ദുബായ് : യുഎഇയിൽ റബിഅൽ അവ്വൽ മാസപ്പിറവി കാണാത്തതിനാൽ ഇസ്ലാമിക് കലണ്ടറിലെ മൂന്നാം മാസം നാളെ (25) ആരംഭിക്കുമെന്ന് യുഎഇയിലെ വാനനിരീക്ഷണ കേന്ദ്രം അറിയിച്ചു. അതനുസരിച്ച് പ്രവാചകൻ മുഹമ്മദ് നബിയുടെ ജന്മദിനം സെപ്റ്റംബർ അഞ്ചിനായിരിക്കും.സാധാരണയായി ശനിയും ഞായറുമാണ് യുഎഇയിലെ വാരാന്ത്യ അവധികൾ. അതിനാൽ നബിദിനത്തോടനുബന്ധിച്ച് മൂന്ന് ദിവസം അവധി ലഭിക്കാൻ സാധ്യതയുണ്ട്. എങ്കിലും യുഎഇ അധികൃതർ ഔദ്യോഗികമായി ഇത് സംബന്ധിച്ച് പ്രഖ്യാപനങ്ങളൊന്നും നടത്തിയിട്ടില്ല. വാനനിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ് പ്രകാരം ശനിയാഴ്ച അറബ് മേഖലയിൽ നഗ്ന നേത്രം കൊണ്ടോ, ടെലിസ്കോപ്പ് ഉപയോഗിച്ചോ മാസപ്പിറവി കാണാൻ സാധിച്ചിട്ടില്ല. എന്നാൽ ഇന്ന് മാസപ്പിറവി എളുപ്പത്തിൽ കാണാൻ സാധിക്കുമെന്നും അവർ അറിയിച്ചു. ഈ വർഷം സൗദിയിലും യുഎഇയിലും റബിഅൽ അവ്വൽ മാസം ഒരേ ദിവസം ആരംഭിക്കില്ല എന്നത് ശ്രദ്ധേയമാണ്. സൗദിയിൽ ഇന്ന് റബിഅൽ അവ്വൽ ഒന്നായി പ്രഖ്യാപിച്ചു. കൂടാതെ, ഇന്ന് ഖത്തർ, ബഹ്റൈൻ, കുവൈത്ത് തുടങ്ങിയ രാജ്യങ്ങളിലും നാളെ (തിങ്കൾ) യുഎഇ കൂടാതെ ഇന്ത്യ, ഒമാൻ തുടങ്ങിയ രാജ്യങ്ങളിലും റബിഅൽ അവ്വൽ ഒന്നായി പ്രഖ്യാപിച്ചിട്ടുണ്ട്.ഹിജ്‌റ കലണ്ടർ ചന്ദ്രന്റെ ചലനങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. അതിനാൽ ഓരോ മാസവും മാസപ്പിറവി നിരീക്ഷിച്ചാണ് തുടങ്ങുന്നത്. എല്ലാ ഹിജ്‌റ മാസത്തിലെയും 29-ാം ദിവസം യുഎഇയിൽ മാസപ്പിറവി നിരീക്ഷണ സമിതി യോഗം ചേർന്ന് അടുത്ത മാസം തുടങ്ങുന്നത് എപ്പോഴാണെന്ന് പ്രഖ്യാപിക്കും. നബിദിനത്തിന് പല രാജ്യങ്ങളിലും അവധി നൽകുന്നുണ്ട്.