അബുദാബി ∙:അബുദാബിയിൽ വൻ ലഹരിമരുന്ന് വേട്ടയുമായി ബന്ധപ്പെട്ട് മൂന്ന് ഏഷ്യൻ സ്വദേശികൾ അറസ്റ്റിൽ. ഇവരിൽ നിന്ന് 377 കിലോ ക്രിസ്റ്റൽ മെത്ത് പിടികൂടി. തയ്യൽ മെഷീനിലുപയോഗിക്കുന്ന ഓയിൽ ക്യാനുകൾക്കുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു ലഹരിമരുന്ന്. ലഹരിവസ്തുക്കൾ കണ്ടുപിടിക്കുന്ന ഡിറ്റക്ടറുകൾക്ക് തിരിച്ചറിയാൻ കഴിയാത്തവിധം പ്രത്യേക രീതിയിലാണ് ഇത് ഒളിപ്പിച്ചിരുന്നത്.അബുദാബി പൊലീസും നാഷനൽ ഡ്രഗ് കൺട്രോൾ സർവീസും സംയുക്തമായി നടത്തിയ നീക്കത്തിലാണ് പ്രതികൾ പിടിയിലായത്. ഇവരെ തുടർ നടപടികൾക്കായി ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി. ലഹരിവസ്തുക്കൾ ഉപയോഗിക്കുന്നത് സന്തോഷവും സമാധാനവും നൽകുമെന്നുള്ള തെറ്റിദ്ധാരണകളിൽ വീഴരുതെന്ന് പൊലീസ് പൊതുജനങ്ങളോട് അഭ്യർഥിച്ചു. ലഹരിവസ്തുക്കളുടെ ഉപയോഗം ആരോഗ്യത്തിനും സുരക്ഷയ്ക്കും ദോഷകരമാണെന്നും പൊലീസ് മുന്നറിയിപ്പ് നൽകി. ഇത്തരം കേസുകൾ ശ്രദ്ധയിൽപ്പെട്ടാൽ 8002626 എന്ന നമ്പറിൽ അറിയിക്കാനും നിർദ്ദേശിച്ചു.