ദുബായ് :യുഎഇയിൽ നടക്കുന്ന ഏഷ്യാ കപ്പ് 2025-ന്റെ ടിക്കറ്റുകൾ ഇന്നലെ (വെള്ളിയാഴ്ച്ച ) വൈകിട്ട് 5 മുതൽ ലഭ്യമായിത്തുടങ്ങുമെന്ന് എമിറേറ്റ്‌സ് ക്രിക്കറ്റ് ബോർഡ് ഔദ്യോഗികമായി അറിയിച്ചു. ദുബായിലെയും അബുദാബിയിലെയും സ്റ്റേഡിയങ്ങളിൽ നടക്കുന്ന മത്സരങ്ങൾക്കായുള്ള ടിക്കറ്റുകൾ ഓൺലൈനായി വാങ്ങാം.അബുദാബിയിലെ മത്സരങ്ങൾക്ക് 40 ദിർഹം മുതലാണ് ടിക്കറ്റ് നിരക്ക് ആരംഭിക്കുന്നത്. ദുബായിലെ മത്സരങ്ങൾക്കായി 50 ദിർഹം മുതലാണ് ടിക്കറ്റ് നിരക്ക്. ഏറ്റവും കൂടുതൽ ആളുകൾ കാത്തിരിക്കുന്ന ഇന്ത്യ-പാക്കിസ്ഥാൻ മത്സരത്തിനുള്ള ടിക്കറ്റുകൾ ഇപ്പോൾ ഒരു പ്രത്യേക പാക്കേജായാണ് ലഭിക്കുക. മറ്റ് മത്സരങ്ങളും ഉൾപ്പെടുത്തിയിട്ടുള്ള ഏഴ് മത്സരങ്ങൾക്കായുള്ള ഈ ടിക്കറ്റ് പാക്കേജിന് 1,400 ദിർഹമാണ് വില. ഈ പാക്കേജിൽ ഉൾപ്പെടാത്ത മറ്റ് മത്സരങ്ങൾക്കുള്ള ടിക്കറ്റുകൾ ഒറ്റയ്‌ക്കും വാങ്ങാൻ സാധിക്കും.ടിക്കറ്റുകൾ പ്ലാറ്റിനം ലിസ്റ്റ്(Platinum List) എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. വരും ദിവസങ്ങളിൽ ദുബായ് ഇന്റർനാഷനൽ സ്റ്റേഡിയം, സായിദ് ക്രിക്കറ്റ് സ്റ്റേഡിയം എന്നിവിടങ്ങളിലെ ടിക്കറ്റ് ഓഫിസുകളിലും ലഭ്യമാക്കും. ടിക്കറ്റുകൾ വ്യാജമായ ഓൺലൈൻ സൈറ്റുകളിൽ നിന്ന് വാങ്ങി വഞ്ചിക്കപ്പെടാതിരിക്കാൻ ഔദ്യോഗിക വെബ്സൈറ്റുകൾ മാത്രം ആശ്രയിക്കാൻ എമിറേറ്റ്സ് ക്രിക്കറ്റ് ബോർഡ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള മത്സരങ്ങൾ പൊതുവേ നിഷ്പക്ഷ വേദിയിൽ മാത്രമാണ് നടക്കാറുള്ളത്. ഈ വർഷത്തെ ഏഷ്യാ കപ്പ് യുഎഇയിൽ നടക്കുന്നതിനാൽ ക്രിക്കറ്റ് പ്രേമികൾക്ക് അവരുടെ ഇഷ്ട ടീമുകളുടെ മത്സരം നേരിൽ കാണാനുള്ള അവസരമാണിത്.
∙ഏഷ്യാ കപ്പ് 2025-ലെ മത്സരങ്ങൾ
ഗ്രൂപ്പ് ഘട്ട മത്സരങ്ങൾ
സെപ്റ്റംബർ 9: അഫ്ഗാനിസ്ഥാൻ – ഹോങ്കോങ് (അബുദാബി)
10: ഇന്ത്യ – യുഎഇ (ദുബായ്)
11: ബംഗ്ലദേശ് – ഹോങ്കോങ് (അബുദാബി)
12: പാക്കിസ്ഥാൻ – ഒമാൻ (ദുബായ്)
13: ബംഗ്ലാദേശ് – ശ്രീലങ്ക (അബുദാബി)
14: ഇന്ത്യ – പാക്കിസ്ഥാൻ (ദുബായ്)
15: യുഎഇ – ഒമാൻ (അബുദാബി)
15 (പിന്നീട്): ശ്രീലങ്ക – ഹോങ്കോങ് (ദുബായ്)
16: ബംഗ്ലദേശ് – അഫ്ഗാനിസ്ഥാൻ (അബുദാബി)
17: പാക്കിസ്ഥാൻ – യുഎഇ (ദുബായ്)
18: ശ്രീലങ്ക – അഫ്ഗാനിസ്ഥാൻ (അബുദാബി)
19: ഇന്ത്യ – ഒമാൻ (അബുദാബി)
സൂപ്പർ ഫോർ
സെപ്റ്റംബർ 20: ബി1 – ബി2 (ദുബായ്)
21: എ1 – എ2 (ദുബായ്)
23: എ2 – B1 (അബുദാബി)
24: എ1 – ബി2 (ദുബായ്)
25: എ2 – ബി2 (ദുബായ്)
26: എ1 – ബി1 (ദുബായ്)
കലാശക്കൊട്ട് സെപ്റ്റംബർ 28നാണ് ഫൈനൽ മത്സരം (ദുബായ് ഇന്റർനാഷനൽ ക്രിക്കറ്റ് സ്റ്റേഡിയം)