ദുബായ് :അങ്ങനെ ഒരു അവധിക്കാലത്തിന് വിട നൽകി നാളെ തിങ്കളാഴ്ച മുതൽ യുഎഇയിൽ പുതിയ അധ്യയന വർഷം ആരംഭിക്കുകയാണ് .നിർമിതബുദ്ധി (ആർട്ടിഫിഷ്യൽ ഇന്റലിജൻസ്) പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തിയ ശേഷമുള്ള പുതിയ അധ്യയന വർഷത്തിൽ യുഎഇയിൽ പത്തു ലക്ഷത്തിലേറെ വിദ്യാർഥികൾ നാളെ സ്കൂളിലേക്ക് എത്തും . സർക്കാർ, സ്വകാര്യ സ്കൂളുകളിലായി അര ലക്ഷത്തിലേറെ നവാഗതരെയും വരവേൽക്കും. പാഠ്യപദ്ധതിയിൽ കെജി മുതൽ 12 വരെയുള്ള ക്ലാസുകളിലാണു നിർബന്ധിത എഐ പഠനം ഉൾപ്പെടുത്തിയിരിക്കുന്നത്. കൂടാതെ നഴ്സറി മുതൽ അറബിക്, ഇസ്‌ലാമിക് പഠനം നിർബന്ധമാക്കിയതും ഈ വർഷമാണ്. ഒട്ടേറെ പുതുമകളോടെ ഹൈടെക് വിജ്ഞാന ലോകത്തേക്കാണ് ഇത്തവണ കുട്ടികൾ എത്തുന്നത്. വിദ്യാർഥികളെ സ്വീകരിക്കാനുള്ള അന്തിമ ഒരുക്കങ്ങളെല്ലാം പൂർത്തിയാക്കി കാത്തിരിക്കുകയാണ് അധ്യാപകരും സ്കൂൾ ജീവനക്കാരും. 2 മാസത്തെ അവധിക്കാലത്തിനു ശേഷം പഠനത്തിന്റെ ട്രാക്കിലേക്കു വിദ്യാർഥികളെ ആകർഷിക്കാനുള്ള വിദ്യയുമായാണ് അധ്യാപകർ നാളെ ക്ലാസിലെത്തുക.പ്രാദേശിക, വിദേശ സിലബസ് സ്കൂളുകളാണു പുതിയ അധ്യയനത്തിലേക്കു വിജ്ഞാനത്തിന്റെ കവാടം തുറക്കുന്നത്. എന്നാൽ, ഏപ്രിലിൽ വിദ്യാഭ്യാസ വർഷം ആരംഭിച്ച ഇന്ത്യൻ സിലബസ് സ്കൂളുകൾ രണ്ടാംപാദ പഠനച്ചൂടിലേക്കായിരിക്കും വിദ്യാർഥികളെ വരവേൽക്കുക.
പാഠ്യ, പാഠ്യേതര പ്രവർത്തനങ്ങളുടെ തയാറെടുപ്പിനായി അധ്യാപകരും മറ്റു ജീവനക്കാരും കഴിഞ്ഞ തിങ്കളാഴ്ച മുതൽ സ്കൂളിൽ എത്തിയിരുന്നു. സ്കൂൾ തുറക്കുന്നതിനു മുന്നോടിയായി വിദ്യാഭ്യാസ മന്ത്രാലയത്തിന്റെയും വിവിധ എമിറേറ്റുകളിലെ വിദ്യാഭ്യാസ വകുപ്പുകളുടെയും നേതൃത്വത്തിൽ പ്രഫഷനൽ ഡവലപ്മെന്റ് പരിപാടികളിൽ 23,000 അധ്യാപകർ പങ്കെടുത്തു. 170 മണിക്കൂർ ദൈർഘ്യമുള്ള പരിശീലനത്തിലെ 110 മണിക്കൂറും അധ്യാപകർക്കുള്ള ശിൽപശാലകളായിരുന്നു. സ്കൂൾ പ്രിൻസിപ്പൽ, വൈസ് പ്രിൻസിപ്പൽ, സപ്പോർട്ടിങ് സ്റ്റാഫ് എന്നിവർക്കും പ്രത്യേക പരിശീലനം നൽകി. ഓൺലൈൻ ക്ലാസായതിനാൽ അവധിക്കു നാട്ടിൽ പോയവർക്കു വരെ പങ്കെടുക്കാൻ അവസരം ലഭിച്ചു.