ദുബായ് :യുഎഇയിൽ കാലാവസ്ഥാ വ്യതിയാനങ്ങൾക്ക് സാധ്യതയെന്ന് നാഷനൽ സെന്റർ ഓഫ് മെറ്റീരിയോളജി (എൻസിഎം). ഇന്ന് ഉച്ചകഴിഞ്ഞും ദുബായിൽ പൊടി നിറഞ്ഞ അന്തരീക്ഷമായിരുന്നു. രാജ്യത്ത് ഇന്ന് രാവിലെ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ താപനില 23.1°സെൽഷ്യസ് ആണ്. പുലർച്ചെ 6.15-ന് ഫുജൈറയിലെ അൽ ഹെബൻ മലനിരകളിലാണ് ഈ താപനില രേഖപ്പെടുത്തിയത്.അൽ ഐനിലെ ചില ഭാഗങ്ങളിൽ കാലാവസ്ഥാ മുന്നറിയിപ്പ് നൽകി. ഇന്ന് രാത്രി എട്ടു വരെ ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ഇത്തരം മേഘങ്ങൾ പെട്ടെന്നുള്ള മഴയ്ക്കും ശക്തമായ കാറ്റിനും പ്രാദേശികമായി കാഴ്ചപരിധി കുറയുന്നതിനും കാരണമാകും. വരും ദിവസങ്ങളിൽ, വെള്ളിയാഴ്ച തെളിഞ്ഞതും ഭാഗികമായി മേഘാവൃതമായതുമായ കാലാവസ്ഥയായിരിക്കും. കിഴക്കും തെക്കും ഭാഗങ്ങളിൽ ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ട്.വെള്ളിയാഴ്ച രാത്രി മുതൽ ശനിയാഴ്ച പുലർച്ചെ വരെ തീരപ്രദേശങ്ങളിലും ഉൾപ്രദേശങ്ങളിലും ഈർപ്പം വർദ്ധിക്കാൻ സാധ്യതയുണ്ട്. ഇത് മൂടൽമഞ്ഞിനും നേരിയ മൂടലിനും കാരണമാകും. തെക്ക്-കിഴക്ക് ദിശയിൽ നിന്ന് വടക്ക്-കിഴക്ക് ദിശയിലേക്ക് കാറ്റ് വീശും. ഇത് മിതമായ വേഗതയിലായിരിക്കും. കാറ്റിന്റെ വേഗത മണിക്കൂറിൽ 40 കിലോമീറ്റർ വരെയാവാം. കനത്ത കാറ്റ് പൊടിപടലങ്ങൾ ഉയർത്താൻ ഇടയാക്കും. അറേബ്യൻ ഗൾഫ്, ഒമാൻ കടൽ ശാന്തമായിരിക്കും. അതിനാൽ, കടൽ യാത്രകൾക്ക് തടസ്സമുണ്ടാകില്ല