ദുബായ് : പുതിയ അധ്യയന വർഷം തിങ്കളാഴ്ച ആരംഭിക്കാനിരിക്കെ, സ്കൂളുകളിലും പരിസരങ്ങളിലും സുരക്ഷ ഉറപ്പാക്കാൻ വിപുലമായ പദ്ധതികൾക്ക് രൂപം നൽകി ദുബായ് പൊലീസ്. ‘സ്കൂൾ സെക്യൂരിറ്റി’ എന്ന പേരിൽ നടപ്പാക്കുന്ന ഈ സംരംഭം, വിദ്യാർഥികൾക്കും അധ്യാപകർക്കും രക്ഷിതാക്കൾക്കും മികച്ച അധ്യയന വർഷം ആശംസിച്ചുകൊണ്ടാണ് ദുബായ് പൊലീസ് അക്കാദമിയുടെ ആക്ടിങ് ഡയറക്ടർ ബ്രി. നാസർ അൽ സറി, ഹെമായ കൗൺസിൽ സെക്രട്ടറി ജനറൽ ഡോ. ബ്രി. അബ്ദുറഹ്മാൻ അൽ മാമറി എന്നിവർ വിശദീകരിച്ചത്.
∙ 250 സുരക്ഷാ-ട്രാഫിക് പട്രോൾ സംഘങ്ങൾ
പുതിയ അധ്യയന വർഷത്തിൽ ദുബായ് പൊലീസ് 250 സുരക്ഷാ-ട്രാഫിക് പട്രോൾ സംഘങ്ങളെ സ്കൂൾ സോണുകളിൽ വിന്യസിക്കും. ട്രാഫിക് നിരീക്ഷണത്തിനായി 9 ഡ്രോണുകളും 6 ലക്ഷ്വറി പട്രോൾ വാഹനങ്ങളും 4 കുതിരപ്പട യൂണിറ്റുകളും, 60 സൈക്കിളുകളും ഇതിന്റെ ഭാഗമായി ഉപയോഗപ്പെടുത്തും.
300 കുട്ടികളെ ഉൾപ്പെടുത്തി ‘സേഫ്റ്റി അംബാസഡേഴ്സ്’ എന്ന പ്രത്യേക ബോധവൽക്കരണ പരിപാടിയും സംഘടിപ്പിക്കും. വിവിധ സ്കൂളുകളിലെ വിദ്യാർഥികളുമായി ആശയവിനിമയം നടത്താൻ 750-ലേറെ ഉന്നത ഉദ്യോഗസ്ഥരെയും പൊലീസ് ഉദ്യോഗസ്ഥരെയും നിയോഗിച്ചിട്ടുണ്ട്.

∙ സുരക്ഷ, ഒരുമിച്ചുള്ള ഉത്തരവാദിത്തം, ‘മൻസൂർ’ സമ്മാനവുമായെത്തും
ദുബായ് പൊലീസിലെ വിവിധ വകുപ്പുകൾ, ഹെമായ ഇന്റർനാഷനൽ സെന്റർ, പോസിറ്റീവ് സ്പിരിറ്റ് കൗൺസിൽ തുടങ്ങിയ വിഭാഗങ്ങൾ സംയുക്തമായാണ് ഈ സംരംഭം നടപ്പാക്കുന്നത്. ദുബായ് പൊലീസ് കമാൻഡർ-ഇൻ-ചീഫ് ലഫ്. ജനറൽ അബ്ദുല്ല ഖലീഫ അൽ മർറിയുടെ നിർദേശങ്ങൾ അനുസരിച്ച്, വിദ്യാഭ്യാസ അന്തരീക്ഷം സുരക്ഷിതമാക്കുക എന്നതാണ് ലക്ഷ്യം. ദുബായിലെ 71 സ്കൂളുകളിലും ബോധവൽക്കരണ പരിപാടികൾ നടത്തും.സ്കൂളുകളിൽ ഉണ്ടാകാനിടയുള്ള പെരുമാറ്റരീതികൾ ശ്രദ്ധിക്കുകയും വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും പൊലീസിനോടുള്ള വിശ്വാസം വർധിപ്പിക്കുകയും ചെയ്യുക എന്നതാണ് പ്രധാന ലക്ഷ്യങ്ങളിലൊന്ന്. ബോധവൽക്കരണ ക്ലാസുകൾ, റോഡ് സുരക്ഷാ നിർദേശങ്ങൾ, ദുബായ് പൊലീസിന്റെ സേവനങ്ങൾ പരിചയപ്പെടുത്തൽ, വിനോദ പരിപാടികൾ എന്നിവയും ഇതിന്റെ ഭാഗമായുണ്ട്. പൊലീസിന്റെ ഭാഗ്യചിഹ്നമായ ‘മൻസൂർ’ കുട്ടികൾക്കിടയിൽ സമ്മാനങ്ങളും പഠനോപകരണങ്ങളും വിതരണം ചെയ്യും.
വിദ്യാർഥികളുടെ സുരക്ഷ രക്ഷിതാക്കൾക്കും സ്കൂളധികൃതർക്കും പൊലീസിനും ഒരുപോലെ ഉത്തരവാദിത്തമുള്ള കാര്യമാണെന്ന് ക്യാപ്റ്റൻ മാജിദ് ബിൻ സയീദ് അൽ കഅബി പറഞ്ഞു. സുരക്ഷിതവും പ്രചോദനാത്മകവുമായ ഒരു വിദ്യാഭ്യാസ അന്തരീക്ഷം ഒരുക്കുന്നതിന് എല്ലാവരും ഒരുമിച്ച് പ്രവർത്തിക്കണമെന്ന് അദ്ദേഹം ഓർമിപ്പിച്ചു.