ബാംഗ്ലൂർ :നിയമവിരുദ്ധമായ ഓൺലൈൻ, ഓഫ്‌ലൈൻ വാതുവെപ്പ് കേസിൽ കർണാടക കോൺഗ്രസ് എംഎൽഎ കെ സി വീരേന്ദ്രയെ ഇഡി അറസ്റ്റ് ചെയ്തു. സിക്കിമിലെ ഗാങ്ടോകിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. ഇന്നലെ എംഎൽഎയുമായി ബന്ധപ്പെട്ട ഇടങ്ങളിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നടത്തിയ റെയ്ഡിൽ 12 കോടി രൂപയും സ്വർണവും പിടിച്ചെടുത്തിരുന്നു. കർണാടകയിലെ ചിത്രദുർഗ മണ്ഡലത്തിൽ നിന്നുള്ള എംഎൽഎയാണ് കെ സി വീരേന്ദ്ര.ദുബായ് ആസ്ഥാനമായുള്ള കമ്പനികളുമായും ഇന്ത്യൻ കാസിനോകളുമായും ആഴത്തിൽ ബന്ധം പുലർത്തുന്ന എംഎൽഎയുടെ വീട്ടിലും സുഹൃത്തുക്കളുടെയും സഹോദരന്റെയും വീടുകളും ഉൾപ്പടെ 31 ഇടങ്ങളിലായി ഇ ഡി നടത്തിയ രണ്ട് ദിവസത്തെ വ്യാപക റെയ്ഡിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
ആറ് കോടിരൂപയുടെ സ്വർണാഭരണങ്ങൾ, പത്ത് കി.ലോ വെള്ളി ആഭരണങ്ങൾ, 1 കോടി രൂപയുടെ വിദേശ കറൻസി, അന്താരാഷ്ട്ര കാസിനോ അംഗത്വം/റിവാർഡ് കാർഡുകൾ, വിവിധ ബാങ്കുകളുടെ ഒന്നിലധികം ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾ. താജ്, ഹയാത്ത്, ലീല തുടങ്ങിയ ആഡംബര ഹോസ്പിറ്റാലിറ്റി അംഗത്വ കാർഡുകൾ എന്നിവയും റെയ്‌ഡിൽ പിടിച്ചെടുത്തു.