ദുബായ് :പ്രവാചകൻ മുഹമ്മദ് നബിയുടെ ജന്മദിനത്തോടനുബന്ധിച്ച് ദുബായിലെ സർക്കാർ സ്ഥാപനങ്ങൾക്ക് സെപ്റ്റംബർ 5ന് അവധി പ്രഖ്യാപിച്ചു. ദുബായ് ഗവൺമെന്റ് ഹ്യൂമൻ റിസോഴ്‌സസ് ഡിപ്പാർട്ട്‌മെന്റാണ് ഇതുസംബന്ധിച്ച സർക്കുലർ പുറത്തിറക്കിയത്. വെള്ളിയാഴ്ച(സെപ്റ്റംബർ 5 ഹിജ്‌റ 1447, റബീഉൽ അവ്വൽ 13) ആണ് അവധി. തിങ്കളാഴ്ച(8) ജീവനക്കാർ തിരികെ ജോലിയിൽ പ്രവേശിക്കണം. മതപരവും ദേശീയവുമായ ആഘോഷങ്ങൾക്ക് സർക്കാർ നൽകുന്ന പ്രാധാന്യത്തിന്റെ ഭാഗമായാണ് ഈ അവധിയെന്ന് അധികൃതർ അറിയിച്ചു.കുടുംബത്തോടൊപ്പം ഈ പുണ്യദിനം ആഘോഷിക്കാനും ഐക്യത്തിന്റെയും സഹിഷ്ണുതയുടെയും മൂല്യങ്ങൾ ശക്തിപ്പെടുത്താനും ഇത് സഹായകമാകുമെന്നും വ്യക്തമാക്കി. അതേസമയം, അവശ്യ സേവനങ്ങൾ നൽകുന്ന സ്ഥാപനങ്ങൾക്കും ഷിഫ്റ്റ് അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന വകുപ്പുകൾക്കും അവധി ബാധകമല്ല. പൊതുജനങ്ങൾക്ക് തടസ്സമില്ലാതെ സേവനങ്ങൾ ലഭ്യമാക്കാൻ ഈ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ തൊഴിൽ സമയം അതത് വകുപ്പുകൾക്ക് തീരുമാനിക്കാം.