ദുബായ് : ഈ അധ്യയന വർഷം യുഎഇയിൽ 9 പുതിയ സർക്കാർ സ്കൂളുകൾ തുറക്കുമെന്ന് യുഎഇ വിദ്യാഭ്യാസ മന്ത്രി സാറ അൽ അമിരി അറിയിച്ചു. ഈ മാസം 25നാണ് പുതിയ അധ്യയന വർഷം ആരംഭിക്കുന്നത്. രാജ്യത്തുടനീളമുള്ള 465 സ്കൂളുകളിൽ അറ്റകുറ്റപ്പണികൾ പൂർത്തിയായെന്നും 2025-26 അധ്യയന വർഷത്തെ ഒരുക്കങ്ങളെക്കുറിച്ച് വിശദീകരിക്കാൻ നടത്തിയ വാർത്താ സമ്മേളനത്തിൽ അവർ പറഞ്ഞു. ഈ വർഷം 25,345 പുതിയ വിദ്യാർഥികൾക്ക് പഠനം തുടങ്ങാനാകും. ഇവർക്കായി 830 പുതിയ അധ്യാപകരെയും ജീവനക്കാരെയും നിയമിച്ചിട്ടുണ്ട്.പുതിയ അധ്യയന വർഷം സുഗമമാക്കുന്നതിന് 5,560 സ്കൂൾ ബസുകൾ ഒരുക്കുകയും 46,888 ലാപ്ടോപ്പുകൾ വിതരണം ചെയ്യുകയും ഒരു കോടിയിലേറെ പാഠപുസ്തകങ്ങൾ അച്ചടിക്കുകയും ചെയ്തിട്ടുണ്ട്. അവധിക്കാലത്തിന് ശേഷം ഒരു ദശലക്ഷത്തിലേറെ വിദ്യാർഥികൾ സ്കൂളുകളിലേക്ക് മടങ്ങിയെത്തുമെന്നും മന്ത്രി വ്യക്തമാക്കി. കൂടാതെ, രണ്ടാം സെമസ്റ്റർ മുതൽ കേന്ദ്രീകൃത പരീക്ഷകൾ ഒഴിവാക്കി പകരം സ്കൂളുകൾ തയ്യാറാക്കുന്ന പരീക്ഷകൾ നടത്തും.യുഎഇയിലെ സർക്കാർ-സ്വകാര്യ സ്കൂളുകൾക്കായി ഏകീകൃത അധ്യയന കലണ്ടർ നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. അതനുസരിച്ച് ഓഗസ്റ്റ് 25-ന് ആരംഭിക്കുന്ന അധ്യയന വർഷം 2026 ജൂലൈ 3-ന് അവസാനിക്കും. അതേസമയം, ഷാർജയിലെ സ്വകാര്യ സ്കൂളുകൾക്ക് ഒരു ദിവസം മുൻപ് അവധിയായിരിക്കും.വിദ്യാർഥികളുടെ പഠനവും വിശ്രമവും തമ്മിൽ സന്തുലിതാവസ്ഥ നിലനിർത്താൻ ലക്ഷ്യമിട്ടുള്ളതാണ് ഈ കലണ്ടർ. പുതിയ പദ്ധതി പ്രകാരം ഡിസംബറിൽ നാലാഴ്ചത്തെ ശൈത്യകാല അവധിയും മാർച്ചിൽ രണ്ടാഴ്ചത്തെ വസന്തകാല അവധിയും ഉണ്ടായിരിക്കും. കൂടാതെ ഒക്ടോബർ, ഫെബ്രുവരി, മേയ് മാസങ്ങളിൽ ഓരോ ഇടവേളകളും നൽകും.
മന്ത്രാലയത്തിന്റെ വെബ്സൈറ്റ് അനുസരിച്ച്, 2025/2026 അധ്യയന വർഷം പൊതു-സ്വകാര്യ സ്കൂളുകൾക്ക് മൊത്തം 178 അധ്യയന ദിവസങ്ങളുണ്ട്. ഇത് ആദ്യ ടേമിൽ 14 ആഴ്ചയും, രണ്ടാം ടേമിൽ 9 ആഴ്ചയും, മൂന്നാം ടേമിൽ 13 ആഴ്ചയും ആയി വിതരണം ചെയ്യും.