അബുദാബി : ആഫ്രിക്കൻ രാജ്യമായ അംഗോളയിലെ ആരോഗ്യമേഖല ശക്തിപ്പെടുത്തുന്നതിന് കൈത്താങ്ങായി എട്ട് ലക്ഷത്തിലധികം അവശ്യ ഗുളികകൾ സംഭാവനയായി നൽകി ബുർജീൽ ഹോൾഡിങ്സ്-എഡി പോർട്സ് (അബുദാബി പോർട്സ്) സംയുക്തസംഭം ഡോക്ടൂർ. യുഎഇ പ്രസിഡന്റിന്റെ അംഗോള സന്ദർശന വേളയിൽ ആരോഗ്യ മേഖലയിലെ സഹകരണം ശക്തമാക്കിയാണ് സഹായം. അംഗോളയിലെ ലുവാണ്ടയിൽ നടന്ന ചടങ്ങിൽ ആൻറിബയോട്ടിക്കുകൾ, വേദന സംഹാരികൾ, വിട്ടുമാറാത്ത രോഗങ്ങൾക്കുള്ള മരുന്നുകൾ എന്നിവ ഉൾപ്പെടുന്ന ചരക്ക് ആരോഗ്യ മന്ത്രാലയത്തിന് ഔദ്യോഗികമായി കൈമാറി. അംഗോളൻ ആരോഗ്യ മന്ത്രി ഡോ. സിൽവിയ ലുട്ടക്റ്റയ്ക്ക് ബുർജീൽഹോൾഡിങ്‌സ് കോ-സിഇഒ സഫീർ അഹമ്മദ് മരുന്നുകൾ കൈമാറി. ഇരു രാജ്യങ്ങളിൽ നിന്നുമുള്ള വിശിഷ്ട വ്യക്തികൾ ചടങ്ങിൽ പങ്കെടുത്തു.പ്രമേഹം, ബാക്റ്റീരിയൽ ഇൻഫെക്ഷൻ, അലർജികൾ, രക്താതിമർദ്ദം, ഹൃദ്രോഗങ്ങൾ എന്നിവയ്ക്കുള്ള മരുന്നുകൾ ഇതിലുൾപ്പെടുന്നു. അംഗോളയുടെ വിവിധ ഭാഗങ്ങളിൽ ആരോഗ്യസേവനം ആവശ്യാനുസരണം എത്തിക്കാൻ ഇതിലൂടെ സാധിക്കും.“ഡോക്ടൂറുമായുള്ള സഹകരണം രാജ്യത്തെ ആരോഗ്യ ശൃംഖലയെ ശക്തിപ്പെടുത്താൻ സഹായിക്കും. ഇതിലൂടെ ഞങ്ങളുടെ സമൂഹങ്ങളുടെ ആരോഗ്യ ആവശ്യങ്ങൾ നിറവേറ്റാനും ദീർഘകാലാടിസ്ഥാനത്തിൽ വികസനം കൊണ്ട് വരാനും സാധിക്കും,” അംഗോളൻ ആരോഗ്യമന്ത്രി അഭിപ്രായപ്പെട്ടു.”ഡോക്ടൂറിലൂടെ ആളുകൾക്ക് മരുന്നുകളോടൊപ്പം പ്രതീക്ഷയും ഉറപ്പും നൽകുകയാണ് ലക്ഷ്യം. അംഗോളയിലെ ആരോഗ്യ മന്ത്രാലയവുമായുള്ള സഹകരണം മേഖലയിലെ ആരോഗ്യ സംരക്ഷണം മെച്ചപ്പെടുത്തുന്നതിലേക്കുള്ള ചുവടുവയ്പ്പാണ്,” സഫീർ അഹമ്മദ് പറഞ്ഞു.
അംഗോളയിൽ ആരോഗ്യ സംരക്ഷണം മെച്ചപ്പെടുത്തുക, ആധുനിക മെഡിക്കൽ സൗകര്യങ്ങൾ നിർമ്മിക്കുക, വിതരണ ശൃംഖല ശക്തിപ്പെടുത്തുക എന്നീ ലക്ഷ്യങ്ങളോടെ ഡോക്ടൂറും അംഗോളൻ ആരോഗ്യ മന്ത്രാലയവും ധാരാണാപാത്രത്തിൽ ഒപ്പിട്ടു. സഫീർ അഹമ്മദ്, എ ഡി പോർട്സ് റീജിയനൽ സി ഇ ഒ മുഹമ്മദ് ഈദ അൽ മെൻഹാലി എന്നിവരുടെ സാന്നിധ്യത്തിൽ ഒപ്പിട്ട ധാരണയുടെ ഭാഗമായിആരോഗ്യ മേഖലയിൽ അഭിവൃദ്ധിക്കായുള്ള തുടർ നടപടികൾ ഉണ്ടാവും. തിരഞ്ഞെടുക്കപ്പെട്ട ആശുപത്രികളുടെ സംയുക്ത വികസനവും നടത്തിപ്പും ധാരണയിൽ ഉൾപ്പെടുന്നു. കാര്യക്ഷമതയും സുതാര്യതയും വർധിപ്പിക്കുന്നതിനായി ലോജിസ്റ്റിക്സുമായി ബന്ധപ്പെട്ട ആരോഗ്യ സേവനങ്ങളുടെ ഡിജിറ്റലൈസേഷനും പങ്കാളിത്തത്തിന്റെ ഭാഗമായി നടത്തും. അംഗോളയിലും ആഫ്രിക്കയിലുടനീളമുള്ള മറ്റ് വിപണികളിലുള്ള അധിക അവസരങ്ങൾ കണ്ടെത്താനും ശ്രമിക്കും.
ഡോ. ഷംഷീറിന്റെ നേതൃത്വത്തിൽ എഡി പോർട്സും ബുർജീൽ ഹോൾഡിങ്സും സംയുക്തമായാണ് ഡോക്ടൂർ രൂപീകരിച്ചത്. പദ്ധതിയുടെ ആരോഗ്യ വികസന പ്രവർത്തനങ്ങളുടെ പ്രധാന ചുവടുവെപ്പാണ് അംഗോളൻ ആരോഗ്യ മന്ത്രാലയവുമായുള്ള ധാരണ. ലോജിസ്റ്റിക്സ്, മോഡുലാർ ഇൻഫ്രാസ്ട്രക്ചർ, പരിശീലനം, എമർജൻസി റെസ്പോൺസ് എന്നിവ സംയോജിപ്പിക്കുന്ന സമഗ്ര പ്ലാറ്റഫോമായ ഡോക്ടൂർ ആഫ്രിക്കയിലാണ് നിലവിൽ പ്രധാനമായും പ്രവർത്തിക്കുന്നത്. ഭാവിയിൽ ലോകമെമ്പാടും സേവനങ്ങൾ എത്തിക്കുകയാണ് ലക്ഷ്യം.