അബുദാബി : യുഎഇയിൽ തൊഴിൽ അവകാശങ്ങളെയും ബാധ്യതകളെയും കുറിച്ച് തൊഴിലുടമകൾക്കായി ബോധവൽക്കരണ ടൂൾ കിറ്റ് പുറത്തിറക്കുന്നു. തൊഴിലാളി-തൊഴിലുടമ ബന്ധങ്ങൾ സുതാര്യമാക്കുന്നതിനുള്ള മാർഗനിർദേശങ്ങൾക്കൊപ്പം ഇരുകക്ഷികളുടെ അവകാശങ്ങളും ബാധ്യതകളും ടൂൾകിറ്റിൽ വിവരിക്കുന്നു.യുഎഇ തൊഴിൽ നിയമം അനുസരിച്ചുള്ള അവകാശങ്ങൾ നേടാൻ തൊഴിലുടമകളെയും തൊഴിലാളികളെയും പ്രാപ്തമാക്കുന്നതാണ് ടൂൾകിറ്റ് എന്ന് മാനവ വിഭവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയം (എംഒഎച്ച്ആർഇ) വ്യക്തമാക്കുന്നു.ജീവനക്കാരുമായുള്ള തൊഴിൽ കരാർ ബന്ധങ്ങൾ ശക്തമാക്കുന്നതിനും നിയമപരമായ അവകാശങ്ങളും ബാധ്യതകളും തൊഴിലുടമകളെ പരിചയപ്പെടുത്താനും സുസ്ഥിരവും സന്തുലിതവുമായ തൊഴിൽ അന്തരീക്ഷം സൃഷ്ടിക്കുന്നതിനും ടൂൾകിറ്റ് ലക്ഷ്യമിടുന്നു. പ്രഫഷനൽ വികസനത്തെ പിന്തുണയ്ക്കുന്നതിലൂടെ ഉൽപാദനക്ഷമത വർധിപ്പിച്ച് ബിസിനസ് പ്രവർത്തനങ്ങൾ സുഗമമാക്കുകയും ചെയ്യുന്നതിലൂടെ സുരക്ഷിതവും സുസ്ഥിരവുമായ ജോലിസ്ഥലം ഉറപ്പാക്കാം.

അവധികൾ ഇവ
യുഎഇ തൊഴിൽ നിയമം (2021/33) പ്രകാരം വാർഷിക അവധി, രോഗാവധി, പഠന അവധി, രക്ഷാകർതൃ അവധി, വിയോഗ അവധി, നാഷനൽ സർവീസ് ലീവ്, പ്രസവാവധി എന്നീ 7 ഇനം അവധികൾക്ക് സ്വകാര്യ മേഖലാ തൊഴിലാളികൾ അർഹരാണ്.
∙ വാർഷിക അവധി
വർഷത്തിൽ 30 ദിവസത്തിൽ കുറയാത്ത ശമ്പളത്തോടുകൂടിയ വാർഷിക അവധിക്ക് അർഹതയുണ്ട്.
∙ പ്രസവാവധി
വനിതകൾക്ക് 60 ദിവസത്തെ പ്രസവാവധി ലഭിക്കും. ഇതിൽ 45 ദിവസം പൂർണ ശമ്പളത്തോടെയും 15 ദിവസം പകുതി ശമ്പളത്തോടെയുമായിരിക്കും.
∙ രോഗാവധി
മെഡിക്കൽ റിപ്പോർട്ട് ഹാജരാക്കുകയാണെങ്കിൽ വർഷത്തിൽ 90 ദിവസം തുടർച്ചയായോ ഇടവിട്ടോ രോഗാവധിക്ക് അർഹത. ആദ്യ 15 ദിവസം ശമ്പളത്തോടുകൂടിയും അടുത്ത 30 ദിവസം പകുതിയ ശമ്പളത്തോടെയും ശേഷിച്ച ദിവസങ്ങൾ ശമ്പളമില്ലാതെയുമായിരിക്കും അവധി.
മരണാവധി
ജീവിതപങ്കാളി മരിച്ചാൽ 5 ദിവസവും മാതാപിതാക്കൾ മക്കൾ, സഹോദരങ്ങൾ, പേരക്കുട്ടികൾ, മുത്തച്ഛൻ, മുത്തശ്ശി എന്നിവർ മരണപ്പെട്ടാൽ 3 ദിവസം അവധി.
∙ രക്ഷാകർതൃ അവധി
കുഞ്ഞ് ജനിച്ചാൽ തുടർച്ചയായോ 6 മാസത്തിനകം ഇടവിട്ടോ 5 ദിവസം രക്ഷാകർതൃ അവധി ലഭിക്കും.
∙ പഠനാവധി
ഒരു കമ്പനിക്കു കീഴിൽ കുറഞ്ഞത് 2 വർഷത്തെ സേവനം പൂർത്തിയാക്കിയ തൊഴിലാളിക്ക് യുഎഇയിലെ അംഗീകൃത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പരീക്ഷയ്ക്ക് ഹാജരാകാൻ വർഷത്തിൽ 10പ്രവൃത്തി ദിവസത്തെ പഠന അവധി ലഭിക്കും.
∙ നാഷനൽ സർവീസ്
സ്വകാര്യമേഖലയിൽ ജോലി ചെയ്യുന്ന യുഎഇ പൗരന്മാർക്ക് നിർബന്ധിത ദേശ സേവനത്തിന് അവധി ലഭിക്കും. ബന്ധപ്പെട്ട അധികാരികളിൽ നിന്ന് ഇതിനുള്ള തെളിവ് ഹാജരാക്കണം.
∙ പൊതു അവധി
ഔദ്യോഗിക പൊതു അവധി ദിവസങ്ങളിൽ തൊഴിലാളികൾക്ക് പൂർണ ശമ്പളത്തോടെയായിരിക്കും അവധി. ഈ ദിവസങ്ങളിൽ ജോലി ചെയ്യേണ്ടി വരുന്ന തൊഴിലാളിക്ക് പകരം ലീവ് നൽകണം. അല്ലെങ്കിൽ ഒരു ദിവസത്തിന് ഒന്നര ദിവസം എന്ന തോതിൽ അധിക വേതനം നൽകണം.
∙ ഒരു വർഷം കഴിഞ്ഞാൽ ഗ്രാറ്റുവിറ്റി
പ്രവാസി തൊഴിലാളികൾക്ക് ഒരു വർഷത്തെ തുടർച്ചയായ സേവനത്തിന് ശേഷം ഗ്രാറ്റുവിറ്റിക്ക് അർഹതയുണ്ട്. ആദ്യ 5 വർഷത്തെ സേവനത്തിന് 21 ദിവസത്തെ അടിസ്ഥാന വേതനമാണ് നൽകേണ്ടത്. തുടർന്നുള്ള ഓരോ വർഷത്തിനും 30 ദിവസം എന്ന തോതിൽ ഗ്രാറ്റുവിറ്റി നൽകണം. തൊഴിലാളിയുടെ ഏറ്റവും ഒടുവിലത്തെ അടിസ്ഥാന വേതനത്തിലാണ് ഗ്രാറ്റുവിറ്റി കണക്കാക്കേണ്ടത്.