അബുദാബി : യുഎഇയിലെ പുതിയ ഇന്ത്യൻ സ്ഥാനപതിയായി ഡോ. ദീപക് മിത്തലിനെ വിദേശകാര്യ മന്ത്രാലയം നിയമിച്ചു. നിലവിലെ സ്ഥാനപതിയായ സഞ്ജയ് സുധീറിന് പകരക്കാരനായാണ് അദ്ദേഹത്തിന്റെ നിയമനം. നിലവിൽ പ്രധാനമന്ത്രിയുടെ അഡീഷനൽ സെക്രട്ടറിയായി സേവനമനുഷ്ഠിച്ചുവരികയാണ്.1998 ബാച്ച് ഇന്ത്യൻ ഫോറിൻ സർവീസ് (ഐഎഫ്എസ്) ഉദ്യോഗസ്ഥനാണ് ഡോ. ദീപക് മിത്തൽ. 2020 മുതൽ 2023 വരെ ഖത്തറിലെ ഇന്ത്യൻ സ്ഥാനപതിയായി പ്രവർത്തിച്ചിട്ടുണ്ട്. വ്യാപാരം, നിക്ഷേപം, ഊർജ്ജം, സാങ്കേതികവിദ്യ തുടങ്ങിയ മേഖലകളിൽ ഇന്ത്യയും യുഎഇയും തമ്മിലുള്ള സഹകരണം വർധിച്ചുവരുന്ന പശ്ചാത്തലത്തിൽ ഈ നിയമനം ഏറെ പ്രാധാന്യമർഹിക്കുന്നതായി വിലയിരുത്തപ്പെടുന്നു. ഡോ. ദീപക് മിത്തൽ ഉടൻ തന്നെ ചുമതലയേൽക്കുമെന്നാണ് സൂചന.