ഹൂസ്റ്റൺ:അമേരിക്കയിലെ ഡല്ലാസിൽ ഒരു ഇന്ത്യൻ വംശജൻ സഹപ്രവർത്തകന്റെ ക്രൂരാക്രമണത്തിൽ ജീവൻ നഷ്ടപ്പെടുത്തി. കര്‍ണാടക സ്വദേശിയായ 50കാരൻ ചന്ദ്രമൗലി നാഗമല്ലയ്യയെ (50) സഹപ്രവര്‍ത്തകന്‍ കോബോസ് മാർട്ടിനെസ് (37) വെട്ടിക്കൊന്നു. ഭാര്യയുടെയും പതിനെട്ടുകാരനായ മകന്റെയും മുന്നിൽ നടന്ന ഈ കൊലപാതകം പ്രാദേശിക സമൂഹത്തെ നടുക്കിയിരിക്കുകയാണ്
ഡല്ലാസിലെ ഡൗൺടൗൺ സൂറ്റ്‌സ് മോട്ടലിൽ സെപ്റ്റംബർ 10-നാണ് സംഭവം നടന്നത്. വാഷിംഗ് മെഷീൻ ഉപയോഗിക്കരുതെന്ന് പറഞ്ഞതിനിടയിൽ ഉണ്ടായ വാക്കുതർക്കം കൊലപാതകത്തിലേക്ക് വഴിമാറുകയായിരുന്നു. മുറി വൃത്തിയാക്കുകയായിരുന്ന കോബോസ് മാർട്ടിനെസിനോടാണ് ചന്ദ്രമൗലി നിർദ്ദേശം പറയുന്നത്, ഇതോടെ ഇരുവരും തമ്മിൽ തർക്കം ഉണ്ടായി. തുടർന്ന് കോബോസ് മുറി വിട്ട് പുറത്തേക്ക് പോയി, ഒരു വെട്ടുകത്തി കൊണ്ടുവന്ന് വീണ്ടും ആക്രമണം ആരംഭിച്ചു.
ചന്ദ്രമൗലി ഭയന്ന് മോട്ടലിന്റെ പാർക്കിംഗ് മേഖലയിൽ ഓടിച്ചെല്ലുകയായിരുന്നുവെങ്കിലും കോബോസ് പിന്നാലെ ചെന്നെത്തി ആക്രമിച്ചു. ഭാര്യയും മകനും നിലവിളി കേട്ട് പാർക്കിംഗ് മേഖലയിൽ എത്തിയെങ്കിലും ആക്രമണം തടയാനായില്ല. ചന്ദ്രമൗലിയെ വെട്ടിക്കൊന്ന ശേഷം പ്രതി രക്തം പുരണ്ട കത്തി കൈയിൽ പിടിച്ച് സ്ഥലത്ത് തന്നെ നിന്നു. തുടർന്ന് പൊലീസ് എത്തി ഇയാളെ കസ്റ്റഡിയിൽ എടുത്തു.കോബോസ് മാർട്ടിനെസിന് ക്രിമിനൽ പശ്ചാത്തലമുള്ളതായി പൊലീസ് പറഞ്ഞു. ഇയാൾ മുൻപ് മോഷണക്കുറ്റം, ആക്രമണം തുടങ്ങി നിരവധി കേസുകളിൽ അറസ്റ്റിലായിട്ടുണ്ടെന്നും പൊലീസ് വെളിപ്പെടുത്തി. കൊലപാതകത്തിന്റെ ക്രൂരത സമൂഹത്തെ നടുക്കിയിരിക്കുകയാണ്.