ദുബായ് : സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ ഡസൻ കണക്കിന് പാചകവാതക സിലിണ്ടറുകളുമായി ദുബായിൽ സർവീസ് നടത്തിയ മിനിബസ് പൊലീസ് പിടികൂടി. അൽ ഖൂസ് ഇൻഡസ്ട്രിയൽ ഏരിയയിൽ ട്രാഫിക് പട്രോളിങ്ങിനിടെ നടത്തിയ പരിശോധനയിലാണ് വാഹനം കണ്ടെത്തിയത്.യാത്രക്കാരുടെ സീറ്റുകൾ നീക്കം ചെയ്ത് സിലിണ്ടറുകൾ സൂക്ഷിക്കാൻ ഇടം ഒരുക്കിയ നിലയിലായിരുന്നു മിനിബസ്. ഡ്രൈവർമാർക്കും മറ്റ് റോഡ് ഉപയോക്താക്കൾക്കും ഗുരുതരമായ ഭീഷണി ഉയർത്തുന്ന ഈ നടപടിയെന്ന് പൊലീസ് അറിയിച്ചു. ഒരു കൂട്ടിയിടിയോ, വാതക ചോർച്ചയോ, സുരക്ഷിതമല്ലാത്ത സംഭരണമോ വലിയ തീപിടിത്തങ്ങൾക്കും സ്ഫോടനങ്ങൾക്കും കാരണമായേക്കാമെന്ന് ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് ട്രാഫിക് ആക്ടിങ് ഡയറക്ടർ ബ്രിഗേഡിയർ ജുമാ ബിൻ സുവൈദാൻ മുന്നറിയിപ്പ് നൽകി.അപകടകരമായ വസ്തുക്കൾ അനുമതിയില്ലാതെ കൊണ്ടുപോകുന്നത് ക്രിമിനൽ കുറ്റമാണെന്ന് ദുബായ് പൊലീസ് വ്യക്തമാക്കി. വാഹനം പൊലീസ് പിടിച്ചെടുക്കുകയും ഡ്രൈവർക്കെതിരെ നിയമനടപടികൾ ആരംഭിക്കുകയും ചെയ്തു. റോഡ് സുരക്ഷയ്ക്ക് ഭീഷണിയായുള്ള ഇത്തരം നിയമലംഘനങ്ങൾ കണ്ടെത്താൻ ട്രാഫിക് പട്രോളിങ് ശക്തമാക്കുമെന്നും ബിൻ സുവൈദാൻ പറഞ്ഞു.
‘വി ആർ ഓൾ പൊലീസ്’ സേവനത്തിലൂടെ 901 എന്ന നമ്പറിലോ ദുബായ് പൊലീസ് സ്മാർട്ട് ആപ്പ് വഴിയോ സുരക്ഷാ ലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ അറിയിക്കണമെന്ന് അധികൃതർ പൊതുജനങ്ങളോട് അഭ്യർഥിച്ചു. സമൂഹത്തിന്റെ കൂട്ടായ പങ്കാളിത്തം റോഡുകളിൽ സുരക്ഷ ഉറപ്പാക്കുന്നതിൽ നിർണായകമാണ്. കഴിഞ്ഞ വർഷവും സമാനമായ രീതിയിൽ അൽ ഖൂസിൽ നിന്ന് ഗ്യാസ് സിലിണ്ടറുകൾ കടത്തിയ ഒരു യാത്രാ ബസ് പൊലീസ് പിടികൂടിയിരുന്നു. യു.എ.ഇയിൽ പാചകവാതക സിലിണ്ടറുകൾ കൊണ്ടുപോകുന്നതിന് കർശനമായ നിയന്ത്രണങ്ങളുണ്ട്.
ദുബായ് മുനിസിപ്പാലിറ്റിയുടെ മാനദണ്ഡങ്ങൾ അനുസരിച്ച്, വാതകം കൊണ്ടുപോകുന്ന വാഹനങ്ങൾക്ക് അധികൃതരുടെ ലൈസൻസും അംഗീകാരവും നിർബന്ധമാണ്. കൂടാതെ, വാഹനത്തിൽ കമ്പനിയുടെ പേര് വ്യക്തമായി പ്രദർശിപ്പിക്കുകയും സിലിണ്ടറുകൾ ശരിയായ രീതിയിൽ സുരക്ഷിതമായി ഉറപ്പിക്കുകയും ചെയ്യണം. വിവിധതരം വാതകങ്ങൾ ഒരുമിച്ച് കൊണ്ടുപോകാൻ പാടില്ലെന്നും ചട്ടങ്ങളുണ്ട്.