പു നൽകിയാണ് സഞ്ജയ് സുധീർ പ്രസംഗം പൂർത്തിയാക്കിയത്.