ദുബായ്: യുവ പ്രതിഭകളെ പ്രോത്സാഹിപ്പിക്കുന്നതിനും നൂതനമായ ആശയങ്ങൾക്ക് രൂപം നൽകുന്നതിനും ലക്ഷ്യമിട്ട് ജിഡിആർഎഫ്എ ദുബായ് എട്ടാമത് ക്രിയേറ്റീവ് സ്പോൺസർഷിപ് പ്രോഗ്രാമിന് തുടക്കം കുറിച്ചു. യുഎഇയുടെ 2071 വിഷൻ പ്രകാരം, അറിവ് അടിസ്ഥാനമാക്കിയുള്ള സമ്പദ്‌വ്യവസ്ഥയും ഡിജിറ്റൽ പരിവർത്തനവും പ്രോത്സാഹിപ്പിക്കുന്നതിനുള്ള ചുവടുവെപ്പുകളിൽ ഒന്നാണ് സംരംഭം.റോച്ചെസ്റ്റർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി – ദുബായിൽ നടന്ന ചടങ്ങിൽ, ജിഡിആർഎഫ്എ ഡയറക്ടർ ജനറൽ ലെഫ്റ്റനന്റ് ജനറൽ മുഹമ്മദ് അഹമ്മദ് അൽ മറി പരിപാടി ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി ഡയറക്ടർ ജനറൽ മേജർ ജനറൽ ഒബൈദ് മുഹൈർ ബിൻ സുറൂർ, മറ്റു അസിസ്റ്റന്റ് ഡയറക്ടർ ജനറൽമാർ, കൂടാതെ ഡോ. മുഹമ്മദ് അൽ സറൂനി (ദുബായ് എയർപോർട്ട് ഫ്രീ സോൺ അതോറിറ്റി ഡയറക്ടർ ജനറൽ), ഡോ. അബ്ദുൽറഹ്മാൻ ഹസൻ അൽ മുഐനി (സാമ്പത്തിക-ടൂറിസം മന്ത്രാലയം അസിസ്റ്റന്റ് അണ്ടർസെക്രട്ടറി), സയീദ് അൽ തായർ (ദുബായ് കമ്മ്യൂണിറ്റി ഡെവലപ്മെന്റ് അതോറിറ്റി സിഇഒ) തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.

“ഇതൊരു സാധാരണ പരിശീലന പരിപാടിയല്ല, മറിച്ച് യുഎഇയുടെ യഥാർത്ഥ സമ്പത്തായ മനുഷ്യരിൽ നടത്തുന്ന നിക്ഷേപമാണ്,” ലെഫ്റ്റനന്റ് ജനറൽ മുഹമ്മദ് അഹമ്മദ് അൽ മറി പറഞ്ഞു. “ഭാവിക്ക് തയ്യാറായ ഒരു സമൂഹം കെട്ടിപ്പടുക്കുന്നതിനും ദുബായിയെ നവീന ആശയങ്ങളുടെ ആഗോള തലസ്ഥാനമായി ഉയർത്തുന്നതിനും സർഗ്ഗാത്മകത അനിവാര്യമാണ്.” അദ്ദേഹം കൂട്ടിച്ചേർത്തു.വിവിധ രാജ്യങ്ങളിൽ നിന്ന് അടക്കമുള്ള 39 പേർ പങ്കെടുത്ത ഈ വർഷത്തെ പരിപാടി, ഇന്നൊവേഷൻ ആക്സിലറേറ്റർ ലാബിന്റെ കീഴിലാണ് നടക്കുന്നത്. ഇവിടെ കൃത്രിമബുദ്ധി, ഡിജിറ്റൽ പരിവർത്തനം, ഭാവി-സന്നദ്ധത തുടങ്ങിയ വിഷയങ്ങളെ അടിസ്ഥാനമാക്കിയുള്ള നൂതന പ്രോജക്ടുകൾ അവതരിപ്പിക്കപ്പെട്ടു. ഗ്ലോബൽ ഇന്നൊവേഷൻ ഇൻസ്റ്റിറ്റ്യൂട്ടിന്റെ (GINI) അംഗീകാരത്തോടെ രൂപകൽപ്പന ചെയ്ത ഈ പ്രോഗ്രാം, ദുബായിയെ ആഗോള പ്രതിഭകളുടെയും നൂതന ചിന്തകളുടെയും കേന്ദ്രമാക്കി മാറ്റാൻ ലക്ഷ്യമിടുന്നു.പ്രതിഭകളെ പ്രോത്സാഹിപ്പിക്കുന്നതിനും, നവീനതയെ ഒരു സ്ഥാപനപരമായ മൂല്യമായി വളർത്തുന്നതിനും ജിഡിആർഎഫ്എ ദുബായ് പ്രതിജ്ഞാബദ്ധമാണെനും ഈ പരിപാടി സുസ്ഥിരമായ വികസനത്തിന് മനുഷ്യ വിഭവ ശേഷിക്ക് നൽകുന്ന പ്രാധാന്യത്തെ എടുത്തുകാണിക്കുന്നുവെന്ന് ജി ഡി ആർ എഫ് എ വിശദീകരിച്ചു