ദുബായ് :സ്വർണവില ദുബായിൽ സർവകാല റെക്കോഡിലെത്തി. 24 കാരറ്റ് സ്വർണത്തിന് ഒരു ഗ്രാമിന് 420 ദിർഹത്തിന് മുകളിലാണ് ഇപ്പോൾ വില. തിങ്കളാഴ്ച വൈകിട്ടോടെ 24കാരറ്റ് സ്വർണത്തിന് 422.25 ദിർഹമായി വില ഉയർന്നതായി ദുബായ് ജ്വല്ലറി ഗ്രൂപ്പ് അറിയിച്ചു.മറ്റു സ്വർണാഭരണങ്ങളുടെ വില: 22കാരറ്റ്: 391.25 ദിർഹം, 21 കാരറ്റ്: 375.0 ദിർഹം, 18കാരറ്റ്: 321.25 ദിർഹം, രാജ്യാന്തര വിപണിയിൽ ചൊവ്വാഴ്ച രാവിലെ സ്പോട്ട് ഗോൾഡിന് 1.39 ശതമാനം വർധിച്ച് ഒരു ഔൺസിന് 3,495.79 ഡോളറായിരുന്നു വില. സ്വർണവിലയിലെ ഈ കുതിച്ചുചാട്ടം വാങ്ങുന്നവരെയും വിൽക്കുന്നവരെയും ഒരുപോലെ ആശങ്കയിലാക്കിയിരിക്കുകയാണ്. എപ്പോൾ വിൽക്കണം, വാങ്ങണം, അല്ലെങ്കിൽ നിക്ഷേപം നിലനിർത്തണോ എന്ന കാര്യത്തിൽ പലർക്കും ആശയക്കുഴപ്പമുണ്ട്. സാമ്പത്തികവുമായ കാരണങ്ങളാൽ യുഎഇയിലുള്ള പ്രവാസികൾ, പ്രത്യേകിച്ച് ഏഷ്യക്കാർ സ്വർണം നിക്ഷേപമായി കാണുന്നവരാണ്. സാമ്പത്തികമായി, സ്വർണം സുരക്ഷിത നിക്ഷേപമായി കണക്കാക്കപ്പെടുന്നു. തലമുറകളായി സമ്പത്ത് കൈമാറാനുള്ള ഒരു മാർഗമായും യുഎഇയിലെ പലരും സ്വർണത്തെ കാണുന്നു. കൂടാതെ, ആഭരണങ്ങൾ ഒരു അലങ്കാര വസ്തു എന്നതിനപ്പുറം ആവശ്യമുള്ളപ്പോൾ എളുപ്പത്തിൽ പണമാക്കി മാറ്റാവുന്ന ഒരു സമ്പത്തായി പരിഗണിക്കപ്പെടുന്നു.

കഴിഞ്ഞ കുറച്ചുവർഷങ്ങളായി സ്വർണവിലയിലുണ്ടായ വർധനവിന് പ്രധാന കാരണങ്ങൾ, സെൻട്രൽ ബാങ്കുകൾ സ്വർണം വാങ്ങിക്കൂട്ടുന്നത്, പലിശ നിരക്കുകളിലുണ്ടായ കുറവ്, ലോകത്തെങ്ങുമുള്ള രാഷ്ട്രീയ സംഘർഷങ്ങൾ എന്നിവയാണ്. ഈ കാരണങ്ങൾ നിലനിൽക്കുന്നിടത്തോളം കാലം ദുബായിലും ലോകത്തും സ്വർണവില ഇനിയും ഉയരുമെന്ന് സാമ്പത്തിക വിദഗ്ധർ അഭിപ്രായപ്പെടുന്നു.