സ്പോർട്സ് ഡെസ്ക് :ഏഷ്യ കപ്പ് ട്വന്‍റി 20 ടൂര്‍ണമെന്‍റിനുള്ള ഇന്ത്യന്‍ ടീമില്‍ മലയാളി താരം സഞ്ജു സാംസണ്‍ ഇടംപിടിച്ചു. പരുക്ക് മാറി ഫിറ്റ്നസ് തെളിയിച്ച സൂര്യകുമാര്‍ യാദവാണ് ടീമിന്‍റെ നായകന്‍. ദീര്‍ഘകാലത്തെ ഇടവേളയ്ക്ക് ശേഷം ശുഭ്മന്‍ ഗില്‍ ടീമിലെത്തി. ശ്രേയസ് അയ്യര്‍ക്കും യശസ്വി ജയ്സ്വാളിനും ടീമിലിടം കണ്ടെത്താനായില്ല. ഇന്ത്യന്‍ ടീം ഇങ്ങനെ: സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), ശുഭ്മന്‍ ഗില്‍, അഭിഷേക് ശര്‍മ, തിലക് വര്‍മ, ഹാര്‍ദിക് പാണ്ഡ്യ, ശിവം ദുബെ, അക്സര്‍ പട്ടേല്‍, ജിതേഷ് ശര്‍മ (വിക്കറ്റ് കീപ്പര്‍), ജസ്പ്രീത് ബുംറ, അര്‍ഷ്ദീപ് സിങ്, വരുണ്‍ ചക്രവര്‍ത്തി, കുല്‍ദീപ് യാദവ്, സഞ്ജു സാംസണ്‍, ഹര്‍ഷിദ് റാണ, റിങ്കു സിങ്.പ്രസിദ്ധ് കൃഷ്ണ, വാഷിങ്ടണ്‍ സുന്ദര്‍, യശസ്വി ജയ്സ്വാള്‍, റിയാന്‍ പരാഗ്, ധ്രുവ് ജുറേല്‍ എന്നിവരെ സ്റ്റാന്‍ഡ് ബൈ പ്ലേയേഴ്സായും നിശ്ചയിച്ചു. ഒരു വര്‍ഷത്തിലേറെ നീണ്ട ഇടവേളയ്ക്ക് ശേഷമാണ് ബുംറ ഇന്ത്യയ്ക്കായി ട്വന്‍റി 20 കളിക്കാനൊരുങ്ങുന്നത്.
സെപ്റ്റംബര്‍ ഒമ്പതിനാണ് ഏഷ്യാകപ്പ് ടൂര്‍ണമെന്‍റിന് യുഎഇയിൽ തുടക്കമാവുക. സെപ്റ്റംബര്‍ പത്തിന് യുഎഇയ്ക്കെതിരെയാണ് ഇന്ത്യയുടെ ആദ്യ മല്‍സരം. സെപ്റ്റംബര്‍14ന് പാക്കിസ്ഥാനെതിരെയും സെപ്റ്റംബര്‍ 19ന് ഒമാനെതിരെയുമാണ് മറ്റ് മല്‍സരങ്ങള്‍. സെപ്റ്റംബര്‍ 28നാണ് ഫൈനല്‍ നടക്കുക.