ദുബായ്: ദുബായ് രാജ്യാന്തര വിമാനത്താവളത്തിലെ സുരക്ഷാ സംവിധാനങ്ങൾ കൂടുതൽ ശക്തമാക്കാൻ ദുബായ് പൊലീസ്. സിവിൽ ഏവിയേഷന്റെ സുരക്ഷ ഉറപ്പാക്കുന്നതിനായി വിമാനത്താവളത്തിൽ നടപ്പാക്കിയ പുതിയ സാങ്കേതിക വിദ്യകളും സുരക്ഷാ സംവിധാനങ്ങളും ദുബായ് പൊലീസ് ആക്ടിങ് കമാൻഡർ ഇൻ ചീഫ് മേജർ ജനറൽ ഹർബ് മുഹമ്മദ് അൽ ഷംസി നേരിട്ടെത്തി വിലയിരുത്തി.ലോകോത്തര നിലവാരത്തിലുള്ള സുരക്ഷാ സംവിധാനങ്ങൾ നടപ്പാക്കുന്നതിനുള്ള ദുബായ് പൊലീസിന്റെ പ്രതിബദ്ധതയുടെ ഭാഗമായാണ് ഈ സന്ദർശനം. പോർട്ട്‌സ് അഫയേഴ്സ് ആക്ടിങ് അസിസ്റ്റന്റ് കമാൻഡന്റ് മേജർ ജനറൽ മർവാൻ ജൽഫാർ, ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് എയർപോർട്ട് സെക്യൂരിറ്റി ഡയറക്ടർ ബ്രിഗേഡിയർ ഹമീദ് മുഹമ്മദ് അൽ ഹാഷിമി എന്നിവരുൾപ്പെടെ ഉന്നത ഉദ്യോഗസ്ഥർ അദ്ദേഹത്തെ സ്വീകരിച്ചു. അപകടസാധ്യതകൾ മുൻകൂട്ടി തിരിച്ചറിയുന്നതിനും വിശകലനം ചെയ്യുന്നതിനുമുള്ള ഏവിയേഷൻ സെക്യൂരിറ്റി റിസ്ക് അനാലിസിസ് ആൻഡ് അസസ്‌മെന്റ് സെന്ററിന്റെ പ്രവർത്തനങ്ങൾ വിലയിരുത്തി. സുരക്ഷാ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുന്നതിനും നടപടിക്രമങ്ങൾ വേഗത്തിലാക്കുന്നതിനും ലക്ഷ്യമിട്ടുള്ള സ്മാർട്ട് സംവിധാനങ്ങളും ലഗേജുകൾ ട്രാക്ക് ചെയ്യുന്നതിനും സുരക്ഷ ഉറപ്പാക്കുന്നതിനുമുള്ള നൂതന സംവിധാനങ്ങളും വിമാന ഗതാഗതത്തിലുണ്ടാകുന്ന വർധനവ് കണക്കിലെടുത്ത് അൽ മക്തൂം രാജ്യാന്തര വിമാനത്താവളത്തിന്റെ സുരക്ഷാ വികസനത്തിനായുള്ള ഭാവി പദ്ധതികളും പരിശോധിച്ചു.ഉദ്യോഗസ്ഥരെ അഭിനന്ദിച്ചു. ഏറ്റവും പുതിയ സാങ്കേതിക വിദ്യകളും സ്മാർട്ട് സംവിധാനങ്ങളും സ്വീകരിച്ച്, ദുബായിയെ ലോകത്തിലെ ഏറ്റവും സുരക്ഷിതവും കാര്യക്ഷമവുമായ വിമാനത്താവളങ്ങളിലൊന്നായി നിലനിർത്തുമെന്ന് അദ്ദേഹം പറഞ്ഞു.