ദുബായ്:ഒമാൻ നടപ്പാക്കിയ ‘ഗോൾഡൻ റെസിഡൻസി’ പദ്ധതിയുടെ ആദ്യഘട്ടത്തിൽ തന്നെ ഗോൾഡൻ വിസ ലഭിച്ചവരിൽ യു.എ.ഇ.യിലെ മലയാളി സംരംഭകനും ഇടം നേടി. പഴം–പച്ചക്കറി മൊത്ത വ്യാപാര രംഗത്തെ പ്രമുഖ ഗ്രൂപ്പായ എ.എ.കെ. ഇന്റർനാഷണൽ ഗ്രൂപ്പിന്റെ സി.ഇ.ഒ.യും മലപ്പുറം തിരൂർ അല്ലൂർ സ്വദേശിയുമായ മുഹമ്മദ് അലി തയ്യലിനാണ് പത്ത് വർഷത്തെ ഗോൾഡൻ വിസ ലഭിച്ചത്. ഒമാൻ ഇൻവെസ്റ്റ്മെന്റ് കോർപ്പറേഷൻ ഓഫീസർ സലേം അൽ സവായിയിൽ നിന്ന് അദ്ദേഹം വിസ കാർഡ് ഏറ്റുവാങ്ങി.
കഴിഞ്ഞ മാസം ഒമാൻ വിഷൻ 2040-ന്റെ ഭാഗമായി നിക്ഷേപകരെയും വിദഗ്ധരായ പ്രൊഫഷണലുകളെയും ലക്ഷ്യമിട്ട് ഗോൾഡൻ വിസ പദ്ധതി ആരംഭിച്ചിരുന്നു. ദീർഘകാല നിക്ഷേപം, തൊഴിൽ സൃഷ്ടിക്കൽ, സ്വകാര്യ മേഖലയിലെ വളർച്ച, അറിവിന്റെ കൈമാറ്റം എന്നിവ പ്രോത്സാഹിപ്പിക്കുകയെന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ഇൻവെസ്റ്റർ വിഭാഗത്തിലാണ് മുഹമ്മദ് അലിക്ക് വിസ അനുവദിച്ചിരിക്കുന്നത്.
യു.എ.ഇയിലെ അൽ അവീർ ആസ്ഥാനമായി പ്രവർത്തിക്കുന്ന എ.എ.കെ. ഇന്റർനാഷണൽ ഗ്രൂപ്പ് ഒമാനിലും വലിയ വ്യാപാര ശൃംഖല കെട്ടിപ്പടുത്തിട്ടുണ്ട്. ഒമാൻ സിലാൽ മാർക്കറ്റ് അടക്കമുള്ള മേഖലകളിൽ വലിയ നിക്ഷേപങ്ങളുമായി അവർ പ്രവർത്തിക്കുന്നു. 2021-ൽ യു.എ.ഇ. ഗോൾഡൻ വിസയും മുഹമ്മദ് അലിക്ക് ലഭിച്ചിരുന്നു എന്നത് ശ്രദ്ധേയമാണ്.ഒമാൻ ഭരണാധികാരികൾക്കും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കും നന്ദി അറിയിച്ച മുഹമ്മദ് അലി, പുതിയ വിസ തന്റെ ബിസിനസ് പ്രവർത്തനങ്ങൾക്കും രാജ്യാന്തര സഹകരണത്തിനും വലിയ പിന്തുണ നൽകുമെന്ന് അഭിപ്രായപ്പെട്ടു