ഷാർജ:പ്രവാസി ഇന്ത്യൻ യാത്രക്കാരുടെ കസ്റ്റംസ് നിയമങ്ങളിൽ സ്വർണാഭരണങ്ങളുടെ മൂല്യപരിധി കാലോചിതമായി പുതുക്കണമെന്ന ആവശ്യം ശക്തമാകുന്നു. കേന്ദ്ര ധന്മന്ത്രിക്ക് ഷാർജ ഇന്ത്യൻ അസോസിയേഷൻ കത്തയച്ചു.
നിലവിലെ നിയമപ്രകാരം സ്ത്രീകൾക്ക് 40 ഗ്രാം വരെ (₹1,00,000 വരെ)യും പുരുഷന്മാർക്ക് 20 ഗ്രാം വരെ (₹50,000 വരെ)യും സ്വർണാഭരണങ്ങൾ മാത്രമേ കസ്റ്റംസ് ഡ്യൂട്ടി ഇല്ലാതെ കൊണ്ടുപോകാൻ കഴിയൂ. 2016-ൽ സ്വർണത്തിന്റെ വില കുറവായിരുന്ന സാഹചര്യത്തിലാണ് ഈ പരിധി നിശ്ചയിച്ചത്. എന്നാൽ ഇപ്പോഴത്തെ സ്വർണവിലയെ അപേക്ഷിച്ച് ഈ മൂല്യപരിധി വളരെ താഴ്ന്ന നിലയിലാണ്, ഇത് പ്രവാസികൾക്ക് ആശയക്കുഴപ്പവും ബുദ്ധിമുട്ടുകളും സൃഷ്ടിക്കുണ്ട് .

2016-ൽ 22 കാരറ്റ് സ്വർണത്തിന്റെ വില ഏകദേശം ഗ്രാമിന് ₹2,500 ആയിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് 40 ഗ്രാം–₹1,00,000, 20 ഗ്രാം–₹50,000 എന്ന രീതിയിൽ മൂല്യപരിധി നിശ്ചയിച്ചത്. എന്നാൽ നിലവിൽ ഗ്രാമിന് ഏകദേശം ₹7,180 വരെയായി സ്വർണവില ഉയർന്നിട്ടുണ്ട്. ഇതനുസരിച്ച് 20 ഗ്രാമിന് ഏകദേശം ₹1,43,600, 40 ഗ്രാമിന് ഏകദേശം ₹2,87,200 രൂപയാണ് ഇന്നത്തെ വിപണി വില.
മൂല്യപരിധി കുറഞ്ഞത് കസ്റ്റംസ് പരിശോധനാ കേന്ദ്രങ്ങളിൽ അനാവശ്യ തർക്കങ്ങൾക്ക് വഴിയൊരുക്കുന്നു എന്ന് പ്രവാസികൾ ആരോപിക്കുന്നു. നിയമത്തിന്റെ ലക്ഷ്യം ഭാരപരിധി അടിസ്ഥാനമാക്കിയുള്ള അനുമതിയായിരുന്നെങ്കിലും, മൂല്യപരിധി പഴയ നിരക്കിൽ നിലനിൽക്കുന്നതുകൊണ്ട് സത്യസന്ധരായ യാത്രക്കാരാണ് ബുദ്ധിമുട്ട് അനുഭവിക്കുന്നത്. പ്രവാസികൾ പറയുന്നതുപോലെ, ഇത്തരം വൈരുധ്യങ്ങൾ അഴിമതിക്കും വഴിയൊരുക്കുന്നുവെന്ന ആശങ്കയും ഉയരുന്നു.
ഭാരപരിധി തുടർന്നും നിലനിൽക്കട്ടെ, എന്നാൽ മൂല്യപരിധി ഒഴിവാക്കുകയോ പുതുക്കുകയോ വേണമെന്ന് പ്രവാസി സംഘടനകളും വിദഗ്ധരും ആവശ്യപ്പെടുന്നു. സ്വർണവിലയിലെ ഏറ്റക്കുറച്ചിലുകൾ പരിഗണിച്ച് യഥാർത്ഥ സാഹചര്യങ്ങൾക്ക് അനുയോജ്യമായ നിയമം നടപ്പാക്കുന്നതിലൂടെ കസ്റ്റംസ് ഉദ്യോഗസ്ഥർക്കും യാത്രക്കാർക്കും ഒരുപോലെ ആശ്വാസം ലഭിക്കുമെന്നും പ്രവാസികൾ ചൂണ്ടിക്കാട്ടി