ഷാർജ: ഈ വർഷം ആദ്യ പകുതിയിൽ ഷാർജയിൽ റിപ്പോർട്ട് ചെയ്യപ്പെട്ട കുറ്റകൃത്യങ്ങളുടെ എണ്ണത്തിൽ 22 ശതമാനം കുറവ് രേഖപ്പെടുത്തിയതായി അധികൃതർ അറിയിച്ചു. കഴിഞ്ഞ വർഷം ഇതേ കാലയളവിലെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോൾ ഇത് പൊലീസിന്റെ മികച്ച പ്രവർത്തനത്തെയാണ് സൂചിപ്പിക്കുന്നത്. എമിറേറ്റിന്റെ സുരക്ഷാ സംവിധാനം ലക്ഷ്യങ്ങൾ നേടുന്നതിൽ വിജയിച്ചു എന്നതിന്റെ നല്ല സൂചകമാണിതെന്നും പൗരന്മാർക്കും താമസക്കാർക്കും സുരക്ഷിതത്വബോധം നൽകാനും ഇത് സഹായിച്ചിട്ടുണ്ടെന്നും പൊലീസ് സ്റ്റേഷനുകളുടെ ഡയറക്ടർ ജനറൽ ബ്രിഗേഡിയർ ഇബ്രാഹിം അൽ അജിൽ പറഞ്ഞു.സുരക്ഷാ ഉദ്യോഗസ്ഥരുടെ 24 മണിക്കൂറും നീളുന്ന പ്രവർത്തനവും വിവിധ പ്രദേശങ്ങളിലെ അഡ്വാൻസ്ഡ് ചെക്ക്‌പോയിന്റുകളും, ഫീൽഡ് പട്രോളിംഗും, കാര്യക്ഷമമായ വിന്യാസ പദ്ധതികളും എന്നിവയാണ് കുറ്റകൃത്യങ്ങൾ കുറയാൻ പ്രധാന കാരണം. പൊതുജനങ്ങളുടെ സഹകരണവും ജാഗ്രതയും വർധിപ്പിക്കുന്നതിനായി ഷാർജ പൊലീസ് ബോധവൽക്കരണ പരിപാടികളും ശക്തമാക്കിയിരുന്നു. കുറ്റകൃത്യങ്ങൾ തടയുന്നതിനുള്ള പ്രതിരോധ പദ്ധതികളും സുരക്ഷാ-സാമൂഹിക പ്രവർത്തനങ്ങളും തമ്മിലുള്ള ഏകോപനവുമാണ് ഈ നേട്ടത്തിന് പിന്നിലെന്ന് ക്രിമിനൽ സെക്യൂരിറ്റി ആൻഡ് പോർട്ട്സ് ഡയറക്ടറേറ്റ് ജനറൽ ബ്രിഗേഡിയർ ഒമർ ബൗഅൽസോദ് പറഞ്ഞു.ഈ വർഷം ആദ്യ പകുതിയിൽ വിവിധ സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളുമായി ചേർന്ന് ഫലപ്രദമായ പങ്കാളിത്തം ഉറപ്പാക്കാൻ പ്രത്യേക ടീമുകൾ പ്രവർത്തിച്ചു. ഇലക്ട്രോണിക് തട്ടിപ്പ് പോലുള്ള പുതിയ തരം കുറ്റകൃത്യങ്ങളെക്കുറിച്ചും സ്വഭാവവുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളെക്കുറിച്ചും പൊതുജനങ്ങളിൽ അവബോധം സൃഷ്ടിക്കുന്നതിനായി ലക്ഷ്യമിട്ടുള്ള പ്രചാരണ പരിപാടികളും ആരംഭിച്ചു.