യുഎഇയിലെ സർക്കാർ സ്കൂൾ പാഠ്യപദ്ധതിയിലാണ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) നിർബന്ധമാക്കിയത്. കെജി മുതൽ പന്ത്രണ്ടാം ക്ലാസ് വരെ എഐ (നിർമിത ബുദ്ധി) പ്രത്യേക വിഷയമായി പഠിപ്പിക്കും. സാങ്കേതിക വിദ്യയെക്കുറിച്ചു വിദ്യാർഥികൾക്ക് അറിവ് പകരുന്നതിന്റെ ഭാഗമായാണിത്. ഡേറ്റ ആൻഡ് ആൽഗരിതം, സോഫ്റ്റ് വെയർ ആപ്ലിക്കേഷൻ, എഐയുടെ സാധ്യതകളും അപകടവും, എഐ അധിഷ്ഠിത പദ്ധതികൾ, എഐ നയങ്ങളെ സമൂഹത്തിനു ഗുണകരമാക്കി മാറ്റുക തുടങ്ങി പ്രധാന ഭാഗങ്ങളാണു പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

നാളെ മുതൽ നഴ്സറികളിലും സ്വകാര്യ സ്കൂളുകളിലെ കിന്റർഗാർട്ടനിലും അറബിക്, ഇസ്‌ലാമിക് എജ്യുക്കേഷൻ വിഷയങ്ങൾ പഠിപ്പിക്കണം. ആഴ്ചയിൽ കുറഞ്ഞതു 4 മണിക്കൂർ (240 മിനിറ്റ്) അറബിക് പഠനത്തിനു മാറ്റി വയ്ക്കണം. 2026-2027 അധ്യയന വർഷത്തോടെ അറബിക് പഠനം ആഴ്ചയിൽ 5 മണിക്കൂറാക്കി (300 മിനിറ്റാക്കി) വർധിപ്പിക്കും. പഠനം തുടങ്ങുന്ന പ്രായത്തിൽ തന്നെ അറബിക് ഭാഷ കൂടി പരിശീലിക്കുന്നതു വിദ്യാർഥികൾക്ക് ഭാഷാ പഠനത്തിനു കൂടുതൽ സഹായകമാകുമെന്നാണു വിലയിരുത്തുന്നത്. മാതൃഭാഷ അറബിക് ആയവർക്കും അല്ലാത്തവർക്കുമായി പ്രത്യേക പാഠ്യപദ്ധതി തയാറാക്കിയിട്ടുണ്ട്. നൂതന സംവിധാനങ്ങളുടെ സഹായത്തോടെ പാട്ട്, കഥ പറച്ചിൽ, കളി തുടങ്ങി രസകരമായ രീതികളിലൂടെയാണു ഭാഷ പഠിപ്പിക്കുക.

∙ ഫ്ലക്സിബിൾ ജോലി സമയം
മക്കളെ സ്കൂളിലേക്കു കൊണ്ടുപോകാനും തിരിച്ചു കൊണ്ടുപോകാനും സർക്കാർ ജീവനക്കാർക്കു നാളെ ഫ്ലക്സിബിൾ ജോലി സമയം അനുവദിച്ചു. ജോലിയിൽ 3 മണിക്കൂർ ഇളവാണു ലഭിക്കുക. നഴ്സറി, കിന്റർഗാർട്ടൻ വിദ്യാർഥികളുടെ രക്ഷിതാക്കൾക്ക് ഒരാഴ്ച വരെ ഈ ആനുകൂല്യമുണ്ട്. പുതിയ പിക്ക്-അപ്, ഡ്രോപ്-ഓഫ് ദിനചര്യകളുമായി പൊരുത്തപ്പെടാൻ കുടുംബങ്ങൾക്കു സമയം നൽകുന്നതിന്റെ ഭാഗമായാണു തീരുമാനം. ആനുകൂല്യം പ്രയോജനപ്പെടുത്തുന്ന ജീവനക്കാർ മാനേജരിൽ നിന്ന് അനുമതി വാങ്ങണം.
സ്കൂളുകളുടെ പഠന നിലവാരം മെച്ചപ്പെടുത്താൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നു വിദ്യാഭ്യാസ മന്ത്രാലയം വിദ്യാഭ്യാസ വകുപ്പുകളോടും സ്കൂൾ മാനേജ്മെന്റിനോടും ആവശ്യപ്പെട്ടു. ഭാവി ലോകത്തിന് ഉതകുംവിധം പരിശീലനം നൽകി പുതു തലമുറയെ കെട്ടിപ്പടുക്കണമെന്നും പറഞ്ഞു.