ദുബായ് : ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (RTA) 2025-ലെ വേനൽക്കാല അവധിക്കിടെ 10 സ്കൂൾ സോണുകളിൽ ഗതാഗത വികസന പ്രവൃത്തികൾ പൂർത്തിയാക്കി. ഇതിലൂടെ 27 സ്കൂളുകൾക്ക് നേരിട്ട് ഗുണം ലഭിക്കും. വിദ്യാർത്ഥികളും രക്ഷിതാക്കളും അധ്യാപകരും ഉൾപ്പെടെ സ്കൂൾ മേഖലകളിൽ യാത്ര ചെയ്യുന്നവർക്ക് കൂടുതൽ സുരക്ഷയും സുഖകരമായ ഗതാഗത സംവിധാനവും ഉറപ്പാക്കുന്നതാണ് പദ്ധതിയുടെ ലക്ഷ്യം.ആൽ വാർഖ, അൽ മിസ്ഹർ, അൽ ബർഷ, അൽ സഫ, അൽ ഗർഹൂദ്, അൽ ഖുസൈസ് തുടങ്ങിയ പ്രദേശങ്ങളിലെ സ്കൂളുകളിൽ റോഡുകൾ വീതി കൂട്ടൽ, പാർക്കിംഗ് സൗകര്യങ്ങൾ നിർമ്മിക്കൽ, പുതിയ പ്രവേശന-പുറത്തിറങ്ങൽ മാർഗങ്ങൾ സജ്ജമാക്കൽ, നടപ്പാതാ സിഗ്നലുകൾ, ട്രാഫിക്-കല്മിംഗ് സംവിധാനങ്ങൾ എന്നിവ നടപ്പാക്കി.
ഇതിന്റെ ഭാഗമായി ചില സ്കൂളുകളിൽ പാർക്കിംഗ് സൗകര്യം 90% വർധിക്കുകയും, ഗതാഗത പ്രവാഹം 25 മുതൽ 40 ശതമാനം വരെ മെച്ചപ്പെടുത്തുകയും ചെയ്തു.
2025-ലെ സമഗ്ര പദ്ധതിയുടെ ഭാഗമായി അൽ ബർഷ, ഉം അൽ ഷൈഫ്, അൽ വാർഖ തുടങ്ങിയ സ്ഥലങ്ങളിലും സമാന നടപടികൾ തുടരുമെന്ന് RTA അറിയിച്ചു.സ്കൂൾ ബസ് ഡ്രൈവർമാരും രക്ഷിതാക്കളും സുരക്ഷാനിയമങ്ങൾ കർശനമായി പാലിക്കണമെന്ന് RTA ആവശ്യപ്പെട്ടു. പ്രത്യേകിച്ച് നിർദ്ദിഷ്ട പിക്കപ്പ്, ഡ്രോപ്പ്-ഓഫ് പ്രദേശങ്ങൾ മാത്രം ഉപയോഗിക്കാനും, അനിയന്ത്രിത പാർക്കിംഗ് ഒഴിവാക്കാനും, സ്കൂൾ ബസ് സിഗ്നലുകൾക്ക് മുൻഗണന നൽകാനും RTA നിർദ്ദേശിച്ചു.