അബുദാബി/ദുബായ്:ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിഞ്ഞത് നേട്ടമാക്കി പ്രവാസികൾ. എക്സ്ചേഞ്ചുകൾ ഉൾപ്പെടെ ധനവിനിമയ സ്ഥാപനങ്ങളിൽ നാട്ടിലേക്കു പണം അയയ്ക്കാൻ വൻ തിരക്ക്. യുഎഇയിൽ ഒരു ദിർഹത്തിന് 24.01 രൂപയാണ് ഇന്നലെ ലഭിച്ച മികച്ച നിരക്ക്. 28ന് രാത്രി 23.85 രൂപയായിരുന്നു.ബോട്ടിം 24.01 രൂപയും ഇത്തിസലാത്തിന്റെ ഇ-മണി ആപ് 23.95 രൂപയുമാണ് നൽകിയത്. ഇതേ തുടർന്ന് ചില എക്സ്ചേഞ്ചുകളും ആപ്പ് സേവനം ഏർപ്പെടുത്താൻ നിർബന്ധിതരായി. എക്സ്ചേഞ്ചുകൾ സേവന നിരക്ക് ഈടാക്കുമ്പോൾ മൊബൈൽ ആപ്പുകൾ സൗജന്യമായോ നാമമാത്ര ഫീസ് ഈടാക്കിയോ ആണ് സേവനം. തത്സമയം അക്കൗണ്ടിൽ പണം എത്തും എന്നതും ആപ്പിന്റെ പ്രത്യേകതയാണ്. രാജ്യാന്തര നിരക്ക് 24 രൂപ കടന്നെങ്കിലും യുഎഇയിലെ ചില എക്സ്ചേഞ്ചുകളിൽ ഇന്നലെ ഒരു ദിർഹത്തിന് 23.91 രൂപയാണ് നൽകിയത്.
സേവന നിരക്ക് 23 ദിർഹം (552 രൂപ) അധികം നൽകണം. സേവന നിരക്കു മറികടക്കാൻ ഇടത്തരക്കാരും നിക്ഷേപം പണം സ്വരുക്കൂട്ടി വച്ച് മെച്ചപ്പെട്ട നിരക്കു ലഭിക്കുമ്പോൾ ഒറ്റത്തവണയായി അയയ്ക്കുകയാണ് ചെയ്യുന്നത്. ഇതേസമയം ഇടപാടിലെ സുരക്ഷിതത്വം ഉറപ്പാക്കാൻ എക്സ്ചേഞ്ചുകൾക്ക് സാധിക്കുമെന്ന് അധികൃതർ നേട്ടമായി ചൂണ്ടിക്കാട്ടുന്നു. ഡോളർ ശക്തിയാർജിക്കുന്നതോടെ ഇതിലും മെച്ചപ്പെട്ട നിരക്ക് വരും ദിവസങ്ങളിൽ ലഭിക്കുമെന്ന് കരുതി കാത്തിരിക്കുന്നവരുമുണ്ട്.പ്രവാസികൾക്ക് നാട്ടിലലെ വായ്പ ഒന്നിച്ചു അടച്ച് തീർക്കാൻ പറ്റിയ സമയമാണിതെന്നു സാമ്പത്തിക വിദഗ്ധൻ പി.കെ. സജിത്കുമാർ സൂചിപ്പിച്ചു.

രൂപയുടെ മൂല്യശോഷണത്തിന് ഇനിയും സാധ്യതയുള്ളതിനാൽ കയ്യിലുള്ള പണം 3 ഭാഗമാക്കി ഒരു ഭാഗം ഇപ്പോൾ അയയ്കുന്നതാണ് അഭികാമ്യം. മികച്ച നിരക്ക് ലഭിക്കുമ്പോൾ ശേഷിച്ച ഒരു ഭാഗവും, കൂടുതൽ ഗുണം കിട്ടുന്ന സമയം നോക്കി അടുത്ത ഭാഗവും അയയ്ക്കാം. ഇതേസമയം വായ്പയെടുത്തോ ക്രെഡിറ്റ് കാർഡിൽനിന്ന് പിൻവലിച്ചോ കൊള്ളപ്പലിശയ്ക്ക് പണം വാങ്ങിയോ അയയ്ക്കുന്നത് ഗുണം ചെയ്യില്ലെന്നും അഭിപ്രായപ്പെട്ടു.
ഡോളർ ശക്തിപ്രാപിച്ചതോടെ ഇന്ത്യൻ ഓഹരി വിപണിയിൽനിന്ന് വിദേശ ധനകാര്യ സ്ഥാപനങ്ങൾ നിക്ഷേപം പിൻവലിച്ച് ഡോളറിലേക്കും സ്വർണത്തിലേക്കും മാറ്റിയതാണ് രൂപയ്ക്ക് തിരിച്ചടിയായത്. ഇന്ത്യയിലെ ഇറക്കുമതിക്കാരും ബാങ്കുകാരും മാസാവസാനം ഡോളർ വാങ്ങിക്കൂട്ടുന്നതും രൂപയ്ക്ക് തിരിച്ചടിയാകും. ഇന്ത്യയുടെ വളർച്ചാ നിരക്ക് അര ശതമാനം കുറയുന്നതിനും ഇത് ഇടയാക്കും.
ഇക്കാര്യത്തിൽ റിസർവ് ബാങ്ക് ഇന്ത്യയുടെയും കേന്ദ്ര സർക്കാരിന്റെയും ഇടപെടൽ നിർണായകമാകും. യുഎസ് ഫെഡ് മീറ്റിങ് നടക്കാനിരിക്കുന്ന സെപ്റ്റംബർ 17 വരെ അനിശ്ചിതത്വം തുടരാനാണ് സാധ്യത. അതിനിടെ ക്രൂഡ് ഓയിൽ വില കുറയുന്നത് രൂപയ്ക്ക് ആശ്വാസം പകരും.
വിനിമയ നിരക്ക് (രൂപയിൽ)
∙ യുഎഇ ദിർഹം 24.01
∙ ഖത്തർ റിയാൽ 24.22
∙ സൗദി റിയാൽ 23.50
∙ ഒമാൻ റിയാൽ 229.34
∙ ബഹ്റൈൻ ദിനാർ 233.88
∙ കുവൈത്ത് ദിനാർ 288.52