അബുദാബി : പരിഷ്കരിച്ച ടോൾ നിരക്ക് തിങ്കളാഴ്ച്ച മുതൽ പ്രാബല്യത്തിൽ വന്നതോടെ അബുദാബി നിവാസികളുടെ യാത്രയ്ക്ക് ചെലവേറും. വൈകിട്ട് 3 മുതൽ 5 വരെയുണ്ടായിരുന്ന ടോൾ 7 വരെയാക്കി. ഓരോ തവണ ടോൾ കടക്കുന്നതിനും പണം നൽകണം. നേരത്തെ ദിവസത്തിൽ എത്ര തവണ ടോൾ കടന്നാലും പരമാവധി 16 ദിർഹവും മാസത്തിൽ ആദ്യ വണ്ടിക്ക് 200 ദിർഹവും രണ്ടാമത്തെ വണ്ടിക്ക് 150 ദിർഹവും മൂന്നാമത്തെ വണ്ടിക്ക് 100 ദിർഹമും ടോൾ നൽകിയാൽ മതിയെന്ന നിബന്ധനയും എടുത്തു കളഞ്ഞു. റോഡിലെ തിരക്കു കുറയ്ക്കുന്നതിന്റെ ഭാഗമായാണ് പരിഷ്കാരമെന്നാണ് സംയോജിത ഗതാഗത കേന്ദ്രത്തിന്റെ വിശദീകരണം.ഷെയ്ഖ് സായിദ് പാലം, ഷെയ്ഖ് ഖലീഫ ബിൻ സായിദ് പാലം, അൽമക്ത പാലം, മുസഫ പാലം എന്നിവിടങ്ങളിൽ നഗരത്തിലേക്ക് പ്രവേശിക്കാനും തിരിച്ചുപോകാനും മൊത്തം 8 ദർബ് ടോൾഗേറ്റുകളാണ് ഉള്ളത്. ഇതേസമയം ശാരീരിക വെല്ലുവിളി നേരിടുന്നവർ, വരുമാനം കുറഞ്ഞ കുടുംബങ്ങൾ, മുതിർന്ന പൗരന്മാർ, വിരമിച്ച ജീവനക്കാർ എന്നിവർക്ക് ടോളില്ല. സ്വന്തം വാഹനത്തിൽ പോകുന്നവർക്ക് ടോൾ ഒഴിവാക്കി അബുദാബി നഗരത്തിലേക്കു കടക്കാൻ സംവിധാനമില്ല.
വാഹനം പാർക്കു ചെയ്ത് ബസ്സിൽ പോകേണ്ടിവരും. അത്രയും സമയം പാർക്കിങ് നിരക്ക് നൽകുന്നതിനെക്കാൾ ലാഭം ടോൾ കൊടുത്ത് പോകുന്നതാകുമെന്ന് യാത്രക്കാർ പറയുന്നു. നഗരത്തിൽ ജോലി ചെയ്യുന്ന ആയിരക്കണക്കിന് ആളുകൾ താരതമ്യേന വാടക കുറഞ്ഞ ഉൾപ്രദേശങ്ങളിലാണ് താമസിക്കുന്നത്.
സ്വന്തം വാഹനത്തിൽ ജോലിക്ക് പോയി തിരിച്ചുവരുന്നവർക്കും അത്യാവശ്യത്തിന് നഗരത്തിൽ പോകേണ്ടവർക്കും അധിക ചെലവ് നേരിടേണ്ടിവരും. ജീവിത ചെലവ് അനുദിനം വർധിക്കുന്നതിനിടെ അധിക ചെലവ് കുടുംബ ബജറ്റ് താളം തെറ്റിക്കുമെന്ന് പ്രവാസി കുടുംബങ്ങൾ ചൂണ്ടിക്കാട്ടി. ചെലവ് വർധിക്കുന്നതിന് അനുസരിച്ച് ശമ്പളം വർധിക്കാത്തതിനാൽ പിടിച്ചുനിൽക്കാൻ പാടുപെടുകയാണെന്ന് ഇടത്തരം കുടുംബങ്ങൾ പറയുന്നു.