ഷാർജ ∙:സ്കൂൾ ബസുകൾക്ക് അപകടമോ, വഴിയിൽ വച്ച് തകരാറോ സംഭവിച്ചാൽ ഇനി വിദ്യാർഥികൾക്ക് സുരക്ഷയൊരുക്കാൻ ഷാർജ പൊലീസ് നേരിട്ടെത്തും. അടിയന്തര സാഹചര്യങ്ങളിൽ സഹായം തേടുന്നതിനായി ഡ്രൈവർമാർക്കും സൂപ്പർവൈസർമാർക്കും സഹായകമാകുന്ന ‘മാഅമാൻ’ എന്ന പുതിയ സേവനം ഷാർജ പൊലീസ് ആരംഭിച്ചു. ഷാർജ പ്രൈവറ്റ് എജ്യുക്കേഷൻ അതോറിറ്റിയുമായി സഹകരിച്ചാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്.അപകടം, വൈദ്യസഹായം ആവശ്യമുള്ള അടിയന്തര സാഹചര്യങ്ങൾ, അല്ലെങ്കിൽ ബസ് വഴിയിൽ കേടായി നിൽക്കുന്ന അവസ്ഥ എന്നിവ ഉണ്ടായാൽ, ഡ്രൈവർക്ക് ബസിനുള്ളിൽ സ്ഥാപിച്ചിട്ടുള്ള ചുവപ്പ് ബട്ടൺ അമർത്താം. ഈ ബട്ടൺ അമർത്തുന്നതോടെ പൊലീസിന്റെ കൺട്രോൾ റൂമിലേക്ക് അടിയന്തര സന്ദേശം എത്തും.
ഈ സംവിധാനത്തിന്റെ ഏറ്റവും വലിയ പ്രത്യേകത, ഇത് വെറും ഒരു അലാറം മാത്രമല്ല എന്നതാണ്. ബട്ടൺ അമർത്തുമ്പോൾത്തന്നെ, ബസിന്റെ കൃത്യമായ സ്ഥാനം ഉൾപ്പെടെയുള്ള എല്ലാ വിവരങ്ങളും പൊലീസിന് ലഭിക്കും. വിവരങ്ങൾ ലഭിച്ചാലുടൻ പൊലീസ് കൺട്രോൾ റൂമിൽ നിന്ന് ബസ് സൂപ്പർവൈസറുമായി ബന്ധപ്പെട്ട് കാര്യങ്ങൾ വിലയിരുത്തുകയും, ഒപ്പം പൊലീസ് പട്രോൾ സംഘത്തെ സംഭവസ്ഥലത്തേക്ക് അയക്കുകയും ചെയ്യും.
ഓരോ നിമിഷവും നിർണായകമായ അടിയന്തര ഘട്ടങ്ങളിൽ അതിവേഗത്തിൽ സഹായം എത്തിക്കാൻ ഈ സംവിധാനം സഹായിക്കും. വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി ഷാർജയിൽ നടപ്പാക്കിയ ഈ നൂതന പദ്ധതിക്ക് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്.