ദുബായ്: സന്നദ്ധപ്രവർത്തനങ്ങളുടെ സംസ്കാരം ശക്തിപ്പെടുത്തുന്നതിനും സാമൂഹിക പങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്നതിനും ദുബായിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് (GDRFA ദുബായ്), “നബ്ദ് അൽ എമിറാത്ത്” വോളണ്ടിയർ ടീമുമായി ധാരണാപത്രം ഒപ്പിട്ടു.സുസ്ഥിര വികസനത്തിനും ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിനും സഹായിക്കുന്ന മാനുഷിക, സാമൂഹിക സംരംഭങ്ങളെ പിന്തുണയ്ക്കുന്നതിന് ലക്ഷ്യമിട്ടുള്ള ഈ സഹകരണം, ദുബായുടെ സാമൂഹിക പ്രതിബദ്ധതയുടെ കാഴ്ചപ്പാടിന് അനുസൃതമാണ്.
ജി ഡി ആർ എഫ് എ -ദുബായ് ഹ്യൂമൻ ആൻഡ് ഫിനാൻഷ്യൽ റിസോഴ്‌സസ് സെക്ടർ അസിസ്റ്റന്റ് ഡയറക്ടർ ജനറൽ മേജർ ജനറൽ അവദ് മുഹമ്മദ് ഗാനം സായിദ് അൽ അവായീമും, “നബ്ദ് അൽ എമിറാത്ത്” ടീം ചെയർമാൻ ഡോ. ഖാലിദ് നവാബ് അൽ ബ്ലൂഷിയും ധാരണാപത്രത്തിൽ ഒപ്പുവെച്ചു.
ധാരണാപത്രം വഴി സന്നദ്ധപ്രവർത്തനങ്ങളുടെ കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിനും സമൂഹത്തിൽ അതിന്റെ നല്ല സ്വാധീനം വികസിപ്പിക്കുന്നതിനും ഇരു വിഭാഗവും തമ്മിൽ അറിവും അനുഭവപരിചയവും പങ്കുവെക്കും. കൂടാതെ, ദേശീയ പരിപാടികളെ പിന്തുണയ്ക്കുന്നതിനും ആവശ്യമായ വിഭവങ്ങൾ നൽകുന്നതിനും സംയുക്ത ശ്രമങ്ങൾ നടത്തും. ഈ സംരംഭങ്ങളെക്കുറിച്ച് പ്രചരിപ്പിക്കുന്നതിനും മാനുഷിക സന്ദേശം ഉയർത്തിക്കാട്ടുന്നതിനും ഇരു വിഭാഗങ്ങളുടെയും സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ ഉപയോഗിക്കാനും ധാരണയായി.
ജി ഡി ആർ എഫ് എ – ദുബായുടെ സാമൂഹിക ഉത്തരവാദിത്തത്തോടുള്ള പ്രതിബദ്ധത ഈ പങ്കാളിത്തം പ്രതിഫലിക്കുന്നുവെന്ന് മേജർ ജനറൽ അവദ് അൽ അവായീം പറഞ്ഞു.വോളണ്ടിയർ ടീമുകളുമായുള്ള സഹകരണം, ദേശീയ സംരംഭങ്ങളെ പിന്തുണയ്ക്കുന്നതിനും ദുബായുടെ സ്ഥാനം ലോകത്ത് ഉയർത്തുന്നതിനും നൂതനമായ അവസരങ്ങൾ സൃഷ്ടിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ഈ പങ്കാളിത്തത്തിൽ അഭിമാനമുണ്ടെന്ന് ഡോ. ഖാലിദ് നവാബ് അൽ ബ്ലൂഷി പറഞ്ഞു. ഇത് സമൂഹത്തെ സേവിക്കുന്നതിനുള്ള ഒരു പ്രധാന ചുവടുവെപ്പാണെന്നും യുഎഇയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങൾക്കായി ജി ഡി ആർ എഫ് എ ദുബായുമായി ചേർന്ന് പ്രവർത്തിക്കുന്നത് തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.