അബുദാബി : മധ്യവേനൽ അവധിക്കുശേഷം യുഎഇയിലെ സർക്കാർ, സ്വകാര്യ സ്കൂളുകൾ 25നു തുറക്കാനിരിക്കെ അധ്യാപക, അനധ്യാപക ജീവനക്കാർ ഇന്നു സ്കൂളിലെത്തും. വിദ്യാർഥികളെ സ്വീകരിക്കാനുള്ള തയാറെടുപ്പുകൾ ഇതോടെ വിവിധ സ്കൂളുകളിൽ സജീവമാകും.അധ്യാപകർക്കുള്ള പ്രഫഷനൽ ഡവലപ്മെന്റ് പ്രോഗ്രാമിന്റെ ആദ്യഘട്ടം നാളെ മുതൽ 22 വരെ നടത്തും. രണ്ടാം ഘട്ടം ഒക്ടോബർ 13 മുതൽ 15 വരെയും. പുതിയ അധ്യയന വർഷത്തിൽ മൂന്നു പാദങ്ങളിലായി മുഴുവൻ 178 ദിവസമാണു പ്രവൃത്തി ദിനങ്ങൾ. പ്രാദേശിക, വിദേശ സിലബസ് സ്കൂളുകൾ പുതിയ അധ്യയന വർഷത്തിലേക്കാണു വിദ്യാർഥികളെ സ്വാഗതം ചെയ്യുന്നത്. എന്നാൽ, ഏപ്രിലിൽ അധ്യയനം തുടങ്ങിയ ഇന്ത്യൻ സിലബസ് സ്കൂളുകൾ രണ്ടാംപാദ പഠനച്ചൂടിലേക്കാണ് എത്തുക.