ഷാർജ :രാജ്യാന്തര സർക്കാർ കമ്യൂണിക്കേഷൻ ഫോറം (ഐജിസിഎഫ്) സെപ്റ്റംബർ 10, 11 തീയതികളിൽ ഷാർജ എക്‌സ്‌പോ സെന്ററിൽ നടക്കും. ‘ജീവിതത്തിന്റെ ഗുണമേന്മയ്ക്കായുള്ള ആശയവിനിമയം’ എന്ന പ്രമേയത്തിൽ നടക്കുന്ന സമ്മേളനത്തിൽ ലോകത്തെങ്ങുമുള്ള 237 പ്രഭാഷകർ 110-ലേറെ പരിപാടികളിൽ അണിനിരത്തും. 51 പാനൽ ചർച്ചകൾ, 30 തന്ത്രപ്രധാന പങ്കാളികളുടെ സാന്നിധ്യത്തിൽ 7 മുഖ്യ പ്രഭാഷ
ണങ്ങൾ, 22 പ്രത്യേക ശിൽപശാലകൾ, 22 സംവേദനാത്മക പ്ലാറ്റ്‌ഫോമുകൾ എന്നിവയും നടക്കും.ഭക്ഷ്യസുരക്ഷ, പൊതുജനാരോഗ്യം, വിദ്യാഭ്യാസം, പരിസ്ഥിതി സുസ്ഥിരത, ഹരിത സമ്പദ്‌വ്യവസ്ഥ തുടങ്ങിയ ആഗോള വിഷയങ്ങളിൽ ഊന്നിയുള്ള ചർച്ചകൾ ഫോറത്തിൽ നടക്കും. വികസന നയങ്ങളുടെയും മനുഷ്യ ക്ഷേമത്തിന്റെയും കേന്ദ്രബിന്ദുവായി ജീവിതത്തിന്റെ ഗുണമേന്മയെ കാണുന്ന ഈ വർഷത്തെ പരിപാടി സർക്കാരുകളിൽ ജനങ്ങൾക്ക് വിശ്വാസം വളർത്താനും തീരുമാനമെടുക്കുന്നതിൽ സമൂഹത്തിന്റെ പങ്കാളിത്തം ഉറപ്പാക്കാനും ആശയവിനിമയത്തിനുള്ള പങ്ക് ചർച്ച ചെയ്യും.ആശയവിനിമയം ആഗോള വെല്ലുവിളികളെ നേരിടാനുള്ള ഒരു പ്രധാന ഉപാധിയാണെന്ന് ഷാർജ ഗവൺമെന്റ് മീഡിയ ബ്യൂറോ ഡയറക്ടർ ജനറൽ താരിഖ് സയീദ് അല്ലൈ പറഞ്ഞു. കാലാവസ്ഥാ വ്യതിയാനം, ആരോഗ്യം, ദാരിദ്ര്യം, വിശപ്പ്, വിദ്യാഭ്യാസം, സുസ്ഥിരത തുടങ്ങിയ വിഷയങ്ങൾ പരസ്പരം ബന്ധപ്പെട്ടുകിടക്കുന്ന ഈ കാലഘട്ടത്തിൽ കൃത്യമായ വിവരങ്ങൾ കൈമാറാനും സമൂഹങ്ങളെ ശാക്തീകരിക്കാനും ആശയവിനിമയത്തിന് തന്ത്രപരമായ പങ്കുണ്ട്.ലോകനേതാക്കളുടെയും വിദഗ്ധരുടെയും സാന്നിധ്യം വികസനത്തിലും മാനുഷിക വിഷയങ്ങളിലും ഷാർജയ്ക്കുള്ള പ്രതിബദ്ധതയുടെ സൂചനയാണെന്നും പറഞ്ഞു.

രാജ്യാന്തര സർക്കാർ കമ്യൂണിക്കേഷൻ ഫോറം, നൂതന ആശയങ്ങൾ അവതരിപ്പിക്കാനും വൈദഗ്ധ്യം പങ്കുവയ്ക്കാനുമുള്ള ആഗോള വേദിയായി മാറിയിട്ടുണ്ട്. ഫോറത്തിന്റെ സമാപനത്തിൽ, സർക്കാർ ആശയവിനിമയ രംഗത്തെ മികവിന് നൽകുന്ന ഷാർജ ഗവൺമെന്റ് കമ്യൂണിക്കേഷൻ പുരസ്കാരവും വിതരണം ചെയ്യും.