ദുബായ് : യാത്രക്കാരുടെ സൗകര്യാർഥം ദുബായ് മെട്രോ സ്റ്റേഷനുകളിലെ സൂചനാ ബോർഡുകൾ പരിഷ്‌കരിച്ച് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ). യാത്ര സുഗമമാക്കുന്നതിനും അവരുടെ സംതൃപ്തി വർധിപ്പിക്കുന്നതിനും ലക്ഷ്യമിട്ടാണ് ഈ പദ്ധതി നടപ്പാക്കിയത്.റെഡ്, ഗ്രീൻ ലൈനുകളിലെ എല്ലാ സ്റ്റേഷനുകളിലും പുതിയ സൂചനാ ബോർഡുകൾ സ്ഥാപിച്ചു. 11,000 മണിക്കൂർ സമയമെടുത്താണ് 9,000 സൂചനാ ബോർഡുകൾ മാറ്റിയത്. സ്റ്റേഷനുകളിലേക്കുള്ള പ്രവേശന കവാടങ്ങളിലും പുറത്തേക്കുള്ള വഴികളിലും പുതിയ ബോർഡുകൾ സ്ഥാപിച്ചു.

പുറത്തേയ്ക്കുള്ള വഴി വ്യക്തമാക്കുന്ന ബോർഡുകൾ മഞ്ഞ നിറത്തിൽ ഹൈലൈറ്റ് ചെയ്തിട്ടുണ്ട്.ശരിയായ ട്രെയിൻ ലൈനുകളിലേക്ക് യാത്രക്കാരെ നയിക്കുന്നതിനായി പ്ലാറ്റ്‌ഫോം ദിശാസൂചനകളും ഫ്ലോർ സ്റ്റിക്കറുകളും പുതുക്കിയെന്നും റെയിൽ ഏജൻസിയിലെ റെയിൽ ഓപ്പറേഷൻസ് ഡയറക്ടർ ഹസ്സൻ അൽ മുതവ്വ പറഞ്ഞു.

കൂടാതെ, സ്ത്രീകളുടെയും കുട്ടികളുടെയും കാബിനുകളും ഗോൾഡ് ക്ലാസ് കാബിനുകളും എളുപ്പത്തിൽ തിരിച്ചറിയാൻ പിങ്ക്, ഗോൾഡ് നിറങ്ങളിലുള്ള ബോർഡുകൾ സ്ഥാപിച്ചു. യാത്രക്കാർക്ക് പൊതുഗതാഗതം ഉപയോഗിക്കുമ്പോൾ പാലിക്കേണ്ട മര്യാദകളെക്കുറിച്ചുള്ള സന്ദേശങ്ങളും സ്റ്റേഷനുകളിലുടനീളം പതിപ്പിച്ചിട്ടുണ്ട്. ഈ മാറ്റങ്ങൾ ആർടിഎയുടെ സ്മാർട്ട് സിസ്റ്റങ്ങൾ, മൊബൈൽ ആപ്ലിക്കേഷനുകൾ, ട്രെയിൻ അനൗൺസ്‌മെന്റുകൾ, പ്ലാറ്റ്‌ഫോം അനൗൺസ്‌മെന്റുകൾ, സമൂഹമാധ്യമം എന്നിവയിലും ലഭ്യമാകും.