ദുബൈ: നഗരത്തിലെ ഗതാഗത സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനായി റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (RTA) പ്രധാനപ്പെട്ട മറ്റൊരു പദ്ധതിക്ക് തുടക്കം കുറിച്ചു. ഉം അൽ ഷൈഫ് എക്സിറ്റിനടുത്തായി ശൈഖ് സായിദ് റോഡിൽ 700 മീറ്റർ റോഡ് വികസനം പൂർത്തിയാക്കിയതായി അധികൃതർ അറിയിച്ചു. ആറു പാതകളുള്ള റോഡിനെ ഏഴായി വികസിപ്പിച്ചതോടെ വാഹന ഗതാഗത ശേഷി 16 ശതമാനം വർധിച്ച് മണിക്കൂറിൽ 14,000 വാഹനങ്ങൾ വരെ കൈകാര്യം ചെയ്യാനാകും.
ദുബൈയിലെ ഏറ്റവും തിരക്കേറിയ ഹൈവേകളിലൊന്നായ ശൈഖ് സായിദ് റോഡ് നഗരത്തിന്റെ സാമ്പത്തിക-വാണിജ്യ പ്രവർത്തനങ്ങളുടെ പ്രധാന ധമനിയാണ്. പ്രശസ്തമായ താമസ മേഖലകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ദുബൈ മാൾ, ബുർജ് ഖലീഫ, ദുബൈ ഇന്റർനാഷണൽ ഫിനാൻഷ്യൽ സെന്റർ തുടങ്ങിയ സാമ്പത്തിക കേന്ദ്രങ്ങൾ എന്നിവയ്ക്ക് സമീപമാണിത്. ഗ്ലോബൽ കമ്പനികൾ, ബാങ്കുകൾ, ഹോട്ടലുകൾ, വിനോദകേന്ദ്രങ്ങൾ തുടങ്ങി നിരവധി സ്ഥാപനങ്ങൾക്ക് ഈ പാത മുഖ്യ സൗകര്യമായി മാറിയിട്ടുണ്ട്.

അബുദാബിയിൽ നിന്ന് വരുന്ന വാഹനങ്ങൾക്ക് ഉം അൽ ഷൈഫ് ജംഗ്ഷനിൽ നേരിടുന്ന തിരക്ക് കുറയ്ക്കാനാണ് പദ്ധതിയുടെ പ്രധാന ഉദ്ദേശ്യം. സായാഹ്ന തിരക്ക് സമയങ്ങളിൽ ഇവിടെ പതിവായി ഉണ്ടാകുന്ന ഗതാഗത കുരുക്ക് ഒഴിവാക്കുന്നതിനായി ഓവർലാപ്പ് പോയിന്റുകൾ നീക്കംചെയ്തു. പുതിയ പാതയിലൂടെ ഗതാഗതസൗകര്യം മെച്ചപ്പെടുകയും വാഹനങ്ങളുടെ സുരക്ഷ വർധിക്കുകയും ചെയ്യും എന്ന് അധികൃതർ അറിയിച്ചു.